ബാംഗ്ലൂര്‍: വിവാദമായ ആന്‍ട്രിക്സ്-ദേവാസ് കരാറിന്റെ പേരിലുള്ള വിലക്കിനെതിരെ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ നല്‍കിയ പരാതിയുടെ തുടര്‍ നടപടികള്‍ വിശദീകരിക്കാന്‍ പറ്റില്ലെന്ന് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 8 (1) (ബി) പ്രകാരം വിവരങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് വാര്‍ത്താ ഏജന്‍സി നല്‍കിയ അപേക്ഷക്കുള്ള മറുപടിയില്‍ ഐഎസ്‌ആര്‍ഒ അവകാശപ്പെട്ടു. കരാറുമായി ബന്ധപ്പെട്ടും തുടര്‍ നടപടികളെക്കുറിച്ചും ഐഎസ്‌ആര്‍ഒയില്‍ ഇപ്പോഴുള്ളവരും പിരിഞ്ഞുപോയവരുമായ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ ആശയവിനിമയ രേഖകളുടെ പകര്‍പ്പുകളും വാര്‍ത്താ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികള്‍ക്കെതിരെയുള്ള അന്വേഷണം, അറസ്റ്റ്, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികളെ ഹനിക്കാനിടയാക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സെക്ഷന്‍ 8 (1) (ബി) വിലക്കിയിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. എസ്.ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയയും ഒപ്പിട്ട കരാര്‍ വിവാദമായതിനെത്തുടര്‍ന്ന് മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘത്തെ കഴിഞ്ഞവര്‍ഷം മെയ് 31 ന് അന്വേഷണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിയോഗിച്ചിരുന്നു. 2011 ഫെബ്രുവരി 10 ന് പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച ഉന്നതതല റിവ്യൂ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാനും സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. സിന്‍ഹ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജി. മാധവന്‍നായര്‍, എ. ഭാസ്കരനാരായണ, കെ.ആര്‍. ശ്രീധരമൂര്‍ത്തി, കെ.എന്‍. ശങ്കര എന്നീ നാല് ശാസ്ത്രജ്ഞര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്
















