കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രം. കുരങ്ങന്മാരുടെ സാന്നിധ്യംകൊണ്ട് ഇവിടം ശ്രദ്ധേയമായിരിക്കുന്നു. അതുപോലെ കേരളത്തിലെ പ്രകൃതിദത്തമായ ഏക ശുദ്ധജല തടാകത്തിന്റെ തീരത്താണ് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ഒരുപോലെ എത്തുന്ന സ്ഥാനവുമാണ്. കുന്നിന്മുകളില് ദേവസ്വം കോളേജ്. ജംഗ്ഷനില്‍ പഴക്കംചെന്ന ഗ്രാമചന്ത. നാട്ടിന്പുറത്തുള്ളവര് അദ്ധ്വാനിച്ചുണ്ടാക്കുന്ന കാര്‍ഷികവിളകള്‍ വിറ്റഴിക്കുന്ന വലിയ ചന്തയാണിത്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ അലങ്കാരഗോപുരം. ആലും കാഞ്ഞിരവും തണലേകാന്‍ മത്സരിക്കുന്ന ക്ഷേത്ര പരിസരം. മരച്ചില്ലകളില്‍ ഊഞ്ഞാലാടുന്ന വാനരന്മാര്. ഇവര്‍ ശ്രീരാമന്റെ കൂടെ ഇവിടെ എത്തിയതാണെന്ന് പഴമ. രാവണയുദ്ധാനന്തരം ശ്രീരാമനും സീതയും പരിവാരസമേതം അയോദ്ധ്യയിലേയ്ക്കു മടങ്ങുമ്പോള്‍ ശാസ്താവിന്റെ അതിഥിയായി ഇവിടെ താമസിച്ചിരുന്നുവെന്നും ഇവിടത്തെ തീര്‍ത്ഥത്തില്‍ പിതൃതര്‍പ്പണം നടത്തിയിരുന്നെന്നും കൂടെ ഉണ്ടായിരുന്ന വാനരന്മാരായ ചിലരെ ശാസ്താവിന് കാവല്‍ക്കാരായി നിയോഗിച്ചുവെന്നുമാണ് ഐതിഹ്യം. കര്‍ക്കിട മാസത്തില്‍ ഇവിടെ പിതൃദര്‍പ്പണം നടന്നുവരുന്നു. ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രം അങ്കനംചെയ്ത നാണയങ്ങള്‍ ക്ഷേത്രക്കടവില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രം പുതുക്കിപ്പണിതത് കായംകുളം രാജാവാണെന്ന് ചരിത്രം.
പന്തളത്തു രാജാക്കന്മാര് ശബരിമല ദര്‍ശനം മുടക്കാറുണ്ടായിരുന്നില്ല. ആ പതിവ് തെറ്റിച്ച ഒരു രാജാവും ഉണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് കൊട്ടാരത്തില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. അപ്പോള്‍ അദ്ദേഹം ശബരിമലയില്‍ പോയി പന്ത്രണ്ടുദിവസം ഭജനമിരുന്നു. പിന്നെ മാസംതോറും പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ആയിടയ്ക്ക് രാജാവിന് സ്വപ്നദര്‍ശനമുണ്ടായി. തേജസ്വിയായ ഒരു യുവാവ് രാജാവിന്റെ അടുത്തുവന്ന് പറഞ്ഞതുപോലെയായിരുന്നു സ്വപ്നം. അങ്ങ് ബുദ്ധിമുട്ടി ഇവിടംവരെ വരണ്ടാ ഞാന്‍ അടുത്തൊരു സ്ഥലത്തു വന്നിരുന്നേക്കാം. കായംകുളം രാജാവ് നടത്തുന്ന ആയുധാഭ്യാസപരീക്ഷയില്‍ പങ്കെടുക്കാന്‍ ഞാന്‍ എത്തും. അപ്പോള്‍ ഞാന്‍ അയയ്ക്കുന്ന അമ്പ് വീഴുന്ന സ്ഥലത്ത് എന്നെ കാണാം. കായംകുളം രാജാവ് ആയുധാഭ്യാസ പ്രകടനം നടത്തുന്നത് കാണാന്‍ പോയി. തുടര്‍ന്ന് ശരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. പരിവാരങ്ങളുമായുള്ള രാജാവിന്റെ യാത്ര കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു യുവാവും അവരോടൊപ്പം കൂടി. യുവാവ് അകലെ ഒരു തുരുത്ത് ചൂണ്ടികാണിച്ചു കൊടുക്കുകയും അവിടെയാണ് ശരം പതിച്ചതെന്നും പറഞ്ഞു. കടവില്‍ കിടക്കുന്ന പൊങ്ങുതടിയില്‍ കയറിയാല്‍ അവിടെ എത്താമെന്നും സൂചിപ്പിച്ചു. യുവാവ് പറഞ്ഞതുപോലെ രാജാവ് പൊങ്ങുതടിയില്‍ കയറിയിരുന്നതും അത് താനെ നീങ്ങി തുരുത്തിലെത്തുകയും ചെയ്തു. രാജാവ് തിരിഞ്ഞുനോക്കിയപ്പോള്‍ യുവാവിനെ കാണാനില്ല. പൊങ്ങുതടി താനെ തിരിച്ചുപോകുന്നതും കണ്ടു. ഈ കാഴ്ച രാജാവിനെ ആശ്ചര്യഭരിതനാക്കി. രാജാവിന് തന്റെ ഇഷ്ടദേവനായ ധര്‍മശാസ്താവിന്റെ മഹത്വം ബോധ്യപ്പെടുകയും താന്‍ കയറിവന്നത് പൊങ്ങുതടിയല്ലെന്നും അതൊരു മുതരലയായിരുന്നുവെന്നും മനസ്സിലാക്കുകയും അങ്ങനെ അദ്ദേഹം ശാസ്താംകോട്ടയില്‍ താമസിച്ച് ക്ഷേത്രം നിര്‍മിച്ചുവെന്നുമാണ് ഐതിഹ്യം.
ക്ഷേത്രത്തിലെത്തുന്ന ഭക്തരെ സ്വീകരിക്കാനെത്തുന്ന വാനരന്മാര് ശല്യക്കാരല്ല. ക്ഷേത്രത്തില്‍നിന്ന് നിവേദ്യച്ചോറു കിട്ടുന്നുണ്ട്. ഇതിലേക്കായി ഒരു ഭക്തന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്ലൊരു തുക നിക്ഷേപിച്ചിരിക്കുന്നു. കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തില്‍ ദേവന് ശാസ്താവ്-സ്വയംഭൂവാണ്. ശ്രീകോവിലിനുചുറ്റും കല്ലില്‍ കൊത്തിവച്ച രൂപങ്ങള്‍. മണ്ഡപത്തില്‍ രാമായണകഥയുടെ ചിത്രീകരണം. സോപാനപടികളിലും തെക്കേ കൈവരിയുടെ താഴെയും മനോഹരശില്‍പ്പങ്ങള്‍.
ദ്വാരപാലകന്മാരും ആനകളും മറ്റുരൂപങ്ങളുമെല്ലാം കല്ലില്‍ തീര്‍ത്ത മനോജ്ഞ ദൃശ്യങ്ങള്‍. ഗണപതി, ശിവന്, നാഗയക്ഷി, നാഗരാജാവ്, യക്ഷി, യോഗീശ്വരന്, രക്ഷസ്സ്, മാടന് എന്നീ ഉപദേവതകളുമുണ്ട്. അട ഇവിടത്തെ വിശേഷവഴിപാടാണ്. ശനിദോഷമകറ്റാന്‍ നീരാജനം വഴിപാടുമുണ്ട്. കുംഭമാസത്തിലെ ഉത്സവം ആറാട്ടായി പത്തുദിവസത്തെ ഉത്സവം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: