ന്യൂദല്‍ഹി: തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ കൂടംകുളം ആണവ വൈദ്യുത നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ശക്തമായ പ്രതിഷേധത്തിനിടെ ഇന്നലെ പുനരാരംഭിച്ചു. സര്‍ക്കാര്‍ തങ്ങള്ക്കൊപ്പമുള്ളതില് സന്തോഷമുണ്ടെന്നും റഷ്യന്‍ വിദഗ്ധരടക്കം ആയിരത്തോളം ജീവനക്കാര്‍ നിര്‍മാണ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും സൈറ്റ് ഡയറക്ടര്‍ എം. കാശിനാഥ് ബാലാജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രാദേശിക ഭരണാധികാരികള്‍ സുരക്ഷിതത്വം ഉറപ്പ് നല്കുകയാണെങ്കില് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ചൊവ്വാഴ്ച തന്നെ ഉദ്യോഗസ്ഥരെ അയക്കുമെന്ന് റഷ്യന്‍ എംബസിയുടെ സീനിയര്‍ കൗണ്‍സിലര്‍ സെര്‍ജി കര്മലിറ്റോ പറഞ്ഞു.
പദ്ധതിപ്രദേശത്ത് പോകാന്‍ സാധിക്കാതെ എണ്‍പതിലധികം ശാസ്ത്രജ്ഞന്മാര് ഇന്ത്യയില്‍ തങ്ങുകയാണ്. ഇന്ത്യയിലെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട് ഗവണ്മെന്റ് എന്ത് തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് റഷ്യന്‍ ശാസ്ത്രജ്ഞരുടെ മനസ്സില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നാണ് കര്മലിറ്റോ പറഞ്ഞത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടംകുളം ആണവനിലയം സാങ്കേതികമായി ഏറ്റവും സുരക്ഷിതമായിരിക്കും. ഏറ്റവും നൂതനമായ മൂന്നാം തലമുറയിലുള്ള സുരക്ഷാ സംവിധാനമാണ് കൂടംകുളം ആണവനിലയത്തിലൊരുക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസം ഫുക്കുഷിമ ആണവനിലയത്തില്‍ സുനാമിയെത്തുടര്‍ന്ന് അപകടമുണ്ടായിരുന്നു. ഫുക്കുഷിമയിലേതിനെക്കാളും നാലിരട്ടി സുരക്ഷിതത്വ സംവിധാനം കൂടംകുളത്ത് നടപ്പാക്കും.
കൂടംകുളം പദ്ധതിയെ എതിര്‍ക്കുന്നവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടിയത് ഫുക്കുഷിമ ആണവനിലയത്തിലെ അപകടമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മോസ്കൊ സന്ദര്‍ശനത്തിനിടെ ആരാണ് സമരക്കാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് ഫുക്കുഷിമ ആണവനിലയ അപകടത്തിന് ആറ് മാസത്തിനുശേഷം സമരം ആരംഭിച്ചതെന്നും റഷ്യന്‍ അധികൃതര്‍ ചോദിച്ചിരുന്നു.
ഇന്ത്യന്‍ ആണവ പദ്ധതികള്‍ വിഷമതകള്‍ നേരിടുകയാണെന്നും അമേരിക്കന്‍ സഹായമുള്ള ചില സന്നദ്ധ സംഘടനകളാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: