പാലക്കാട് : നാളെ നടക്കാനിരിക്കുന്ന കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ബഹിഷ്ക്കരിക്കും. മാന്യമായി ക്ഷണിക്കാത്തതിനാല്‍ കോച്ച് ഫാക്ടറിയുടെ തറക്കില്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയോ, കേന്ദ്രത്തിലെ മന്ത്രിമാരോ തന്നെ ക്ഷണിക്കാതെ റെയില്‍വേയിലെ ഏതോ ഒരു ഉദ്യോഗസ്ഥനെ കൊണ്ട് തന്നെ ക്ഷണിക്കുകയാണ് ചെയ്‌തതെന്നും വി.എസ് പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആണ് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കാമെന്ന് ഉറപ്പു നല്‍കിയത്. 5000 കോടി രൂപയുടെ പദ്ധതിയാണ് അന്ന് പ്രഖ്യാപിച്ചത്. പിന്നീട് വന്ന മറ്റൊരു മുന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയും മന്ത്രിമാരും പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചില്ല.
കേരളത്തിലെ ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരും കേന്ദ്രത്തിലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരും ചേര്‍ന്ന് 5000 കോടിയുടെ പദ്ധതി വെറും 500 കോടി രൂപയുടേതാക്കി തുലയ്‌ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പദ്ധതി പൊതുമേഖലയില്‍ വേണമെന്നാണ് അന്ന് താന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോച്ച് ഫാക്‌ടറി സ്വകാര്യ മേഖലയിലാണ്. 26 ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ ഓഹരി. ബാക്കി വരുന്ന 74 ശതമാനവും സ്വകാര്യ കമ്പനിയുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയാണ് കോച്ച് ഫാക്ടറിക്ക് തറക്കല്ലിടുന്നത്. വി.എസിന്റെ മണ്ഡലമായ മലമ്പുഴയിലാണ് കോച്ച് ഫാക്‌ടറി സ്ഥാപിക്കുന്നതെങ്കിലും ചടങ്ങ് സംഘടിപ്പിക്കുന്നത് കോട്ടമൈതാനിയിലാണ്. ചടങ്ങിലേക്ക് വി.എസിനെ ക്ഷണിച്ചത് റെയില്‍വേ ഉദ്യോഗസ്ഥരാണ്. അതേസമയം വി എസിനെ ക്ഷണിക്കുന്ന കാര്യത്തില്‍ പ്രോട്ടോക്കാള്‍ മര്യാദ പാലിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും മറ്റു മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കുന്നുണ്ട്.
പുതുശേരി വെസ്റ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 239 ഏക്കര്‍ സ്ഥലത്താണ് കോച്ച് ഫാക്‌ടറി സ്ഥാപിക്കുക. 550 കോടി രൂപ ചെലവിട്ട് മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ 26 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. പൊതുസ്വകാര്യ സംരംഭമായാണ് പദ്ധതി നടപ്പാക്കുക.
















