ന്യൂദല്‍ഹി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ ചെന്നൈ മാതൃകയില്‍ 5,128 കോടി രൂപ ചെലവുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
മൊത്തം നിര്‍മ്മാണ ചെലവിന്റെ 44 ശതമാനം ജപ്പാന് വായ്പ ലഭ്യമാകും. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് ഇപ്പോള്‍ മെട്രോ റെയില്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ദൈര്‍ഘ്യം 25.253 കിലോമീറ്ററാണ്. 23 സ്റ്റേഷനുകളുണ്ടാകും. ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, എറണാകുളം, ഇളംകുളം, പൂണിത്തുറ വില്ലേജുകളിലൂടെ മെട്രോ റെയില്‍ കടന്നുപോകും.
കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല സര്‍ക്കാര്‍ ഡിഎംആര്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മെട്രോ റെയില്‍ നിര്‍മാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്ട്ടിന്മേലുള്ള ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു ജനുവരിയില്‍ തന്നെ കൈമാറിയിരുന്നു. കോച്ചുകളുടെ എണ്ണം മൂന്നില്‍ നിന്ന് ആറാക്കുന്നതും പാതയുടെ വീതികൂട്ടുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്കു പദ്ധതി ചെലവ് വര്‍ധിക്കുന്നതു സംബന്ധിച്ച രൂപരേഖയാണ് കൊച്ചി മെട്രോ റെയില്‍ എംഡി ടോം ജോസ് നഗരവികസന മന്ത്രാലയത്തിനു കൈമാറിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: