കോഴിക്കോട്: കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട് ഹിന്ദുതാത്പര്യസംരക്ഷണത്തിനായി എന്നവകാശപ്പെടുന്ന ‘കോണ്‍ഗ്രസ് സെക്യൂലര്‍ ഹിന്ദുഫോറം’ പ്രവര്‍ത്തനമാരംഭിച്ചു. ദേശീയതലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ ഇതിനകം 9 ജില്ലകളില്‍ ജില്ലാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഈ സംഘടന കെപിസിസിയിലെ ഒരു പ്രമുഖ നേതാവിന്റെ പരോക്ഷ പിന്തുണയിലാണത്രെ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനതലത്തില്‍ ഏഴ് അംഗ ഭാരവാഹികളും ഇരുപത്തിയൊന്നംഗ നിര്‍വ്വാഹകസമിതിയും ആണ് നിലവിലുള്ളത്. ബാക്കി ജില്ലകളിലും ഉടനെതന്നെ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന് ഫോറത്തിന്റെ സംസ്ഥാന നേതാവ് വ്യക്തമാക്കി. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സംഘടനാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കോഴിക്കോട് അളകാപുരി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ 80 പേര്‍ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റായി മുന്‍ എസ്‌ആര്‍പി നേതാവായ കെ.എം.രാധാകൃഷ്ണന്‍ (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന മാലിമാധവനുമാണ് സംസ്ഥാനതല പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും പലകാലത്തായി, പല കാരണങ്ങളിലായി പുറത്തുപോയവരെയുംനിര്‍ജ്ജീവമായവരേയും ഈ ഫോറത്തിനുള്ളില്‍ സജീവമാക്കാനുള്ള പരിശ്രമം വിജയിച്ചതായി ഫോറത്തിന്റെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.
കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഹിന്ദുസമൂഹത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ് ഫോറം പരിശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ മതസംഘടനകളുടെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് പൊതുഹിന്ദുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ശക്തിപ്പെട്ടുതുടങ്ങിയിട്ടുണ്ടത്രെ.
രമേശ് ചെന്നിത്തലയുടെയും ടി.എന്‍ പ്രതാപന്റെയും മന്ത്രിസ്ഥാനകാര്യത്തില്‍ സംഭവിച്ചതിതാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ മുറുമുറുപ്പുയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ദല്‍ഹിയിലെ ഔദ്യോഗിക വസതി ക്രിമിനലുകള്‍ക്കും സാമ്പത്തിക- ദേശവിരുദ്ധ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും താവളമാവുന്നുണ്ടെന്ന് കാണിച്ച ഈ സംഘടനയുടെ ദേശീയ ജന.സെക്രട്ടറി കെ.രവികുമാര്‍ (ആന്ധ്ര) സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ആന്ധ്രയിലെ രാഷ്‌ട്രീയ കാര്യങ്ങളില്‍ എ.കെ.ആന്റണി എടുത്ത തീരുമാനങ്ങളും കോണ്‍ഗ്രസിന്റെ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്നതായിരുന്നുവെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
മന്‍മോഹന്‍സിംഗിനെ മാറ്റി പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കണമെന്നും രാഹുലിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന തരത്തില്‍ ദ്വിഗ്‌വിജയസിംഗ് നടത്തുന്ന പ്രസ്താവനകള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തിയിരുന്നു. ത്രിവര്‍ണ്ണ പതാകയ്‌ക്കുള്ളില്‍ ചര്‍ക്കയുടെ സ്ഥാനത്ത് ഓം എന്ന് ദേവനാഗരിലിപിയില്‍ അടയാളപ്പെടുത്തിയതാണ് ഫോറത്തിന്റെ കൊടി.
കേരളത്തില്‍ ന്യൂനപക്ഷരാഷ്‌ട്രീയ താത്പര്യസംരക്ഷണത്തിന്റെ പേരില്‍ ഭൂരിപക്ഷസമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ന്യൂനപക്ഷ പ്രീണനത്തില്‍ മനംമടുത്ത പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ തന്നെ ഒരടവാണിതെന്ന വിമര്‍ശനവും രാഷ്‌ട്രീയനിരീക്ഷകരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
എം. ബാലകൃഷ്ണന്‍
















