ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കാണാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന്റെ ദൗത്യം വിഫലമായി. പ്രശ്നത്തില്‍ ഉടന്‍ ഇടപെടാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടു. കേരളവും തമിഴ്നാടും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പറ്റിയ സാഹചര്യം സൃഷ്ടിക്കേണ്ട ചുമതലയില്‍നിന്ന് യുപിഎ സര്‍ക്കാര്‍ വിദഗ്ധമായി തലയൂരുകയാണ് ചെയ്തത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.
അണക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാടിനുമേല് സമ്മര്‍ദ്ദം ചെലുത്തുന്നതിന് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടാനാണ് സര്‍വകക്ഷി സംഘവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ദല്‍ഹിയില്‍ എത്തിയത്. കേരളത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും എത്രയും നേരത്തെ തീരുമാനമെടുക്കുമെന്നുമുള്ള ഉറപ്പ് കിട്ടിയതായി പാര്‍ലമെന്റ് ഹൗസില്‍ നടന്ന യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തില്‍ കേന്ദ്രം ഫലപ്രദമായി ഇടപെടണമെന്ന് ആവശ്യപ്പെടാനാണ് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടതെങ്കിലും വിപരീതഫലമാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുക മാത്രമല്ല സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയുടെ സഹായം തേടിപ്പോയത്. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടാന്‍ മന്‍മോഹന്‍സിംഗ് വിസമ്മതിച്ചതോടെ പരിഹാരനടപടികള്‍ നീളുമെന്ന് ഉറപ്പായി.
പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നത്തില്‍ ഇരുസംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും മന്മോഹന് ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ട് മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തുന്ന കാര്യവും ശ്രദ്ധയില്‍പ്പെടുത്തി. വി.എസ്.അച്യുതാനന്ദന് അടക്കം 23പേരാണ് സംഘത്തിലുണ്ടായിരുന്നത്. 15 മിനിറ്റുനേരം സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. തമിഴ്നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് കേന്ദ്ര അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിനെ നിയോഗിക്കണമെന്ന് പ്രധാനമന്ത്രിയോട് എംപിമാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി ജില്ലകളില്‍ സംഘര്‍ഷം ഉടലെടുക്കുന്നതില്‍ പ്രധാനമന്ത്രി ദുഃഖവും ആശങ്കയും തമിഴ്നാട് എംപിമാരെ അറിയിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുംവരെ രണ്ട് സംസ്ഥാനങ്ങളിലെയും നേതാക്കളും ജനങ്ങളും ആത്മസംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എംപിമാരുടെ സംഘവും കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സുരക്ഷയ്ക്കായി കേന്ദ്ര വ്യവസായ സുരക്ഷാസേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായി പറയപ്പെടുന്നു.
കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പൂര്‍ണ സഹകരണം പ്രധാനമന്ത്രിയെ അറിയിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. യോഗത്തിനുശേഷം പ്രധാനമന്ത്രിയുമായി നേതാക്കള്‍ വിശദമായി ചര്‍ച്ച നടത്തി. സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മന്‍മോഹന്‍സിംഗിന്റെ അപേക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുള്ള എല്ലാ പ്രക്ഷോഭങ്ങളും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍. (എം) നേതാവ് കെ.എം.മാണി, എ.എന്‍.രാധാകൃഷ്ണന് (ബിജെപി) എന്നിവര്‍ സര്‍വകക്ഷിസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: