കൊച്ചി: ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്സിയില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ഇറ്റലി നല്കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി വീണ്ടും അതൃപ്തി രേഖപ്പെടുത്തി. ഈമാസം 6 ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ ഒട്ടേറെ പിഴവുകളുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വെള്ളിയാഴ്ചയോടെ പുതുക്കിയ ഹര്‍ജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ന്യൂനതകള്‍ പരിഹരിച്ച് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് നല്കിയ പുതിയ ഹര്‍ജിയും തൃപ്തികരമല്ലെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥന് വ്യക്തമാക്കി.
സംഭവം നടന്ന സ്ഥലം സംബന്ധിച്ച് എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എഫ്ഐആര്‍ പ്രകാരം തീരത്തുനിന്ന് കപ്പല്‍ 33 നോട്ടിക്കല്‍ മെയില്‍ അകലെയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇത് 22.5 നോട്ടിക്കല്‍ മെയിലെന്നും രേഖപ്പെടുത്തിയിരിക്കുന്നതായി അവര്‍ ബോധിപ്പിച്ചു. കപ്പലില്‍ ഉയര്‍ത്തിയിരിക്കുന്ന കൊടി ഏത് രാജ്യത്തിന്റെയാണോ ആ രാജ്യത്തിന്റെ നിയമങ്ങളായിരിക്കും കപ്പലിനും ബാധകമെന്ന നിലപാടും ഇറ്റലി ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഒപ്പുവെച്ചിട്ടുള്ള യുഎന്‍ അന്താരാഷ്ട്ര മാരിടൈം കരാറിന്റെ പകര്‍പ്പും ഹര്‍ജിക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: