ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഇ.ശ്രീധരന് അറിയിച്ചു. ദല്‍ഹി മെട്രോയ്ക്കാണ് കൊച്ചി മെട്രോയുടെ ചുമതല. ദല്‍ഹി മെട്രോയുടെ നേതൃസ്ഥാനത്ത് നിന്നും ഈ മാസം 31ന് ഇ ശ്രീധരന് വിരമിക്കും.
ദല്‍ഹി മെട്രോയുടെ ഭാഗമായിരിക്കുന്ന കാലത്തോളം മാത്രമേ കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇടപെടൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 31ന് ശേഷം തൃശൂരിലെ കുടുംബ വീട്ടില്‍ താമസിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി മെട്രൊയുടെ നേതൃസ്ഥാനം ശ്രീധരന് ഏറ്റെടുക്കുമെന്ന സൂചന സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.
കേരള സര്‍ക്കാര്‍ ദല്‍ഹി മെട്രോയെയാണ് പദ്ധതികള്‍ക്കായി സമീപിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ ജോലികളും മറ്റും നടത്തുന്നതു ദല്‍ഹി മെട്രോയാണ്. ഇതിന്റെ എംഡി എന്ന നിലയ്ക്കാണു താന്‍ ഇത്രയും നാള് പ്രര്ത്തനങ്ങളുമായി സഹകരിച്ചത്. ഇവിടെ തുടരുന്നിടത്തോളം കാലം സഹായങ്ങള്‍ ഉണ്ടാകും.
എന്നാല്‍ വിരമിച്ച ശേഷം ഇത്തരത്തിലുളള സഹായങ്ങള്‍ ഉണ്ടാകില്ലെന്നും നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രൊയുടെ പ്രവര്‍ത്തനം ഏറ്റെടുത്താല്‍ കൊളളാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
മെട്രൊയുടെ നിര്‍മാണം പൂര്‍ണമായും ശ്രീധരന്റെ മേല്നോട്ടത്തിലായിരിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദും പറഞ്ഞിരുന്നു. ഈസാഹചര്യത്തിലാണു ശ്രീധരന് നിലപാടു വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: