ന്യൂദല്‍ഹി: ചൈന ഇന്ത്യയെ ആക്രമിക്കുമെന്ന ഭയമോ ചിന്തയോ ഇന്ത്യയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ഇന്ത്യയെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനന്തരീക്ഷമാണ് ഉള്ളത്. അതേസമയം ഇന്ത്യ തങ്ങളുടേതെന്ന് കരുതുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന കടന്നുകയറ്റം നടത്തിയതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍ ചൈന ഇത് തള്ളിയിട്ടുണ്ട്. ഈ പ്രശ്നം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏരിയാ കമാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും മന്മോഹന് സിങ് പറഞ്ഞു.
ഇന്ത്യയെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നതായി തനിക്ക് വിവരം ലഭിച്ചതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ലോക്സഭയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ബ്രഹ്മപുത്രയിലെ ജലം ഇന്ത്യയിലേക്ക് ഒഴുകുന്നത് ചൈന തടഞ്ഞതായും യാദവ് പറഞ്ഞിരുന്നു.
എന്നാല്‍ ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടഞ്ഞിട്ടില്ലെന്ന് ചൈനയില്‍ നിന്ന് ഉറപ്പു ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: