മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് തുടരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇന്ന് 53.71 ആയി. ഇന്നലെ 56 പൈസയുടെ ഇടിവ് നേരിട്ട സൂചിക 53.40 വരെ എത്തിയിരുന്നു. ബാങ്കുകളും ഇറക്കുമതി സ്ഥാപനങ്ങളും ഡോളര്‍ ആവശ്യവുമായി വിപണിയില്‍ എത്തിയതോടെയാണ് രൂപ വീണ്ടും തകര്‍ച്ചയുടെ പാതയിലെത്തിയത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. രൂപയുടെ മൂല്യയിടിവ് ശക്തമായതോടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, കാറുകള്‍, ക്രൂഡോയില്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വിലകൂടാന്‍ സാധ്യതയേറി. ജൂലൈയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലെത്തിയ രൂപ ഇപ്പോള്‍ 18.4 ശതമാനമാണ് ഇടിഞ്ഞത്.
രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതോടെ ഓഹരി വിപണിയില്‍ നിന്നു വിദേശ ഫണ്ടുകള്‍ വന്‍ തോതില്‍ പിന്‍വാങ്ങിയതാണു വിലയിടിവിനു കാരണമായത്. വ്യാപാര കമ്മി ഉയര്‍ന്നതും രൂപയെ തകര്‍ത്തു. മൂല്യം ഇടിയുന്നത് ഇറക്കുമതി മേഖലയ്ക്കു കനത്ത തിരിച്ചടിയാകും. എണ്‍പത് ശതമാനം ഇറക്കുമതിയുള്ള പെട്രോളിയം മേഖലയെ ഇതു സാരമായി ബാധിക്കും. ഇതു രാജ്യത്ത് വിലക്കയറ്റത്തിന് ഇടയാക്കും. എന്നാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് കയറ്റുമതി മേഖലയ്ക്കു കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്.
ആഭ്യന്തര സാമ്പത്തിക മാന്ദ്യവും യൂറോപ്പിലെ സാമ്പത്തിക പ്രശ്നവുമാണ് രൂപയുടെ തകര്‍ച്ചയ്ക്കു മറ്റൊരു കാരണം. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ആവശ്യം വര്‍ധിച്ചതാണു ഡോളറിനു ശക്തി പകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: