കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍ വ്യാജമദ്യദുരന്തം. 24 ദക്ഷിണ പര്‍ഗാന ജില്ലയിലെ സംഗ്രാംപൂരില്‍ വ്യാജമദ്യം കഴിച്ച 26 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര് വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. ദുരന്തത്തിന് ഉത്തരവാദികളായ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏതാനും ദിവസം മുമ്പ് 94 പേര് വെന്തുമരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജമദ്യദുരന്തവും. എട്ടുപേരുടെ മരണം മാത്രമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. 26 പേരുടെ മരണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. വ്യാജമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളോടെ ജില്ലയിലെ മഗ്രിഹട്ടിലും ഒട്ടേറെപ്പേര്‍ അവശനിലയിലായതായി റിപ്പോര്‍ട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങളുമായി കൂടുതല്‍ പേര് ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
മദ്യദുരന്തം ഉണ്ടായതിന് തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തെ മദ്യശാലകള്‍ അടിച്ചുതകര്‍ത്തു. നിയമസഭയിലും സംഭവം ഒച്ചപ്പാടിന് വഴിതെളിച്ചു. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രശ്നം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് സുബാഷ് നാസ്കര്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇന്നലെ മുഖ്യമന്ത്രി ഹാജരായിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സഭക്ക് റിപ്പോര്‍ട്ട് നല്കാന് സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ സംസ്ഥാന പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പുമന്ത്രി സുബ്രതാ മുഖര്‍ജിക്ക് നിര്‍ദ്ദേശം നല്കി. വ്യാജമദ്യം കഴിച്ച എട്ടുപേര്‍ കൊല്ലപ്പെടുകയും 85 പേര് രോഗാവസ്ഥയില്‍ എത്തുകയും ചെയ്തതായി മുഖര്‍ജി നേരത്തെ സഭയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിതന്നെ പ്രസ്താവന നടത്തണമെന്ന് ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രത മുഖര്‍ജിയോട് സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു.
പശ്ചിമബംഗാളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുകള്‍ തോറും അനധികൃത മദ്യവില്‍പ്പനശാലകള്‍ പെരുകിവരികയാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും അറിവോടെയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. ഇതിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴിതെളിക്കുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: