ശബരിമല: ശബരിമല ശ്രീകോവിലിനുള്ളില്‍ കയറാന്‍ രാഹുല്‍ ഈശ്വറിന് താന്ത്രികാവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ്. ശ്രീകോവിലിനുള്ളില്‍ അതിക്രമിച്ചു കടക്കാന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു.
രാഹുല്‍ ഈശ്വര്‍ ഇന്നലെ തന്ത്രിയ്ക്കൊപ്പം ശബരിമല ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് വിവാദമായ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിശദീകരണം. രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയോ തന്ത്രിയോ അല്ല. തന്ത്രിക്ക് പരികര്‍മ്മികളായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്.
താന്ത്രിക വിധി പ്രകാരം തന്ത്രിയുടെ മകന്റെ മകന് ശ്രീകോവിലില്‍ പ്രവേശിക്കാം. എന്നാല്‍ മകളുടെ മകനായ രാഹുല്‍ ഈശ്വറിന് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അവകാശമില്ല. അങ്ങനെ താന്ത്രികാവകാശം ഇല്ലാത്ത രാഹുല്‍ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് ശരിയല്ലെന്നും രാജഗോപാലന്‍ നായര്‍ ചൂണ്ടിക്കാട്ടി.
തന്ത്രികുടുംബത്തിലെ അനന്തരാവകാശി ആണെങ്കില്‍ പോലും മുന്‍കൂര്‍ അനുമതിയില്ലാതെ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കുന്നത് ആചാരപരമായി തെറ്റാണ്. തന്ത്രി തീരുമാനിക്കുന്നവര്‍ക്ക് ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാമെന്ന കണ്ഠരര് മഹേശ്വരരുടെ നിലപാട് തെറ്റാണ്. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ അച്ചടക്ക നിയന്ത്രണ സമിതിയുടെ പരിധിയില്‍ വരുമെന്നും ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചു.
ശബരിമലയില്‍ തന്ത്രിക്കുള്ള അധികാരങ്ങളെ സംബന്ധിച്ച് കോടതി വിധിയുണ്ട്. പ്രത്യേക പൂജകളിലും ഉത്സവവേളകളിലും പൂജ ചെയ്യാനുള്ള അവകാശമാണ് തന്ത്രിക്കുള്ളത്. ഇതിന് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് പ്രതിഫലവും നല്‍കുന്നുണ്ട്. തന്ത്രിയാണ് അവസാന വാക്ക് എന്നരീതിയില്‍ ഭക്തര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന വാദം ശരിയല്ലെന്നും രാജഗോപാലന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: