ചുമര്‍ ചിത്രകലയില്‍ മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി കൃഷ്ണനുണ്ണി എന്ന അനിയന്‍ തന്റെ സപര്യ അനുസ്യൂതം തുടരുന്നു. കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ചരിത്രമാണ് അനിയനുള്ളത്. യാതൊരു തരത്തിലുള്ള പ്രശസ്തിയും കാംക്ഷിക്കാതെയാണ് തന്റെ യജ്ഞം തുടരുന്നത്.
വിവിധ തരത്തിലുള്ള ചുമര്‍ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ ഇതിനകം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ചിട്ടയുമാണ് തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് അനിയന്‍ പറയുന്നു.
1975ല്‍ തിരുവനന്തപുരം സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ബിരുദം നേടിയശേഷം പൂര്‍ണ സമയവും ചിത്രം വരക്കുന്നതില്‍ വ്യാപൃതനാണ് അദ്ദേഹം. വീടുതന്നെയാണ് അദ്ദേഹത്തിന്റെ കലാക്ഷേത്രം. ഇതിനകം വരച്ച ചിത്രങ്ങള്‍ക്ക് കണക്കില്ല. മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത് കന്മനം ഒടുവത്തെ തറവാട്ടില്‍ പി.എസ്.കൈലാസ അയ്യരുടേയും നാരായണക്കുട്ടി നേത്യാരുടെയും മകനായ കൃഷ്ണനുണ്ണിക്ക് ഈ അപൂര്‍വമായ സിദ്ധി ജന്മനാ കിട്ടിയതാണെന്നുതന്നെ പറയാം.
വളരെ ചെറുപ്പത്തില്‍ത്തന്നെ ചിത്രകലയോട് ഇദ്ദേ ഹത്തിന് ഒരു അഭിനിവേശം ഉണ്ടായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ അപ്പുക്കുട്ടന്‍ കോട്ടപ്പടിയാണ് ഇദ്ദേഹത്തിന്റെ ആദ്യഗുരു. വരച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹം നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെയായിരുന്നു. തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിച്ച് ശരിയായ വഴിയിലേക്ക് നയിച്ചത് അദ്ദേഹമാണ്. അവിടെ നിന്ന് തുടങ്ങിയ വരയിലുള്ള താല്‍പര്യമാണ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ എത്തിച്ചത്.
കിരാതമൂര്‍ത്തിയുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു തുടക്കം. ഇന്ന് അല്‍പം പോലും വിശ്രമിക്കുവാന്‍ സമയമില്ലാത്ത അവസ്ഥയാണ്. പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും കേന്ദ്രങ്ങളും ചിത്രങ്ങള്‍ വാങ്ങാന്‍ ഇവിടെ എത്താറുണ്ട്. കാതോടു കാതോരം അറിഞ്ഞാണ് പലരും എത്തിപ്പെടുന്നത്. ചിത്രങ്ങളുടെ ആകര്‍ഷണീയത കൃഷ്ണനുണ്ണിയെ കൂടുതല്‍ കൂടുതല്‍ പ്രശസ്തനാക്കുകയാണ്. കലാമണ്ഡലം രാമന്‍കുട്ടിനായരുടെ പൂര്‍ണകായ ചിത്രവും ശ്രീ ശ്രീ രവിശങ്കറിന്റെ ചിത്രവും അതിമനോഹരമായി വരച്ചത് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
താന്ത്രിക ചിത്രങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ടെന്ന് പറഞ്ഞു. അതിനാല്‍ അവയിലാണിപ്പോള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്കും വന്‍ ഡിമാന്റാണ്. ആവശ്യക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചും ചിത്രങ്ങള്‍ വരച്ചുകൊടുക്കാറുണ്ട്.
പാലക്കാട് ചിത്രകലാ ആര്‍ട്സ് അംഗമാണ്. പാലക്കാട് ജില്ലയില്‍ കോങ്ങാടിനടുത്ത് പാറശ്ശേരി കേന്ദ്രമാക്കി വൈഷ്ണവി കലാക്ഷേത്രം എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തോറും നടത്തിവരുന്ന സമ്പ്രദായ ഭജന ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു. പാറശ്ശേരി തൃപ്പലമുണ്ട എന്ന സ്ഥലത്ത് ശ്രീരുദ്രത്തില്‍ ആണ് സ്ഥിരതാമസം. ഭാര്യ രുഗ്മിണിദേവിയുടെ സഹായം ഏറെയാണെന്ന് കൃഷ്ണനുണ്ണി എന്ന അനിയന്‍ കൃതജ്ഞതപൂര്‍വ്വം സ്മരിക്കുന്നു.
സി. ഉണ്ണികൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: