തിരുവനന്തപുരം: സംസ്ഥാന കഥകളി പുരസ്കാരത്തിന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും പള്ളം മാധവനും തെരഞ്ഞെടുക്കപ്പെട്ടതായി മന്ത്രി കെ.സി.ജോസഫ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം തൃക്കൂര് രാജനാണ്. കേരളീയ നൃത്ത-നാട്യ പുരസ്കാരത്തിന് കിടങ്ങൂര്‍ രാമചാക്യാരും (കുട്ടപ്പചാക്യാര്)അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.
കഥകളിയില്‍ അമൂല്യമായ പാരമ്പര്യത്തിന് അവകാശമുള്ള കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തില്‍ 1940 ല്‍ ജനിച്ച ഗോവിന്ദന്‍കുട്ടി, കുട്ടിക്കാലം തൊട്ടുതന്നെ കഥകളിയില്‍ നിമഗ്നനാണ്. കഥകളിയിലെ കുലീന നായികയായിരുന്ന കുടമാളൂര്‍ കരുണാകരന് നായരുടെ ശിഷ്യനാണ്. സ്ത്രീവേഷങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗോവിന്ദന്‍കുട്ടിക്ക് കരുണാകരന് നായരുടെ ആവിഷ്കാരശീലങ്ങള് പലതും സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഥകളിയിലെ പ്രധാന സ്ത്രീവേഷങ്ങള്‍ക്ക് ഗോവിന്ദന് കുട്ടി തന്റെ നാട്യവൈഭവത്തിലൂടെ സവിശേഷമായ സ്ഥാനവും തേജസ്സും നല്‍കിയിട്ടുണ്ട്.
1928 ല്‍ കോട്ടയം ജില്ലയിലെ പനച്ചിക്കാട്ട് പത്മനാഭന് കേളന്റെയും കൊച്ചുപെണ്ണുകുട്ടിയുടെയും മകനായി ജനിച്ച മാധവന് 1960 മുതല്‍തന്നെ അറിയപ്പെടുന്ന കഥകളി ഗായകനാണ്. 1966 ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളി സംഗീത വിഭാഗത്തില്‍ അധ്യാപകനായി ചേര്‍ന്ന അദേഹം 1989 ല്‍ വൈസ് പ്രിന്‍സിപ്പാളായാണ് വിരമിച്ചത്.
1938 ല്‍ പ്രസിദ്ധമദ്ദള വാദകന്‍ തൃക്കൂര് കൃഷ്ണന്‍കുട്ടി മാരാരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച രാജന്റെ ആദ്യ ഗുരുനാഥന് അച്ഛന് തന്നെയായിരുന്നു. 15-ാം വയസ്സില്‍ അച്ഛനോടൊപ്പം തൃക്കൂര് മഹാദേവ ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അരങ്ങേറ്റം. ആറു പതിറ്റാണ്ടോളമായി പഞ്ചവാദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജന്, ഗുരുവായൂര്‍, പാറമേക്കാവ്, ഉത്രാളി, തൃപ്പൂണിത്തുറ, കടവല്ലൂര്‍, ചോറ്റാനിക്കര, തൃപ്രയാര്‍ ക്ഷേത്രങ്ങളിലെ പഞ്ചവാദ്യത്തിന് വര്‍ഷങ്ങളോളം നേതൃത്വം വഹിച്ചിട്ടുണ്ട്.
1927 ല്‍ പൈങ്കുളം നാരായണ ചാക്യാരുടെയും ദേവകി ഇല്ലോടമ്മയുടെയും മകനായി ജനിച്ച രാമചാക്യാര്‍ക്ക് കൂടിയാട്ടം പൈതൃകമായി ലഭിച്ചതാണ്. 14-ാം വയസ്സില്‍ അന്നമന്നട മഹാദേവക്ഷേത്രത്തില്‍ അരങ്ങേറിയ രാമചാക്യാര്‍, 50 വര്‍ഷത്തിലധികം തവണ മന്ത്രാങ്കം കൂത്ത് അന്ന മന്നട ക്ഷേത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മന്ത്രാങ്കം കൂത്ത് 41 ദിവസം നീണ്ടുനില്‍ക്കും. ബ്രഹ്മചാരി കൂത്തിന്റെയും നാഗാന്ദം രണ്ടാമങ്കത്തിന്റെയും മന്ത്രാങ്കത്തിന്റെയും വിശദമായ പഠനത്തോടെ ഹരി, ഹരി നമശിവായ ഹരി എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നും അധ്യാപനത്തിലും അരങ്ങിലും സജീവമാണ് രാമചാക്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: