നഗരത്തിലെ മാലിന്യ സംസ്ക്കരണം സംബന്ധിച്ച് തിരുവനന്തപുരം നഗരസഭാ മേയറുടെ ഒരു പ്രസ്താവനയാണ് ഈ പ്രതികരണത്തിന് കാരണം. നഗരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് താന്‍ നിസ്സഹായയാണെന്ന മേയറുടെ പ്രസ്താവന സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നതിനുള്ള ഒരു തന്ത്രം മാത്രമാണെന്ന് ഈ പ്രശ്നവുമായി ഇടപെട്ടിട്ടുണ്ടായ അനുഭവത്തിന്റെ പിന്‍ബലത്തോടെ പറയാന്‍ കഴിയും.
ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വിളപ്പില്‍ശാല പഞ്ചായത്തിനെതിരെ സുപ്രീംകോടതിവരെ പോയി കേസ്നടത്തുന്നതുകൊണ്ടൊന്നും നഗരത്തിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയില്ലെന്ന് നഗരസഭയ്‌ക്കറിയാത്തതല്ല. വിളപ്പില്‍ശാല നഗരമാലിന്യങ്ങളുടെ ഒരു കുപ്പത്തൊട്ടിയാക്കാമെന്നത് അനാവശ്യമായ ഒരു അതിമോഹം മാത്രമാണ്. മറിച്ച്, പൊതുജന പങ്കാളിത്തത്തോടെ-സാമൂഹിക സംഘടനകളുടേയും സന്നദ്ധ സംഘങ്ങളുടേയും റെസിഡന്റ്സ് അസോസിയേഷനുകളുടേയും മറ്റും സഹകരണത്തോടെ-വികേന്ദ്രീകൃത മാലിന്യസംസ്ക്കരണ പദ്ധതി പ്രകാരം മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനും അതുവഴി, ആയിരത്തോളം പേര്‍ക്ക് തൊഴിലും നഗരസഭയ്‌ക്ക് ഒരു നികുതിയിതര വരുമാന മാര്‍ഗവും കണ്ടെത്തുന്നതിനുമുള്ള, ഏകദേശം നാലുകോടി രൂപ കൊണ്ട് നടപ്പാക്കാവുന്ന ഒരു പദ്ധതി പരിഗണിക്കുന്നതിന് പോലും തയ്യാറാകാത്ത നഗരസഭയുടെ ഈ കുമ്പസാരം നഗരവാസികളെ കബളിപ്പിക്കാനാണ്.
കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ശുചിത്വമിഷനെയും ഇക്കാര്യവുമായി ചില സംഘടനകള്‍ സമീപിച്ചിരുന്നെങ്കിലും സര്‍ക്കാരിനോ, നഗരസഭയ്‌ക്കൊ, സൗജന്യമായി മാലിന്യസംസ്ക്കരണം നടത്തുന്നതില്‍പോലും ഒരു താല്‍പ്പര്യമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പകരം ചില ഞണുക്കുവേലകളൊപ്പിക്കാനാണ് ശ്രമം. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ നഗരസഭാ മാലിന്യം പൂര്‍ണമായും സൗജന്യമായി സംസ്ക്കരിച്ചുകൊണ്ടുപോകാന്‍ തയ്യാറുള്ള സ്ഥാപനങ്ങളെപ്പോലും മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെടുത്താന്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടത്തെ പ്രധാനപ്രശ്നം നഗരസഭയ്‌ക്കോ, സര്‍ക്കാരിനോ ശുചിത്വമിഷനോ മാത്രമല്ല ഇതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള വിദഗ്‌ദ്ധ സമിതിക്കുപോലും മാലിന്യനിര്‍മാര്‍ജനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടില്ലാത്തതാണ്. വിദഗ്‌ദ്ധ സമിതിയാകട്ടെ മാലിന്യനിര്‍മാര്‍ജനമെന്ന പേരില്‍ ബയോഗ്യാസ് പ്ലാന്റുകളുടേയും മറ്റും വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
മാലിന്യ സംസ്ക്കരണത്തെപ്പറ്റിയുള്ള നവീനവും ശാസ്ത്രീയവുമായ വീക്ഷണമില്ലാത്ത സാങ്കേതിക വിദഗ്‌ദ്ധരെക്കൊണ്ട് ഒരിക്കലും പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്നം. ബന്ധപ്പെട്ടവര്‍ക്ക് ഈ തിരിച്ചറിവില്ലാത്തതുമാത്രമല്ല, മറ്റുചില നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ളതുമാണ് നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കപ്പെടാത്തതിന് കാരണം. അതുകൊണ്ടാണ് ഇക്കാര്യവുമായി നഗരവാസികള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. മേയര്‍ക്ക് നഗരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് ആത്മാര്‍ത്ഥമായ താല്‍പ്പര്യമുണ്ടെങ്കില്‍ വേണ്ടത്, ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പദ്ധതി നഗരസഭയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് നടപ്പാക്കാന്‍ വേണ്ട ആര്‍ജവം കാണിക്കുകയാണ്.
ഡോ.ഗോപിനാഥന്‍.ആര്‍
















