ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്കായി ഇരു സംസ്ഥാനങ്ങളും അനുകൂല സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ഒരു സംഘര്‍ഷാവസ്ഥ നിലവിലുണ്ട്. അത് പരിഹരിക്കപ്പെടണം. കൂടാതെ സമരങ്ങളും നടക്കുകയാണ്. ഇതെല്ലാം ഒഴിവാക്കി ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷ ഇരു സംസ്ഥാനങ്ങളും ഉണ്ടാക്കുകയാണെങ്കില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഈ പ്രശ്നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി സര്‍വ്വകക്ഷി സംഘത്തെ അറിയിച്ചു.
പ്രശ്നത്തില്‍ സംയമനം പാലിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള 23 അംഗ സംഘമാണു പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിന് പരിസ്ഥിതി അനുമതി നല്കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്കി.
ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള ക്രമസമാധന പ്രശ്നമായി മുല്ലപ്പെരിയാര്‍ വിഷയം മാറ്റാതെ അടിയന്തര സാഹചര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും ഇടപടണമെന്നു കേരളം ആവശ്യപ്പെട്ടു. പുതിയ ഡാമിനുള്ള പാരിസ്ഥിതിക അനുമതി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലതര്‍ക്കമല്ല, മറിച്ച് ഒരു ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള വിഷയമാണ്. കേരളം പുതിയ ഒരു ഡാം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണംമെന്നും സര്‍വ്വകക്ഷി സംഘം ആവശ്യപ്പെട്ടു.
അടിയന്തരമായി വിഷയത്തില്‍ ഇടപെടുന്നതിന് ചില പരിമിതികള്‍ ഉണ്ടെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു പ്രസ്താവന നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: