സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം പിജി സീറ്റുകളില്‍ സര്‍ക്കാരിന് പ്രവേശനം നടത്താമെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. അന്‍പത് ശതമാനം സീറ്റുകള്‍ ഏറ്റെടുത്തസര്‍ക്കാര്‍ നടപടിയെ അംഗീകരിച്ച് സര്‍ക്കാരിന് അലോട്ട്മെന്റുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. വിധി വന്നതോടെ സര്‍ക്കാര്‍ സീറ്റിലേക്കുള്ള അലോട്ട്മെന്റ് നടപടികള്‍ക്ക് തുടക്കമായി. സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് വന്ന ഈ വിധിയോടെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സ്വന്തം നിലയില്‍ നടത്തിയ പ്രവേശനം റദ്ദാക്കുകയാണ്.
സ്വാശ്രയ പ്രശ്നം കഴിഞ്ഞ പത്ത് കൊല്ലമായി കേരളത്തില്‍ ഒരു കീറാമുട്ടിയായി നിലനിന്നുവരികയാണ്. അയല്‍സംസ്ഥാനങ്ങളില്‍ സീറ്റ് തേടി പോകുന്ന വിദ്യാര്‍ത്ഥികളുടെ പണം കേരളത്തില്‍തന്നെ നില്ക്കട്ടെ എന്ന സദുദ്ദേശ്യത്തോടുകൂടി 2001 ല്‍ ആന്റണി സര്‍ക്കാരാണ് 12 സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചത്. 50:50 എന്ന അനുപാതത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും സീറ്റുകള്‍ പങ്കിടണമെന്നും രണ്ട് പ്രൊഫഷണല്‍ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന തത്വമാണ് നിലവില്‍വരുന്നതെന്നും അന്ന് പ്രചാരണം നടന്നു. പക്ഷെ ഇത് കര്‍ശനമായി നടപ്പാക്കാനുള്ള നിയമസംഹിതക്ക് രൂപം നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റുകള്‍ കൂടിയ വിലക്ക് വില്‍ക്കുന്ന രീതി തടയാന്‍ സാധ്യമായില്ല. വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രക്ഷോഭത്തിനും കല്ലേറിനും മുതിര്‍ന്നെങ്കിലും ഇടതു-വലതു ഭരണത്തില്‍ ഈ ചാക്രിക പരിപാടി തുടര്‍ന്നു.
ഈ പ്രശ്നം ഇപ്പോള്‍ രൂക്ഷമാക്കിയത് ക്രൈസ്തവസഭ സ്വന്തമായി പ്രവേശനം നടത്തുമെന്ന കടുംപിടിത്തവും അതിന് കെ.എം. മാണി നയിച്ച മന്ത്രിസഭാ ഉപസമിതി സ്വീകരിച്ച വിധേയത്വ നിലപാടുമാണ്. മറ്റ് മാനേജ്മെന്റ് അസോസിയേഷനുകള്‍ 50:50 ഫോര്‍മുല അംഗീകരിച്ചപ്പോഴും ക്രിസ്ത്യന്‍ മാനേജ്മെന്റും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിയന്ത്രിത പരിയാരം മെഡിക്കല്‍ കോളേജുമാണ് സ്വയം പ്രവേശന തത്വത്തില്‍ ഉറച്ചുനിന്നത്. ഈ പ്രശ്നം ഇടതുസര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നെങ്കിലും ഇപ്പോള്‍ തെരുവ് ചുവപ്പിക്കുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ നിശ്ശബ്ദാനുകൂലികളായിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടിക്കൊടുത്തതും പ്രൊഫഷണല്‍-എംഇഎസ് മാനേജ്മെന്റുകള്‍ അംഗീകരിച്ചു. സമയക്കുറവ് പ്രശ്നം ഉണ്ടാക്കില്ല എന്ന നിലപാടാണവര്‍ സ്വീകരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധമായി പ്രവേശനം നേടിയവരെ പുറത്താക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. സുപ്രീംകോടതിവിധിക്കനുസൃതമായിട്ടായിരിക്കും ഹൈക്കോടതിവിധി എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പശ്ചാത്തലമിതായിരിക്കെ ഇടതുപക്ഷാനുകൂല വിദ്യാര്‍ത്ഥിസംഘടനകള്‍ നടത്തുന്ന സമരം ആസൂത്രിതമാണെന്നും വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചത് ഇടതുപക്ഷ നിര്‍ദ്ദേശപ്രകാരം ജനവികാരം ഭരണപക്ഷത്തിനെതിരെ ആളിക്കത്തിക്കാനുമാണെന്ന ധാരണ ശക്തമാകുന്നുണ്ട്. ഡിജിപി ഇടതുപക്ഷ അനുഭാവിയാണെന്നും ഇടതുപക്ഷാനുഭാവമുള്ള പോലീസ് വിശ്വസിക്കുന്നു. അക്രമസമരങ്ങളെ പുകമറയാക്കി സമരം സ്വാശ്രയപ്രശ്നത്തിനെതിരെ, പിന്നീട് വിദ്യാര്ത്ഥിമര്ദ്ദനത്തിനെതിരെ എന്ന മട്ടില്‍ തുടര്‍ക്കഥയാകാനും സാധ്യത ഉയരുന്നു. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് എംബിബിഎസിന് സ്വന്തം നിലയില്‍ പ്രവേശനപരീക്ഷ നടത്താനും ജൂണ്‍ 15 ന് മുന്‍പ് പരീക്ഷ നടത്തി 20 ന് മുന്‍പ് ഫലം പ്രഖ്യാപിക്കണമെന്നുംകൂടി സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകള്‍ ഈ നിര്ദ്ദേശത്തില്പ്പെടുന്നില്ല. അന്‍പത് ശതമാനം സീറ്റിലേക്കാണ് നേരിട്ട് പരീക്ഷ നടത്താനുള്ള അനുമതി.50:50 അനുപാതത്തില്‍ സര്‍ക്കാര്‍ നിലപാടിനനുകൂലിച്ച് വിധി വന്നെങ്കിലും സ്വാശ്രയ പ്രശ്നം അവസാനിക്കുന്നില്ല. വിധിയുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തിയ പ്രവേശനം റദ്ദാകുമ്പോള്‍ കുട്ടികള്‍ കോടതിയെ സമീപിക്കും. ഒപ്പം ക്രിസ്ത്യന്‍ മാനേജ്മെന്റുകളും ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നുറപ്പാണ്. ഈ സ്വാശ്രയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കര്‍ശനമായ ഒരു നിയമ ചട്ടക്കൂട് പ്രാവര്‍ത്തികമാക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: