പ്രതീക്ഷിച്ചപോലെ ലോക്പാല്‍ സമിതിയുടെ അന്തിമയോഗവും സമവായം കണ്ടെത്താനാകാതെ അലസിപ്പിരിഞ്ഞതോടെ ലോക്പാല്‍ ബില്‍ ആശയദാതാവായ അണ്ണാ ഹസാരെ വീണ്ടും ഉപവാസപാതയിലേക്ക്. അഴിമതി ബ്രാന്‍ഡാക്കിയ യുപിഎ സര്‍ക്കാരിനെതിരെ അഴിമതിവിരുദ്ധ സമരപ്രഖ്യാപനവുമായി നിരാഹാരം തുടങ്ങിയ ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം പൗരസമൂഹത്തെ പ്രതിനിധീകരിച്ച് പ്രശാന്ത് ഭൂഷണ്, ശാന്തിഭൂഷണ്‍ എന്ന വിദഗ്ധ അഭിഭാഷകരും അരവിന്ദ് ഖേജര്വാളും കിരണ്‍ ബേദിയും എല്ലാം അണിനിരന്ന് അഴിമതിയെ പ്രതിരോധിക്കാന്‍ ലോക്പാല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ ആഹ്വാനത്തിന്റെ മാറ്റൊലി ഇന്ത്യ ഒട്ടാകെ മുഴങ്ങിയിരുന്നു. പൗരജനസമൂഹത്തിന്റെ കടുത്ത പ്രതികരണത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കി ലോക്പാല്‍ സമിതി രൂപീകരണത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനായി ഒരു കമ്മറ്റിയെയും രൂപീകരിച്ചു. പക്ഷെ പൗരജന പ്രതിനിധികളുടെ ആവശ്യമനുസരിച്ചുള്ള ഒരു ലോക്പാല്‍ രൂപീകരണത്തിന് യുപിഎ വഴങ്ങാതിരുന്നത് ലോക്പാലിന്റെ പരിധിയില്‍ അഴിമതി നടത്താന്‍ സാധ്യതയുള്ള ഉന്നത ജുഡീഷ്യറി, എംപിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിബിഐ മുതലായ സംവിധാനങ്ങളെ ഒഴിവാക്കാനും പ്രത്യേകിച്ചും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്നും ഒഴിവാക്കണം എന്ന ദൃഢനിലപാടില് ഉറച്ചുനിന്നതിനാലും ആണ്. യഥാര്‍ത്ഥത്തില്‍ അഴിമതി നടത്താന്‍ സാധ്യതയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഒഴിവാക്കണമെന്ന് യുപിഎ സര്‍ക്കാര്‍ പ്രതിനിധികള്‍ ശഠിക്കുമ്പോള്‍ തെളിയുന്നത് ഇവര്‍ക്ക് അഴിമതിക്ക് അറുതിവരുത്താന്‍ ഉദ്ദേശ്യമില്ല എന്ന വ്യക്തമായ നിലപാടാണ്.
