ഏട്ടിലെ പശു പുല്ലു തിന്നുകയില്ലെന്നാണ് പഴഞ്ചൊല്ല്. പക്ഷേ ഏട്ടിലെ പശുവിനെ പുല്ലു തീറ്റിക്കുന്നതില്‍ വിരുതന്മാരാണ് നാം മലയാളികള്‍. വേണ്ടിവന്നാല്‍ പുല്ലു തീറ്റിക്കുകയും പാല് കറന്നെടുക്കുകയും ചെയ്യുന്നതിന് നാം തയ്യാറുമാണ്. കാരണം അഥവാ പുസ്തകത്തില്‍ കുറിച്ചുവച്ച കാര്യങ്ങളില്‍ നമുക്ക് അത്ര വിശ്വാസമാണ്. ഏട്ടിലെ പോലെ നമുക്ക് നാട്ടറിവും വീട്ടറിവുമുണ്ട്. അതും വിജ്ഞാനത്തിന്റെകലവറ തന്നെ. പക്ഷേ വാമൊഴിയായതിനാല്‍ തീരെ വിശ്വാസമില്ല. അങ്ങനെ അപകടരഹിതമായ അറിവ് ആരുമറിയാതെ നശിക്കുന്നു. അഥവാ കടല്‍ കടന്ന് മറയുന്നു.
ശാസ്ത്രം അറിവാണ്. ജീവിത വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത വഴികാട്ടിയാണ്. വിട്ടുപിരിയാനാവാത്ത ചങ്ങാതിയാണ്. അത് ആധുനിക ശാസ്ത്രത്തിന്റെ കഥ. രോഗങ്ങളെ നിയന്ത്രിക്കാനും ജീവിതം ചിട്ടപ്പെടുത്താനും ആരോഗ്യം ഉറപ്പാക്കാനും അത് നമുക്ക് കൂടിയേ തീരൂ. പക്ഷേ അപകടമില്ലാതെ ആരോഗ്യം നിലനിറുത്തുന്ന ഒരു സമ്പ്രദായം നമുക്കുണ്ട്. ശരീരത്തിന് കേടു തട്ടാതെ രോഗാണുക്കളെ തുരത്തിയോടിക്കുന്ന ചെലവു കുറഞ്ഞ ശാസ്ത്രം. വാമൊഴിയായും വരമൊഴിയായും നാട്ടിലും വീട്ടിലും പ്രചരിച്ച ശാസ്ത്രം. അമൂല്യ സിദ്ധികളുള്ള ചെടികളും വേരുകളും ഇലകളുമൊക്കെ നിറഞ്ഞ ഒരു തരം ചികിത്സാക്രമമെന്നും അതിനെ വിളിക്കാം. പക്ഷേ നമുക്കതിന് വിലയില്ല.
മനുഷ്യനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ചേര്‍ന്ന ആരോഗ്യവിധികള്‍ ആയിരമാണ്ടുകളായി നമുക്കിടയില്‍ നിലനില്‍ക്കുന്നു. അവ തീര്‍ത്തും സുരക്ഷിതമാണ്. ജൈവവൈവിധ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ്. അന്യം നിന്നതും നിലവിലുള്ളതുമായ ഒട്ടേറെ സസ്യങ്ങളാണ് നമ്മുടെ നാട്ടറിവിന്റെ കരുത്ത്. ആടലോടകം അയമോദകം, വെളുത്തുള്ളി, കുരുമുളക്, ജാതിക്ക, മലയിഞ്ചി, കൂവളം, മാഞ്ചി, കുറുന്തോട്ടി, ചന്ദനം, താതിരി, പൂപ്പാതി, കടലാടി, കുടകപ്പാല, ദേവതാരം, വചസ്, മാതളം, കൊടുവേലി, നാഗദന്തി, എരുക്ക്, അത്തിത്തിപ്പലി, പാച്ചോറ്റി, ചേര്, പ്ലാശ്, വിഷ്ണുക്രാന്തി, പാല്‍മുതക്ക്, അമുക്കുരം, നായ്‌ക്കുരണ, വിഴാലരി, മുരുക്കില, അത്തി, ശതാവരി, കരിനൊച്ചി, ഉമ്മം എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. അവയോട് ചേര്‍ക്കേണ്ടുന്ന സൂത്രപ്രയോഗങ്ങളുടെ പേര് കൂടി അറിയുക-തേക്കെണ്ണ, പന്നി നെയ്യ്, മനുഷ്യമൂത്രം, വെള്ളാരം കല്ലിന്റെ പൊടി, കായം, വേപ്പെണ്ണ, ചുണ്ണാമ്പ് വെള്ളം, മോര്, മണ്ണെണ്ണ, ഗന്ധകം, അട്ടക്കരി, മടല്‍ കത്തിച്ചത്, ഉപ്പ്, കാടി പക്ഷേ സകല ജീവജാലങ്ങള്‍ക്കും പറ്റിയ ഈ ചികിത്സയില്‍ നമുക്ക് താല്‍പ്പര്യം കുറവ്. ഇത്തരം നാട്ടു ചികിത്സകള്‍ എങ്ങനെ രോഗത്തെയകറ്റുമെന്ന് പഠിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമില്ല.
ഇന്ത്യന്‍ കാലാവസ്ഥാ പഠന ശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്ന പ്രൊഫ.പി.ആര്‍.പിഷാരോടിയുമായി ഏതാണ്ട് രണ്ടുപതിറ്റാണ്ടു മുന്‍പു നടത്തിയ അഭിമുഖം ഓര്‍മയില്‍ വരുന്നു. അദ്ദേഹം നാട്ടുപള്ളിക്കൂടത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലം. അന്ന് ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു കുട്ടി പിഷാരോടിക്ക് ചങ്ങാതിയായുണ്ടായിരുന്നു. അയാളുടെ അച്ഛനാവട്ടെ ഒരു കാട്ടു വൈദ്യനും. കോളറയുടെ കാലമാണ്. ചികിത്സ തേടി രോഗികള്‍ വൈദ്യന്റെ അടുത്തെത്തും. പക്ഷേ കോളറയ്‌ക്ക് ചികിത്സ ഒന്നുമാത്രം. വെറ്റിലയില്‍ പൊതിഞ്ഞെടുത്ത ഒരേ ഒരു മരുന്ന്. കഴിച്ചാല്‍ കോളറ മാറുമെന്ന് ഉറപ്പ്. പിഷാരോടിക്ക് മരുന്നിന്റെ രഹസ്യമറിയണമെന്ന് ഒരേ വാശി. നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ചങ്ങാതി ഒരുനാള്‍ ആ രഹസ്യം വെളിപ്പെടുത്തി. മൂന്നാമതൊരാള്‍ അറിയരുതെന്ന നിബന്ധനയോടെ. ‘വെറ്റിലയില്‍ പൊതിഞ്ഞു നല്‍കിയത് പട്ടിക്കാഷ്ഠമായിരുന്നുവത്രെ’…..
രോഗാണുക്കളെ ചെറുത്ത് തോല്‍പ്പിക്കുന്ന എന്തെങ്കിലും ഘടകം പട്ടിക്കാഷ്ഠത്തിലുണ്ടോയെന്ന് ഗവേഷണം നടത്താന്‍ പക്ഷേ ആരും മുന്നോട്ടു വന്നില്ല. പിഷാരോടി പല യുവഗവേഷകരോടും പറഞ്ഞിട്ടും എല്ലാവര്‍ക്കും പുച്ഛമായിരുന്നു ആ നാട്ടറിവ്.
ഗംഗാനദിയില്‍ എത്രത്തോളം മാലിന്യമുണ്ടെന്ന് നമുക്കറിയാം. പക്ഷേ ആ നദീജലം അകത്തുചെന്ന് ആരും മരിച്ചിട്ടില്ല. കാരണം ബാക്ടീരിയകളെ തിന്നൊടുക്കുന്ന ബാക്ടീരിയാ ഫേജസുകള്‍ നദിയില്‍ പലേടത്തും ഉണ്ടത്രെ. ഇത് കണ്ടെത്തിയതും പാശ്ചാത്യ ശാസ്ത്രജ്ഞര്‍.
ലോഹസംസ്കരണ മേഖലയിലും വ്യോമയാന നിര്‍മാണ രംഗത്തും വ്യക്തി മുദ്രപതിപ്പിച്ച പത്മഭൂഷണ്‍ ഡോ.സി.ജി.കൃഷ്ണദാസ് നായര്‍ രചിച്ച ‘ഗ്രോയിങ്ങ് അപ് വിത്ത് ഗോഡ്സ്’ (ഴൃീംശിഴ ൗു ംശവേ ഏീറെ) എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കട്ടെ. “കുട്ടിക്കാലത്ത് ഒരിക്കലും എന്നെ ഇംഗ്ലീഷ് ചികിത്സക്ക് കൊണ്ടുപോയിട്ടില്ല. എപ്പോഴും ആയുര്‍വേദ വൈദ്യന്റെ അരികിലേക്കായിരുന്നു പോയിരുന്നത്. ഞങ്ങളുടെ വീട്ടുവളപ്പില്‍ ജ്യേഷ്ഠന്‍ ഒരു മരത്തിന് മുകളിലെ ശാഖ മുറിച്ചു മാറ്റുമ്പോള്‍, കോണി പിടിച്ചിരുന്ന എന്റെ നെറുകയില്‍ മഴുവീണ് വലിയ മുറിവുണ്ടായ സംഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. തലമുഴുവന്‍ പെട്ടെന്ന് ചോരക്കളമായി. അച്ഛനമ്മമാര്‍ ഉടനെ എന്നെ കൊണ്ടുപോയത് അപ്പുവൈദ്യരുടെ അരികിലേക്കായിരുന്നു. പല മരുന്നുകളുടേയും ഒരു കൂട്ട് ഉണ്ടാക്കി അദ്ദേഹം വ്രണത്തില്‍ പുരട്ടി. രക്തം ഒഴുക്ക് നിന്നു. ഒരു തുന്നലുമില്ലാതെ ആ വ്രണം ഉണങ്ങി. അതുപോലെ ഒരു മാമ്പഴക്കാലത്ത് മാങ്ങ പൂളുമ്പോള്‍ എന്റെ കൈമുറിഞ്ഞ് വിരല്‍ തൂങ്ങി. എന്റെ അമ്മ ഒരു ചെടിയുടെ ഇലകള്‍ പറിച്ച് പിഴിഞ്ഞ് ഒരു കുഴമ്പുണ്ടാക്കി. അടര്‍ന്ന് തൂങ്ങിയിരുന്ന വിരലിനെ കൂട്ടിച്ചേര്‍ത്ത് ആ കുഴമ്പ് പുരട്ടി തുണികൊണ്ട് കെട്ടി. മുറിവുണങ്ങി വിരല്‍ കൂടിച്ചേര്‍ന്നു. അതിന്റെ പാട് ഇപ്പോഴും എന്റെ ഇടത്തെ ചൂണ്ടുവിരലില്‍ ഉണ്ട്. ഞങ്ങള്‍ ഇതിനെ മുറികൂട്ടിച്ചെടി എന്നാണ് വിളിക്കാറ്. ഇത്തരം ഒരു ചെടി ഇപ്പോഴും എന്റെ വീട്ടില്‍ ഒരു ചട്ടിയില്‍ വളര്‍ത്തുന്നു.” രാജ്യത്തെ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കുവേണ്ടി തയ്യാറാക്കിയതുമായ ബന്ധപ്പെട്ടാണ് ഡോ.കൃഷ്ണദാസ് നായര്‍ ഈ ഓര്‍മ വായനക്കാരുമായി പങ്കുവെച്ചത്.
രോഗ ചികിത്സയുടെ ചെലവ് ക്രമാതീതമാംവിധം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല രാസ ഔഷധങ്ങളുടേയും പാര്‍ശ്വഫലങ്ങളും മനുഷ്യരാശിയെ വെല്ലുവിളിക്കുന്നു. അതിനൊക്കെപ്പുറമെയാണ് അറിയപ്പെടുന്ന ഒട്ടേറെ ഔഷധങ്ങള്‍ക്കെതിരെ സൂക്ഷ്മാണുക്കള്‍ പ്രതിരോധശേഷി കൈവരിച്ചു കഴിഞ്ഞുവെന്ന പേടിപ്പിക്കുന്ന അറിവ്. ഇത്തരമൊരവസരത്തില്‍ നാട്ടറിവുകളുടേയും അതിനുവേണ്ട പ്രാദേശിക ഔഷധങ്ങളുടേയും പ്രസക്തി വളരെയാണ്. അതിനാല്‍ അത്തരം അറിവുകളുടെ സംരക്ഷണത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
ഒരു തൃത്താല കര്‍മപരിപാടിയാണ് വീട്ടറിവുകളുടേയും നാട്ടറിവുകളുടേയും സംരക്ഷണത്തിന് ഇന്ന് ആവശ്യം. നാടന്‍ ചികിത്സകള്‍ക്കുപയോഗിക്കുന്ന ഔഷധികളെയും മറ്റ് അനുബന്ധ വസ്തുക്കളേയും കണ്ടെത്തി വര്‍ഗീകരിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. തുടര്‍ന്ന് അവയെ വംശനാശം വരാതെ സംരക്ഷിക്കണം. ജൈവവൈവിധ്യത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നവയാണ് ഇത്തരം നാടന്‍ ഔഷധികള്‍ എന്നത് മറക്കാതിരിക്കുക. മൂന്നാമത്തെ പടി ഗവേഷണമാണ്-ഇത്തരം സസ്യങ്ങളിലെ ഔഷധശക്തി കണ്ടെത്തുന്നതിന്. പക്ഷെ അതൊക്കെ ചെയ്യുമ്പോഴും നാം വീട്ടു ചികിത്സ പ്രോത്സാഹിപ്പിക്കുന്നതില്‍നിന്നും ഒരിക്കലും പിന്നോക്കം പൊയ്‌ക്കൂടാ. കാരണം അവ നമ്മുടെ കുടുംബത്തിന്റെ മൃതസഞ്ജീവനികളാകുന്നു!
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: