കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ ശക്‌തമായ അടിയൊഴുക്ക് ഉണ്ടായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബ് പറഞ്ഞു. തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകളിലെ വോട്ടു ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ് വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണാനാവില്ല. സര്‍ക്കാര്‍ മിഷണറി പിറവത്തു തെറ്റായി വിനിയോഗിക്കപ്പെട്ടുവെന്ന പരാതി ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ജാതി മത വിഭാഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി നിന്നു. എന്നാല്‍ എല്‍,.ഡി.എഫിന്റെ പരാജയം വിശദമായി പരിശോധിക്കപ്പെടണം.
യാതൊരു പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ സ്വതന്ത്രമായി വോട്ട് ചെയ്‌ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. പരമാവധി എല്‍.ഡി.എഫ് വോട്ടുകള്‍ തനിക്കു ലഭിച്ചിട്ടുണ്ട്. നാലായിരത്തില്‍ അധികം വോട്ടുകളുടെ വര്‍ധനയുണ്ടായി. ആദ്യമായാണു പിറവം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഇത്രയധികം വോട്ടുകള്‍ ലഭിക്കുന്നത്.
സിപിഎം-സിപിഐ തര്‍ക്കം പിറവം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സൗഹാര്‍ദപരമായ മത്സരമാണു പിറവത്തുണ്ടായതെന്നും എം.ജെ. ജേക്കബ് പ്രതികരിച്ചു. ജനാധിപത്യമാകുമ്പോള്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. ജനങ്ങളുടെ പിന്തുണ അനൂപിനൊപ്പമായിരുന്നു. അനൂപിനെ താന്‍ അഭിനന്ദിക്കുന്നതായും എം.ജെ.ജേക്കബ് പറഞ്ഞു.
