നേരത്തെ ആറ് അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ചൊവ്വാഴ്ചയിലെ യോഗത്തില്‍ അത് ഒന്‍പതെണ്ണമായി. അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം, സ്വതന്ത്രമായ അന്വേഷണ വിചാരണാ സംവിധാനം എന്നിവ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. പ്രധാനമന്ത്രിയെ ചോദ്യംചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ് എന്ന് പ്രണബ് മുഖര്‍ജി വാദിക്കുമ്പോള്‍ ഭൂരിപക്ഷ, സഖ്യകക്ഷി നേതാക്കള്‍ രൂപീകരിക്കുന്ന കാബിനറ്റിന്റെ റബ്ബര്‍സ്റ്റാമ്പ് മാത്രമാണ് പാര്‍ലമെന്റ് എന്ന് പൊതുജനസമൂഹ പ്രതിനിധികള്‍ വാദിക്കുന്നു. ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങുന്ന ജനപ്രതിനിധികളുടെ സഭയാണ് ലോക്സഭ. പാര്‍ലമെന്റംഗങ്ങളുടെ പെരുമാറ്റം ഫണ്ടിന് മാതൃക, സിബിഐയും ലോകായുക്തയും ലോക്പാല്‍ പരിധിയില്‍ വരേണമോ? ലോക്പാലിന് ഏതൊക്കെ അധികാരങ്ങള്‍, അതിന്റെ നിര്‍വചനം, ലോക്പാലിനെ രൂപീകരിക്കുകയും പുറത്താക്കുകയും ചെയ്യുന്ന സമിതിയുടെ ഘടന ഇവ ഒന്നിലും സമവായം കണ്ടെത്താനായില്ല. ലോക്പാല്‍ നിയന്ത്രണങ്ങള്‍ക്കതീതമായാല്‍ അത് സമാന്തര ഭരണ നിര്‍വഹണ, നീതിനിര്‍വഹണ സംവിധാനമാകും എന്ന ആശങ്കയാണ് പൗരസമിതിയുടെ സങ്കല്‍പ്പത്തിലുള്ള ലോക്പാല്‍ സംവിധാനത്തിനെതിരെ ഉയര്‍ന്ന എതിര്‍പ്പിന് പ്രധാന കാരണം. ഇപ്പോള്‍ ഫലത്തില്‍ രണ്ട് കരട് ബില്ലുകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ലോക്പാല്‍ രൂപരേഖയും അണ്ണാ ഹസാരെ ടീമിന്റെ ലോക്പാല്‍ കരട് രേഖയും ഇവ തമ്മില്‍ യാതൊരു യോജിപ്പുമില്ല. സര്‍ക്കാര്‍ കരട് ബില്‍ പ്രകാരം നിര്‍ദ്ദിഷ്ട ലോക്പാല്‍ സംവിധാനത്തിന് അര്‍ധ ജുഡീഷ്യല്‍ അധികാരം മാത്രമേ നല്‍കുകയുള്ളൂ. സ്വതന്ത്രമായ അന്വേഷണം, പൂര്‍ണ പോലീസ് അധികാരം എല്ലാം നല്കുമ്പോഴും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇതിന് അധികാരമില്ല. ഗ്രൂപ്പ് എ വരെയുള്ള ഓഫീസര്മാര്ക്കെതിരെവരെ മാത്രം കേസെടുക്കാം. സിബിഐ, സിവിസി എന്നിവയെ പരിധിയില്പ്പെടുത്തുകയില്ല.
സ്വാഭാവികമായും സര്‍ക്കാര്‍ ബില്‍ നിരാശാജനകമെന്ന് പൗരസമൂഹ പ്രതിനിധികള്‍ വിലയിരുത്തുന്നു. ലോക്പാലിനെ തെരഞ്ഞെടുക്കുന്ന പാനലിനെ സംബന്ധിച്ച് ഒരു സാധാരണ പൗരനും അയാളെ നീക്കം ചെയ്യാന്‍ കോടതിയെ സമീപിക്കാം എന്ന നിര്‍ദ്ദേശംപോലും പൊതുജനസമൂഹ കരട് ബില്ലിലുണ്ട്. ഇപ്പോള്‍ വിയോജിപ്പില്‍ യോജിച്ച് ചര്‍ച്ച അവസാനിച്ചു. സര്‍ക്കാരും പൗരസമൂഹ പ്രതിനിധികളും വ്യത്യസ്ത കരടുബില്ലുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. എതിര്‍പ്പുകള്‍ രേഖപ്പെടുത്തി ഇവ കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആഗസ്റ്റ് 16 മുതല്‍ അണ്ണാ ഹസാരെ സത്യഗ്രഹം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കളങ്കിത മുഖഛായ ഒന്നുകൂടി രൂക്ഷമാക്കിയാണ് ഇപ്പോള്‍ ലോക്പാല്‍ ബില്‍ ചര്‍ച്ച അവസാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: