ന്യൂദല്‍ഹി: രാജ്യത്തെ എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ കഴിഞ്ഞ 58 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. 434 പൈലറ്റുമാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള സന്നദ്ധത രേഖാമൂലം നല്‍കും.
സമരം നടത്തിയ പൈലറ്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും പിരിച്ചുവിട്ട നൂറോളം പൈലറ്റുമാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നകാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും എയര്‍ ഇന്ത്യാ മാനേജ്മെന്റ് ഉറപ്പു നല്കിയ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് പൈലറ്റ് ഗില്‍ഡ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
പൈലറ്റുമാരും എയര്‍ ഇന്ത്യ മാനേജ്മെന്റും ഈഗോ മാറ്റിവെച്ച് സമരം അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് തിങ്കളാഴ്ച കോടതി ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്ത 434 പൈലറ്റുമാര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കും. പൈലറ്റുമാരുടെ സമരം കാരണം എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം പത്തു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. 600 കോടി രൂപയാണ് ആകെ നഷ്ടം.
മെയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിംഗ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്കാന് എയര്‍ ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം. എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് പഴയ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെയാണ് പൈലറ്റ് സമരം കൂടുതല്‍ ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: