പെരുമ്പാവൂര്‍: രാജേന്ദ്രന്റെ ചായക്കുട്ടില് ഗജേന്ദ്രമോക്ഷം പുനര്‍ജനിക്കുന്നു. ചുവര്‍ചിത്രകലയിലെ ഏറ്റവും മികച്ച ക്ലാസിക് കലാസൃഷ്ടികളിലൊന്നാണ് ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം. ആലപ്പുഴ കൃഷ്ണപുരം കൊട്ടാരത്തിലെ തേവാരമുറിയില്‍ ചുവരില്‍ രചിച്ചിട്ടുള്ള ഗജേന്ദ്രമോക്ഷം ചിത്രമാണ് പ്രശസ്തികൊണ്ടും പഴമകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നത്. ഏകദേശം 49 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഈ രചനയെ മാതൃകയാക്കി ഗജേന്ദ്രമോക്ഷത്തെ ഒരുകാന്വാസില് പുനര്‍ജനിപ്പിച്ചിരിക്കുകയാണ് വളയന്‍ ചിറങ്ങര സ്വദേശിയായ പി.പി.രാജേന്ദ്രന് എന്ന ചുവര്ചിത്രകലാകാരന്.
2008ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് ജേതാവായ രാജേന്ദ്രന്റെ സൃഷ്ടി കൃഷ്ണപുരം ചിത്രത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്നതാണ്. മുതലയുടെ പിടിയില്പ്പെട്ടുഴലുന്ന ഗജേന്ദ്രന് മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നതും ഗരുഡന്റെ പുറത്തേറി പ്രത്യക്ഷപ്പെടുന്ന ഭഗവാന് ഒരു വശം ചരിഞ്ഞരീതിയിലും മനുഷ്യമുഖവും കൈകാലുകളുമുള്ള ഗരുഡന് രൗദ്രഭാവവുമാണ് കൊട്ടാരത്തിലെ ചിത്രത്തിനെങ്കില്‍ ആസ്വാദകന്റെ നേര്‍ക്ക് ഗമിക്കുന്ന ഭഗവാനും ധ്യാനവും ശാന്തഭാവവും കലര്‍ന്ന ഗരുഡനാണ് രാജേന്ദ്രന്റെ ചിത്രത്തില്‍ കാണുന്നത്.
ആരാധകന്മാരായ മുനിമാര്‍, ദേവീദേവന്മാര്, യക്ഷകിന്നരന്മാര് തുടങ്ങി പലതും രാജേന്ദ്രന് പുനരാവിഷ്കരിച്ചിട്ടുണ്ടെങ്കിലും വര്‍ണപ്രയോഗവും, ആടയാഭരണങ്ങളുടെ സ്ഥാനങ്ങള്‍കൊണ്ടും പ്രകടമായ വേര്‍തിരിവ് സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചിലഭാഗങ്ങളില്‍ കൃഷ്ണപുരം ചിത്രത്തില്‍ നിന്നും സമൂലമായ മാറ്റങ്ങളും അധികം കണ്ടിട്ടില്ലാത്ത ചിലരംഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് ഈ ചിത്രത്തിന് അര്ത്ഥവ്യാപ്തികൂട്ടിയിട്ടുണ്ട്.
പ്രധാന ചിത്രീകരണത്തിന്റെ ഇടതുവശത്തായി ഒരു കയ്യില്‍ മഴുവും മറുകയ്യില്‍ മാനുമായി. മറ്റ് രണ്ട് കൈകളും കൂപ്പി വെണ്മേഘങ്ങള്ക്കിടയില് നില്ക്കുന്ന ചതുര്‍ബാഹുവായ പരമശിവന്, ഇലത്താളവും വീണയും പിടിച്ചുള്ള അപ്സരസുകളുടെ വാദ്യഘോഷങ്ങള്‍ നര്‍ത്തകിമാര്‍ എന്നിവ ചിത്രത്തിന് മിഴിവ് പകരുന്നവയാണ്.
വൈക്കം മഹാദേവക്ഷേത്ര സന്നിധിയിലെ 1100 ചതുരത്രഅടി വിസ്തീര്‍ണമുള്ള ചുവര്‍ചിത്രങ്ങള്‍ 2 വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഭാഗ്യം ലഭിച്ച ഈ കലാകാരന് 30 ചതുരശ്രഅടിയോളം വരുന്ന കാന്‍വാസില്‍ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചത് 4 മാസം കൊണ്ടാണ്. വളയന്‍ചിറങ്ങറ സുവര്ണതീയറ്റേഴ്സിലെ ചിത്രകലാ അധ്യാപകനാണ് രജേന്ദ്രന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: