മട്ടാഞ്ചേരി: യുവാക്കളുടെ കൂട്ടായ്മയില്‍ നിന്നുള്ള ആദ്യസമ്പൂര്‍ണ കോംഗ്കണി ഭാഷാഡിജിറ്റല് ഹ്രസ്വചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. ഗോശ്രീ കലാക്ഷേത്രയുടെ ബാനറില്‍ നിര്‍മിച്ച ആത്മമിത്ര കോംഗ്കണി ഭാഷാഹൃസ്വചിത്രം വ്യാഴാഴ്ച വൈകിട്ട് 7ന് ഗോശ്രീപുരം ചെറളായി സേവാസമിതി ഹാളില്‍ പ്രദര്‍ശിപ്പിക്കും. സാമൂഹിക പശ്ചാത്തലത്തില്‍ ശരിയായ സുഹൃത്തിനെ ചുണ്ടിക്കാണിച്ചുകൊണ്ടുള്ള കഥാവിഷ്ക്കാരമാണ് ആത്മമിത്രയുടെ ഇതിവൃത്തം.
കോംഗ്കണി ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനത്തെ സുപ്രധാന കേന്ദ്രമാണ് കൊച്ചി. ക്ഷേത്രഉത്സവങ്ങളില് കോംഗ്കണിനാടകങ്ങളും, കലാവതരണങ്ങളും നടത്തുന്നതോടൊപ്പം കോംഗ്കണി ഭാഷാ സാഹിത്യ- കലാ പ്രോത്സാഹന പരിപാടികളും ഇവിടെ നടന്നു വരാറുണ്ട്. സ്കൂള്‍ തലത്തില്‍ നാടകാവതരണം നടത്തിയ ശൈലേഷ് ആനന്ദ് പൈ സംവിധായകനും, ഫോട്ടോഗ്രാഫറായ നവനീത് എസ്.പൈ ക്യാമറാമാനുമായി ഗോശ്രീപുരം പ്രദേശത്ത് ചിത്രീകരണവും തുടങ്ങി. രണ്ടുദിവത്തെ ചിത്രീകറണത്തിന് ശേഷം ഗ്രാഫിക്ക് ഡിസൈനറായ വിവേക് രാധാകൃഷ്ണ കമ്മത്ത് എഡിറ്റിങ്ങും, ഗ്രാഫിക്സും, സൗണ്ട് ഡിസൈനിങ്ങും ഒത്തുചേര്‍ന്ന് ആത്മമിത്ര ഹൃസ്വചിത്രം പ്രദര്‍ശനസജ്ജമാക്കുകയും ചെയ്തു. പത്ത് ദിവസം നീണ്ടുനിന്ന 20 ഓളം യുവാക്കളുടെ കൂട്ടായ്മയും , പരിശ്രമവുമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ആത്മമിത്രയുടെ നിര്‍മാണ ചിലവ് പൂജ്യ ആണെന്ന് യുവാക്കള്‍ പറയുന്നു.
യഥാര്‍ത്ഥ സുഹൃത്തിനെതിരിച്ചറിയുവാനുള്ള സന്ദേശം പകരുന്ന ആത്മമിത്ര കോംഗ്കണി ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശന ദൈര്‍ഘ്യം 23 മിനിറ്റാണ്. ടി.വി.അവതാരകയായ ചിത്ര ബി പൈ നായികയും, വിജിത്ത് കമ്മത്ത് നായകനുമായുള്ള ഹൃസ്വചിത്രത്തില്‍ 13 പേരാണ് അഭിനേതാക്കള്‍. സമുഹത്തിന് നല്ലൊരു സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം യുവാക്കളുടെ ശേഷിയെ ശരിയായി വിനിയോഗിക്കുക കൂടിയാണ് ആത്മമിത്ര ഹൃസ്വചിത്രത്തിന്റെ നേട്ടങ്ങളിലൊന്നെന്ന് സംവിധായകനും, കലാക്ഷേത്ര സെക്രട്ടറിയുമായ ശൈലേഷ് പൈ പറഞ്ഞു. കോംഗ്കണി ഭാഷാ നാടകാവതരണത്തിന് വേദികള്‍ കുറയുമ്പോള്‍ ആശയങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവും ഹൃസ്വചിത്രനിര്മാണത്തിന് പിന്നിലുണ്ടെന്നും, ഇനിയും ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കലാക്ഷേത്ര ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ആത്മമിത്ര കോംഗ്കണി ഭാഷാ ഹൃസ്വചിത്ര പ്രദര്‍ശനവേളയില്‍ കോംഗ്കണി നാടക- സാഹിത്യ രംഗത്തെ 15 ഓളം പ്രതിഭകളെയും ഗോശ്രീ കലാക്ഷേത്ര ആദരിക്കുന്നുമുണ്ട്.
സംസ്ഥാനത്ത് കോംഗ്കണി സംസാര ഭാഷയായുള്ള സമൂഹം താമസിക്കുന്ന സുപ്രധാന കേന്ദ്രമാണ് മട്ടാഞ്ചേരി- ഫോര്‍ട്ടുകൊച്ചി പ്രദേശം. കഴിഞ്ഞ ഒരു വര്‍ഷത്തിനകം കോംഗ്കണി ഭാഷയിലുള്ള മൂന്ന് ഹൃസ്വചിത്രങ്ങളാണ് ഇവിടെ നിര്‍മ്മിച്ചത്. നന്ദു, ടിഫിന്‍ ബോക്സ്, മൂന്നാമത് ആത്മമിത്രയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: