തിരുവനന്തപുരം: മദ്യപിച്ച് പ്ലാറ്റ്ഫോമിലോ ട്രെയിനിലോ കയറുന്നവര്‍ സൂക്ഷിക്കുക, ആറുമാസം അഴിയെണ്ണാം.
മദ്യപിച്ച് റെയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിനുള്ളിലോ കടന്നാല്‍ ആറു മാസം തടവും ആയിരം രൂപ പിഴയും. ട്രെയിനുകള്‍ക്കുള്ളിലെ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യന്‍ റെയില്‍വെ ആക്റ്റിലെ 145 വകുപ്പ് ശക്തമായി നടപ്പാക്കാന്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് തീരുമാനിച്ചു.
ട്രെയിനിനുള്ളിലെ മദ്യപാനവും തടയും. എല്ലാ സ്റ്റേഷനുകളിലും ബ്രീത്ത് അനലൈസറുകള്‍ സ്ഥാപിക്കും. പ്രധാന സ്റ്റേഷനുകള്‍, തിരക്കേറിയ സ്റ്റേഷനുകള്‍, പ്ലാറ്റ് ഫോമുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ബ്രീത്ത് അനലൈസറുകള്‍ ലഭ്യമാക്കുക.
മദ്യപിച്ചിട്ടുണ്ടെന്നു സംശയമുള്ളവരെ ആര്‍പിഎഫ് ബ്രീത്ത് അനലൈസ് ടെസ്റ്റിന് വിധേയമാക്കും. ഇതില്‍ 30% ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തിയാല്‍ നിയമനടപടികള്‍ ആരംഭിക്കും. മദ്യപിച്ച ആളെ അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്ത് റെയില്‍ ആശുപത്രികള്‍ ഉള്ള സ്ഥലങ്ങളില്‍ അവിടെയോ ഇവയില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയമാക്കും.മെഡിക്കല്‍ ഓഫീസറും കസ്റ്റഡിയിലുള്ളയാള്‍ മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ റെയ്‌ല് കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിക്കുകയില്ല. യാത്രക്കാരാണെങ്കില്‍ ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മദ്യപിച്ചെന്നു സംശയം തോന്നുന്നവരെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയമാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ യാത്രക്കാര്‍ പരാതി ഉന്നയിച്ചാലും പരിശോധനയ്‌ക്കു വിധേയമാക്കും. മദ്യപിച്ചതായി തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവോ ആയിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഉദ്യോഗസ്ഥര്‍ക്കു ഈ ശിക്ഷ ലഭിക്കുകയാണെങ്കില്‍ അടിയന്തരമായി സസ്പെന്റ് ചെയ്യും. തുടര്‍ന്നു വകുപ്പുതല അന്വേഷണവും പിരിച്ചുവിടലുമുണ്ടാകും.
മദ്യപാനികളെ കണ്ടെത്താന്‍ ആര്‍പിഎഫ് നടപടികള്‍ ശക്തമാക്കി. രണ്ടു ഡിവിഷനുകളായി തിരിച്ചാണു നടപടികള്‍. ഓരോ ഡിവിഷനിലും ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ട്രെയിനിനുള്ളില്‍ ഓരോ ഡിവിഷനിലും എല്ലാ കംപാര്‍ട്ട്മെന്റിലും പരിശോധനകളുണ്ടാകും. അതാതു ഡിവിഷനുകളിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കാണ് ചുമതല.
റെയില്‍ ആക്റ്റില്‍ ഈ വ്യവസ്ഥകളുണ്ടായിരുന്നുവെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. സ്ത്രീകളെ ശല്യപ്പെടുത്തിയതായി ഉയര്‍ന്ന പരാതികളില്‍ പ്രതികളായവരില്‍ 90% പേരും മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച മുതല്‍ റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടപടികള്‍ ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ മാവേലി, കണ്ണൂര്‍,മംഗലാപുരം എക്സ്പ്രസുകളില്‍ നിന്നായി 14 പേരെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വിവിധ ട്രെയിനുകളില്‍ നടത്തിയ പരിശോധനയില്‍ 26 പേര്‍ പിടിക്കപ്പെട്ടു.
















