ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവനും ഭാഗവതമയമാക്കിയ ജ്ഞാനിയാണ് മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി. ഭാഗവതോപാസനയിലൂടെ ആ ധന്യജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷ പ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ആറുമാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹത്തിന്റെ നവതിയാഘോഷം കുറുപ്പുന്തറയിലെ മള്ളിയൂര്‍ ഇല്ലത്ത് വിപുലമായി ആഘോഷിക്കപ്പെട്ടത്. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആ ധന്യജീവിതം ഭഗവത്പാദങ്ങളില്‍ വിലയം പ്രാപിച്ചപ്പോള്‍ ഭക്തിയുടെ ദ്വിഗ്‌വിജയത്തിന്റെ അസ്തമനമാണ് സംഭവിച്ചിരിക്കുന്നത്.
പ്രാരബ്ധങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുക്കയത്തില്‍ ജനിച്ചു വീണ്, ജീവതയാത്രക്കിടയില്‍ കടുത്തദാരിദ്ര്യ ദു:ഖവും രോഗപീഡയും പലതരത്തിലുള്ള മാനസികവിഷമതകളും അനുഭവിക്കേണ്ടി വന്നിട്ടും അവയെല്ലാം ഭഗവാന്‍ തന്റെ ഭക്തനെ പരീക്ഷിക്കുന്നതാണെന്ന വിശ്വാസത്തില്‍ “ന മേ ഭക്തഃ പ്രണശ്യതി” (ഈശ്വരന്റെ ഭക്തന്മാര്‍ ഒരിക്കലും നശിക്കില്ല) എന്ന ഗീതാവചനമാണ് തനിക്ക് പ്രചോദനമായതെന്ന് എപ്പോഴും പറയുന്ന മഹാഭക്തനായ മള്ളിയൂരിനെ ഏവര്‍ക്കുമറിയാം.
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അതിജീവിക്കുവാന്‍ കുറുക്കുവഴികളുണ്ടോയെന്നാണ് ഇന്നത്തെ സമൂഹം ആദ്യം അന്വേഷിക്കുക. എന്നാല്‍ ധര്‍മ്മത്തില്‍ നിന്നും ഈശ്വര വിശ്വാസത്തില്‍ നിന്നും അണുമാത്ര വ്യതിചലിക്കാതെ ഏത് കഠിനമായ പരീക്ഷണങ്ങളെയും ശാന്തമായി, സമചിത്തതയോടെ നേരിടുവാന്‍ കഴിയുമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചു തന്ന ഭക്തോത്തമനാണ് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി. ആധുനിക ലോകത്തെ കെടുതികളില്‍ കിടന്ന് നട്ടംതിരിയുന്ന സമൂഹത്തിനിടയില്‍ ശ്രീമദ് ഭാഗവതത്തെ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയങ്ങളില്‍ എത്തിച്ച്, കൂരിരുട്ടില്‍ തപ്പിത്തടയുന്നവരെ ഭക്തിയുടെ പ്രകാശത്തിലേക്കു നയിച്ച സൂര്യതേജസ്സായിരുന്നു ആ മഹാത്മാവ്.
കഠിനമായ തപശ്ചര്യയുടേയും, കര്‍ക്കശമായ നിഷ്ഠകളുടെയും, ഉന്നതമായ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെന്നും പറയാം. യാതൊരുവിധ പ്രതിഫലവും കാംക്ഷിക്കാതെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഭാഗവാനെ കണ്ടെത്തിയ മള്ളിയൂര്‍ തിരുമേനിയുടെ പാദസ്പര്‍ശം പോലും ഓരോ ഗ്രാമവും ആഗ്രഹിച്ചിരുന്നു.
“മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷം നേടുകയെന്നതാണ്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള ഒരു ഉപകരണമാണ് നമ്മുടെ ജീവിതം. ഭൗതിക ജീവിതത്തിന്റെ വിസ്മൃതിയില്‍ അലഞ്ഞു തിരിയുമ്പോള്‍ ഏകമായ അവലംബം ഈശ്വരന്‍ മാത്രമാണ്. ജീവിതം ദുഃസഹവും ദുഃഖപൂരിതവുമാകുമ്പോള്‍ ആദ്ധ്യാത്മികാനുഷ്ഠാനംകൊണ്ട് ശാന്തിയും സമാധാനവും നേടണം. ഭൗതികമായ ഏതു വിദ്യാഭ്യാസവും വിജ്ഞാനദായകമാകാം. എന്നാല്‍ ആത്മജ്ഞാനംകൊണ്ട് കരുത്തുനേടി നിര്‍ഭയമായി ജീവിക്കുവാന്‍ ആത്മവിദ്യ അനിവാര്യമാണ്. സമര്‍പ്പണാത്മകമായ ഭക്തി ഒന്നുകൊണ്ടു മാത്രമേ നമുക്കത് നേടുവാന്‍ കഴിയുകയുള്ളൂ. ആ ശുദ്ധഭക്തിയാണ് ഇന്നത്തെ ജീവിതത്തിന് വേണ്ടത്” മള്ളിയൂരിന്റെ ഈ വാക്കുകള്‍ സുഖലോലുപതയുടെ മായയില്‍പ്പെട്ട് ജീവതപൂര്‍ത്തീകരണത്തിന് വഴികള്‍തേടുന്നവര്‍ക്കുള്ള സാന്ത്വന സന്ദേശം കൂടിയാണ്.
വിശിഷ്ടമായ ഐശ്വര്യത്തോടെ ഊര്‍ജ്ജ്വസ്വലമായ സത്വഗുണം ആരില്‍ കാണുന്നുവോ അത് എന്റെ തേജസിന്റെ ഭാഗമാണെന്ന് ഭഗവാന്‍ തന്നെ ഗീതയില്‍ പറയുന്നുണ്ട്. ആധുനിക യുഗത്തില്‍ ഭാഗവതധര്‍മ്മത്തിന് ഇടിവ് സംഭവിച്ചപ്പോള്‍ ഭഗവാന്‍ മള്ളിയൂരിലൂടെ അവതരിച്ചുവെന്നു വേണം കരുതാന്‍. ഈ കലിയുഗത്തില്‍ ഭഗവത് കഥകളിലൂടെയും, പാരായണത്തിലൂടെയും അനേകലക്ഷം മനസുകളില്‍ അചഞ്ചലമായ ഭക്തിയും വിശ്വാസവും സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞുവെന്നതാണ് മള്ളിയൂര്‍ തിരുമേനി കൈവരിച്ച ജീവിതപുണ്യം.
സര്‍വ്വതും ഭഗവാനും ഭക്തര്‍ക്കുമായി സമര്‍പ്പിച്ച എളിമയുടെ ആള്‍രൂപവും ത്യാഗിവര്യനുമായിട്ടാണ് അടുത്തറിയുന്നവര്‍ മള്ളിയൂര്‍ തിരുമേനിയെ വിശേഷിപ്പിക്കുന്നത്. നാടൊട്ടുക്കും ഭഗവത് സന്ദേശത്തിന്റെ പ്രചാരകനായി സഞ്ചരിച്ചിരുന്ന തിരുമേനിയുടെ സപ്തതി ആഘോഷവേളയിലാണ് ആദ്യമായി മള്ളിയൂര്‍ ക്ഷേത്രാങ്കണം ഒരു ദ്വാദശസപ്താഹ വേദിയായി മാറ്റപ്പെട്ടത്. ഈ സന്ദര്‍ഭത്തിലാണ് അയല്‍വാസികള്‍ക്കിടയിലെ വലിയ തിരുമേനിയായ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ പലരും അടുത്തറിഞ്ഞതും, വേദേതിഹാസങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ഡ്യത്യം അനുഭവിച്ചതും.
കൃഷ്ണനാമം ഉരുവിട്ട് നാടായ നാടുമുഴുവനും ഭഗവാന്റെ കഥ പാടിനടന്ന ഒരു ഉത്തമ ഭക്തന്റെ എളിമയുടെ ദ്വിഗ്‌വിജയം കൂടിയാണ് മള്ളിയൂര്‍ എന്ന സ്ഥിതപ്രജ്ഞനായ മഹാഭക്തന്റെ ജീവിതഗാഥ. അനുഭവിച്ചറിഞ്ഞ ദുരിതങ്ങളെ ഭഗവാന്റെ പരീക്ഷണമായി തിരിച്ചറിഞ്ഞ് തന്റെ ഓരോ വാക്കും മനുഷ്യ സമൂഹത്തെ നന്മയിലേക്ക് നയിക്കണമെന്ന പ്രാര്‍ത്ഥനയാണ് ഈ തപോധനന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത് അല്‍പനേരം ചെലവഴിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. പ്രപഞ്ചസത്യങ്ങളെ ജനമനസ്സുകളിലെത്തിച്ച് ലോകനന്മയ്‌ക്കുവേണ്ടി സദാപ്രാര്‍ത്ഥനയില്‍ മുഴുകുന്ന ജീവിതം സൗമ്യതയുടെയും, ശാന്തതയുടെയും, സ്നേഹത്തിന്റെയും, അളവറ്റ ഭക്തിയുടെയും പ്രതീകമാണെന്ന് തെളിയിച്ച് സ്വയം ഭാഗവതമായി മാറിക്കഴിഞ്ഞിരിക്കുന്നു മള്ളിയൂര്‍ തിരുമേനി. കരുണാമയനായ ശ്രീ ഗുരുവായൂരപ്പനും അഭീഷ്ടവരപ്രദനായ വിഘ്നേശ്വരനും വാഴുന്ന മള്ളിയൂര്‍ ക്ഷേത്രസന്നിധിയെന്ന അഭയസങ്കേതത്തിന് സമീപം സ്ഥിതിചെയ്യുന്ന ഇല്ലത്തു വച്ചുതന്നെയായിരുന്നു തിരുമേനിയും മോക്ഷപ്രാപ്തി കൈവരിച്ചത്.
ഭാഗവതത്തെ പ്രാണവായുവായി കണക്കാക്കി തന്റെ ശരീരത്തിലെ ജീവനും ബുദ്ധിയും മനസും ഇന്ദ്രിയങ്ങളുമെല്ലാം ഭഗവാന് സമര്‍പ്പിക്കുവാനുള്ള പൂജാദ്രവ്യങ്ങളാണെന്ന് കണക്കാക്കുന്ന ഒരു വ്യക്തിത്വത്തെ കാണുവാന്‍ സാധിക്കുന്ന ധന്യമുഹൂര്‍ത്തം ജന്മാന്തര സുകൃതംകൊണ്ടേ സാധ്യമാവുകയുള്ളുവെന്നാണ് മഹത്തുക്കള്‍ പോലും പറയുന്നത്. അതുകൊണ്ടു തന്നെ ഈ കലിയുഗത്തില്‍ ഭേദഭാവങ്ങള്‍ തെല്ലുമില്ലാത്ത ദര്‍ശനവേദ്യമായ ചൈതന്യസ്വരൂപം തന്നെയാണ് നമ്മെ വിട്ടുപിരഞ്ഞ മള്ളിയൂര്‍ തിരുമേനി. “ന മേ ഭക്തഃ പ്രണശ്യതി” ഒരിക്കലും നശിക്കില്ല ഈശ്വരന്റെ ഭക്തന്മാര്‍ എന്ന ഗീതാവചനം ഭക്തമനസ്സുകള്‍ക്ക് സാന്ത്വനമാകട്ടെ.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: