കോട്ടയം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസില്‍ ട്രാന്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ട്രാന്‍സ്ഫോര്‍മറിലെ മിന്നല്‍രക്ഷാ കവചം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കെഎസ്ഇബിയിലെ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭ(48), തൊടുപുഴ സ്വദേശിനി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മെറിന് ഐസക്(26) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതില്‍ പ്രഭയ്ക്ക് 80 % പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. മെറിന് ഐസക്കിന് ് 70 % പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. അഞ്ചാംനമ്പര്‍ പവര്‍ഹൗസിലെ പാനല്‍ ബോര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടര്‍ന്ന് ട്രാന്ഫോര്മറിലേക്ക് തീ പടരുകയായിരുന്നു. ഇതോടെ ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉല്പാദനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തുരങ്കത്തിനുള്ളിലാണ് പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ വ്യാപിച്ച പുക അകറ്റുന്നതിനുളള ശ്രമം പുരോഗമിക്കുകയാണ്.
പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നതിനിടെ ഇടിമിന്നലുണ്ടാകുകയും പെട്ടെന്ന് പവര്‍ഹൗസിനുള്ളില്‍ തീയും പുകയും ഉയരുന്നതാണ് കണ്ടതെന്നും ഒരു ഉദ്യോഗസ്ഥന് വിശദീകരിച്ചു. ഇടുക്കി പദ്ധതി പ്രദേശത്തും മൂലമറ്റത്തും കനത്ത മഴയാണ് ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്നത്. പദ്ധതി പ്രദേശത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ ആഴത്തിലാണ് പവര്‍ഹൗസ് സ്ഥിതി ചെയ്യുന്നത്. അഗ്നിബാധയെ തുടര്‍ന്ന് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 130 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്ത് വൈദ്യുതി ഉല്പാദനത്തിന് ഉപയോഗിക്കുന്നത്. മലയ്ക്കുള്ളില്‍ തുരങ്കത്തിനുള്ളിലാണു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കവാടത്തില്‍നിന്നു കേന്ദ്രത്തിലെത്താന്‍ 600 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ സഞ്ചരിക്കണം.
രണ്ടു തട്ടുകളിലായി ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം തട്ടില്‍ വരുന്ന ഒന്ന്, രണ്ട്, മൂന്ന് ജനറേറ്ററുകളില്‍ ഒന്ന് രാത്രി വൈകി ഭാഗികമായി പ്രവര്‍ത്തനം പുനഃരാരംഭിച്ചു. രണ്ടാം തട്ടില്‍ ഉള്‍പ്പെടുന്ന നാല്, അഞ്ച്, ആറ് ജനറേറ്ററുകളില്‍ നിന്നും വൈദ്യുതി ഉത്പാദനം ഇപ്പോള്‍ സാധ്യമല്ല. ഉത്പാദനം തടസപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: