കൊല്ലം: പട്ടാളക്കാര്‍ നേരിട്ട് ലോഡ് കയറ്റുമെന്നായപ്പോള്‍ തൊഴിലാളികളുടെ സംരക്ഷണത്തിന് ബാധ്യതപ്പെട്ട യൂണിയന്‍ നേതാക്കളുടെ പൊടി പോലുമില്ല. നിഷ്പ്രയാസം തങ്ങളുടെ മിലിട്ടറി ക്യാമ്പിലേക്കുള്ള അരിച്ചാക്കുകള്‍ പട്ടാളവേഗത്തില്‍ ട്രക്കുകളിലേക്ക് സേനാംഗങ്ങള്‍ കയറ്റിയപ്പോള്‍ കൂലിത്തര്‍ക്കം ആവിയായി. തുടര്‍ന്ന് തൊഴിലാളികള്‍ സഹകരിച്ച് ലോഡ് കയറ്റിയപ്പോള്‍ പട്ടാളത്തിന് സമയലാഭം. അവസാന നീക്കങ്ങളല്ലാം സൗഹൃദാന്തരീക്ഷത്തില്‍. അരിയും കയറ്റി ഗോഡൗണ്‍ വിട്ട് പട്ടാളവാഹനങ്ങള്‍ റോഡിലേക്ക് നീങ്ങിയപ്പോള്‍ വേദനയുമായി പിറുപിറുത്തത് നാലുദിവസമായി ഓട്ടം കിട്ടാതെ ഗേറ്റിന്റെ വാതില്‍ക്കല്‍ ഊഴംകാത്തുകിടന്ന ലോറിക്കാര്‍.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫീസ് ഇന്ത്യയുടെ കന്റോണ്‍മെന്റിലുള്ള മെയിന്‍ ഗോഡൗണില്‍ ഇന്നലെ രാവിലെയാണ് സംഭവം. പട്ടാളവാഹനങ്ങള്‍ തുരുതുരാ എഫ്സിഐ കോമ്പൗണ്ടിലേക്ക് കയറിയത് പരിസരവാസികളിലും തൊഴിലാളികളിലും അമ്പരപ്പുണ്ടാക്കി. നാല് ദിവസമായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്കുള്ള 12 ലോഡ് പച്ചരി ഗോഡൗണില്‍ കെട്ടിക്കിടക്കുകയായിരുന്നു. ചുമട്ട് തൊഴിലാളികള്‍ ലോഡ് കയറ്റാന്‍ അധിക കൂലി ചോദിച്ചതിനെ തുടര്‍ന്ന് അരി കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പിലെ മുപ്പതോളം പട്ടാളക്കാര്‍ ഹവില്‍ദാര്‍ കെ.എം.ദിലീപിന്റെ നേതൃത്വത്തില്‍ 12 പട്ടാളട്രക്കുകളിലായി ഗോഡൗണില്‍ എത്തിയത്.
സര്‍ക്കാര്‍ അനുവദിച്ച കൂലി ലോഡ് ഒന്നിന് 550 ആണ്. എന്നാല്‍ 250 രൂപ വീതം നല്‍കാമെന്നായിരുന്നു പട്ടാളക്കാരുടെ നിലപാട്. 600രൂപ നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കൂലിതര്‍ക്കത്തിന് ഒടുവില്‍ മുന്നൂറ് രൂപ കൊടുക്കാമെന്ന് പട്ടാളക്കാര്‍ സമ്മതിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ഇന്ത്യയില്‍ ഏത് എഫ്സിഐ ഗോഡൗണില്‍ നിന്നും ഭക്ഷ്യസാമഗ്രികള്‍ ലോഡ് ചെയ്യുന്നതിനും 250 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്ന നിലപാടില്‍ പട്ടാളക്കാര്‍ ഉറച്ചുനിന്നതോടെ തൊഴിലാളികളുടെ മട്ടുമാറി. ഒടുവില്‍ സ്വന്തം ട്രക്കുകളിലേക്ക് അരിച്ചാക്കുകള്‍ ലോഡ് ചെയ്യാന്‍ പട്ടാളക്കാര്‍ തീരുമാനിച്ചു. ഇതിന് തടസമില്ലെന്ന് തൊഴിലാളികളും സമ്മതിച്ചു. അതനുസരിച്ച് ചാക്കുകള്‍ ട്രക്കിലേക്ക് കയറ്റിത്തുടങ്ങിയപ്പോള്‍ കളി കാര്യമാകുന്നത് മനസിലാക്കിയ തൊഴിലാളികളും കൂടെ കൂടുകയായിരുന്നു.
എഫ്സിഐയിലെ സ്ഥിരം തൊഴിലാളികളായ ഇവര്‍ക്ക് പിന്നീട് അന്വേഷണം നേരിടേണ്ടിവന്നാല്‍ തൊഴിലിനുതന്നെ ഭീഷണിയാകുമെന്ന വസ്തുതയായിരുന്നു ഇതിലേക്ക് നയിച്ചതത്രെ. ഒരുപക്ഷേ തൊഴിലാളികളുടെ തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ലോഡുകള്‍ കയറ്റിയ ശേഷം ട്രക്കുകള്‍ ഒന്നൊന്നായി എഫ്സിഐയില്‍ നിന്നും വിട്ടുപോകുമ്പോള്‍ ലോറിതൊഴിലാളികള്‍ നെടുവീര്‍പ്പിടുകയായിരുന്നു.
ടണിന് 3500 രൂപ വീതം ലഭിക്കേണ്ട കൂലിയാണ് അകാരണമായ തര്‍ക്കത്തിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: