കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ നവോദയ അപ്പച്ചന് (81) അന്തരിച്ചു. കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ വൈകിട്ട് 6.40 ഓടെയായിരുന്നു അന്ത്യം. മാളിയംപുരക്കല്‍ ചാക്കോ പുന്നൂസ് എന്നാണ് ശരിയായ പേര്. മലയാള ചലച്ചിത്രസംവിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവര്‍ മക്കളാണ്.
ഇന്ത്യയിലെ ആദ്യത്തെ 3 D ചലച്ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന് നിര്‍മ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984ല്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം സംവിധാനം ചെയ്തതും, ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ പടയോട്ടം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.
ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്. ചെന്നൈയിലാണ് ഈ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976-ല്‍ കേരളത്തില്‍ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ചലച്ചിത്രനിര്‍മ്മാണ സ്റ്റുഡിയോ അപ്പച്ചന് സ്ഥാപിച്ചു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്, ഒന്നു മുതല്‍ പൂജ്യം വരെ, ഛോട്ടാ ചേതന്‍, മണിച്ചിത്രത്താഴ്, അഴകിയ തമിഴ് മകന് എന്നിവയാണ് നവോദയ അപ്പച്ചന് നിര്‍മ്മിച്ച ചിത്രങ്ങള്‍. തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.
2010 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നവോദയ അപ്പച്ചനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: