അബുജ: തെക്കന്‍ നൈജീരിയയില്‍ മറിഞ്ഞ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 200 പേര് മരിച്ചു. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയില്‍നിന്ന് പെട്രോള്‍ ശേഖരിക്കാന്‍ എത്തിയ ഗ്രാമീണരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. റോഡിലേക്ക് ഒലിച്ചിറങ്ങിയ പെട്രോള്‍ ഗ്രാമവാസികള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട 200 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
സതേണ്‍ റിവേഴ്സ് സംസ്ഥാനത്താണ് സംഭവം. ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവേയാണ് എണ്ണ ടാങ്കര്‍ മറിഞ്ഞത്. 200 പേര് മരിച്ചുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ 95 പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പരിക്കേറ്റവരെ നൈജീരിയയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
1998 ല്‍ നൈജീരിയയിലെ എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ആയിരത്തോളം പേര് മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ട പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേരും മരിക്കുകയുണ്ടായി. പെട്രോള്‍ ശേഖരിക്കാന്‍ എത്തിയവരാണ് രണ്ട് അപകടങ്ങളിലും മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: