ബെയ്റൂട്ട്: സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ തേടി യുഎന്‍ പ്രതിനിധി കോഫി അന്നന് റഷ്യയിലെത്തി. സിറിയയില്‍ കഴിഞ്ഞ ദിവസം നടന്ന കലാപത്തില്‍ 24 പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടത്തുന്നത്. സിറിയന്‍ സര്‍ക്കാരിനെതിരെ റഷ്യയെക്കൊണ്ട് നിലപാടെടുപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ജനങ്ങള്‍ക്ക് മേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണമെന്ന് കോഫി അന്നന് ആവശ്യപ്പെട്ടു. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം അന്നന് ചൈനയിലേക്കുപോകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ യുഎന്നില്‍ സിറിയക്കെതിരെ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു.
എന്നാല്‍ ഹോംസില്‍ രക്തച്ചൊരിച്ചില്‍ രൂക്ഷമായിരിക്കുകയാണ്. സൈനികാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. വിമതസേന പൂര്‍ണമായും കീഴടങ്ങുന്നതുവരെ ആക്രമണം തുടരുമെന്നാണ് സിറിയന്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7000 ആണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: