കൊച്ചി: അനാഥാലയങ്ങളിലും വീടുകളിലുമായി കഴിയുന്ന അനാഥര്‍ക്ക് 525 രൂപവീതം പ്രതിമാസം നല്‍കുന്ന പദ്ധതി സാമൂഹ്യ സുരക്ഷാ മിഷനു കീഴില്‍ തുടങ്ങുമെന്ന് സാമൂഹ്യക്ഷേമമന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. 10-ാം ക്ലാസിനു മുകളില്‍ യോഗ്യതയുളളവര്‍ക്കിത് 1000 രൂപയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സാമൂഹ്യസുരക്ഷാ മിഷനുളള ജില്ലാ പഞ്ചായത്ത് വിഹിതമായ 50 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി.
സാമൂഹ്യക്ഷേമ വകുപ്പ് ജെന്റര്‍ പാര്‍ക്കിന്റെ രണ്ടാം കേന്ദ്രം കാക്കനാടുളള അഗതിമന്ദിരത്തില്‍ അടുത്ത വര്‍ഷം തുടങ്ങും. മൂന്നാമത്തെ പാര്‍ക്ക് തിരുവനന്തപുരം പൂജപ്പുരയിലാകും. ഇവയ്‌ക്കായി 10 കോടി രൂപ വീതം മാറ്റിവയ്‌ക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുളള തകര്‍ന്ന കെട്ടിടങ്ങളെല്ലാം പുനര്‍നിര്‍മിക്കുമെന്നും ഡോ.മുനീര്‍ പറഞ്ഞു.
വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നുംപെടാത്ത എല്ലുപൊടിയുന്ന രോഗം പോലുളള അജ്ഞാത രോഗങ്ങളുളള 18 വയസിനു താഴെയുളള എല്ലാവരെയും സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വയോമിത്രം പദ്ധതി കുറച്ചു കൂടി വിപുലമാക്കും. കുട്ടികളുടെ ശ്രവണശേഷി വീണ്ടെടുക്കുന്നതിനുളള ക്ലോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്‌ക്കായി ആറുകോടി രൂപ മാറ്റി വച്ചിട്ടുണ്ട് ഒരു വര്‍ഷം 200 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തും. അഞ്ചു കുട്ടികളുടെ ശസ്ത്രക്രിയ ഒരു മാസത്തിനകം കോഴിക്കോട്ട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പീഡനത്തിനിരയാകുന്ന വനിതകള്‍ക്കുളള സുരക്ഷിത കേന്ദ്രം ഒരുക്കുന്ന നിര്‍ഭയ പദ്ധതി വിപുലീകരിക്കുന്നതിനൊപ്പം അവര്‍ക്കായി സ്പീഡ് ട്രാക് കോടതികളും തുടങ്ങും. അങ്കണവാടികള്‍ നവീകരിക്കുന്നതിനൊപ്പം സ്വന്തമായി കെട്ടിടമില്ലാത്ത 11000 കേന്ദ്രങ്ങള്‍ക്ക് സ്വന്തം ഭവനമുണ്ടാക്കും. അങ്കണവാടി അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാനും ഇന്നത്തെ യൂണിഫോം നവീകരിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി മുനീര്‍ പറഞ്ഞു.
തളര്‍ന്നു കിടക്കുന്നവരെ പരിപാലിക്കുന്നവര്‍ക്കായി പ്രതിമാസം 400 രൂപ വീതം നല്‍കുന്ന ആശ്വാസ കേരളം പദ്ധതി പാലക്കാട്ട് 5000 പേര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്ത് ഇതിനായി 1.5 കോടി രൂപ ചെലവഴിച്ചു. പദ്ധതി അടുത്തഘട്ടത്തില്‍ എറണാകുളത്ത് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തുകള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് 10 ലക്ഷം രൂപ വരെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നല്‍കി ഏറ്റവും അനുകരണീയമായ മാതൃകയാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 1.6 കോടി രൂപ നല്‍കി പദ്ധതിയില്‍ ഏറ്റവും മുന്നിലെത്തിയതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പളളി 50 ലക്ഷത്തിന്റെ ചെക്ക് മന്ത്രിക്കു കൈമാറി. ബെന്നി ബഹ്നാന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സാജിത സിദ്ദിഖ്, കെ.കെ.സോമന്‍, വിവിധ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി.പി. അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ കെ.കെ.അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: