കാസര്‍കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്തെത്തി. ചന്ദ്രശേഖരന് വധക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് വടകര കോടതിയില്‍ അക്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന വിവരം പന്ന്യന്‍ രവീന്ദ്രന് എവിടെ നിന്നാണ് കിട്ടിയതെന്ന് പിണറായി ചോദിച്ചു.
കാസര്‍കോട് ഒരു രാഷ്ട്രീയ യോഗത്തില്‍ സംസാരിക്കവേയായിരുന്നു പിണറായി പന്ന്യന്‍ രവീന്ദ്രനെ വിമര്‍ശിച്ചത്. കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത് സി.പി.എം രീതിയല്ല. ജനകീയനായ നേതാവിനെ ഹാജരാക്കുന്നതറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. സി.പി.എമ്മിനെതിരെ ആക്രമണം അഴിച്ചുവിടാന്‍ അവിടെ ആര്.എം.പിക്കാരെ ഒരുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു.
സി.പി.എമ്മിനെ ഒന്നു കുത്തണമെന്ന് ഇടയ്ക്കിടയ്ക്ക് തോന്നുന്ന ചിലരുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഇത്തരം അഭിപ്രായങ്ങളെന്നും പിണറായി പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിട്ടു നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടാണ് ശരി. സി.പി.എം നിലപാട് അബദ്ധമായെന്നുമുള്ള തരത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറയുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
സി.പി.ഐ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് സി.പി.എം സ്വീകരിച്ച നിലപാട് തെറ്റും സി.പി.ഐയുടേത് ശരിയുമാണെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: