മരട്: കുമ്പളം ടോള്‍വിഷത്തില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി മന്ത്രിമാര്‍ രംഗത്ത്. കുമ്പളം നിവാസികളെ ടോള്‍ പിരിവില്‍നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് വിവിധരാഷ്ട്രീയ കക്ഷികളും ടോള്‍ വിരുദ്ധ സംഘടനകളും പ്രദേശവാസികളും ആവശ്യം ഉന്നയിച്ചിരുന്നത്. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉപരിതല ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് അനുകൂല തീരുമാനത്തിനു ശ്രമിക്കാമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞും, മന്ത്രി കെ.ബാബുവും ഉള്‍പ്പെട്ട മന്ത്രിമാരുടെ ഉപസമിതി ഇക്കാര്യത്തിനായി ശ്രമം നടത്തുകയും ചെയ്തിരുന്നു.
ടോളില്‍നിന്നും കുമ്പളം പഞ്ചായത്ത് നിവാസികളെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചുവെന്നും, പ്രദേശവാസികള്‍ക്ക് ഒരു മാസത്തേക്ക് നല്കേണ്ടപാസിന്റെ തുക സംസ്ഥാനസര്‍ക്കാര്‍ നല്കി ജനങ്ങളെ സഹായിക്കാന്‍ കഴിയുമോ എന്നകാര്യം മന്ത്രിസഭ പരിഗണിക്കുമെന്നുമാണ് കഴിഞ്ഞദിവസം മന്ത്രി കെ.ബാബു പൊതുപരിപാടിയില്‍വച്ച് പരസ്യമായി പറഞ്ഞത്. കുമ്പളത്ത് ശനിയാഴ്ച നടന്ന മറ്റൊരു പരിപാടിയിലും മന്ത്രി ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചു എന്നകാര്യം തനിക്കറിയില്ലെന്നാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാംഹിംകുഞ്ഞ് ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇതോടെ കുമ്പളം ടോള്‍ പ്രശ്നം വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മാസം 150 രൂപക്കും, 20കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാസം 300 രൂപക്കുമുള്ള പാസ് നല്കി ടോള്‍പിരിവില്‍ ഇളവ് അനുവദിക്കാമെന്നായിരുന്നു എന്‍എച്ച്എഐയുടെ വാഗ്ദാനം. പ്രദേശവാസികളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇളവ് അനുവദിച്ചുകൊണ്ട് നിശ്ചയിച്ചിരിക്കുന്ന കുമ്പളം നിവാസികളുടെ പാസിന്റെ തുകയായ 150 രൂപ ഓരോ വാഹനത്തിനും ഓരോമാസവും സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതാ അധികൃതര്‍ക്ക് നല്‍കുന്നകാര്യമാണ് ഇനി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പ്രശ്ന പരിഹാരം. എന്നാല്‍ ഇത് എത്രകണ്ട് പ്രായോഗികമാവും എന്ന വിഷയമാണ് ഇപ്പോള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: