ശ്രീഹരി ഭുവനചന്ദ്രന്
കളിയെ കളിയായി കാണൂ…. വിജയവും തോല്‍വിയും സ്വാഭാവികം മാത്രം. തോല്‍ക്കുമ്പോള്‍ കൊലവിളി നടത്തുകയും വിജയിക്കുമ്പോള്‍ ആര്പ്പുവുളിക്കുകയും ചെയ്യുന്നവര്‍ ഫുട്ബോളിനെ മനസുകൊണ്ട് സ്നേഹിക്കുന്നവരല്ല. അവര്‍ ആദ്യവസാനം വരെ ടീമിനെ ചേര്‍ത്തുപിടിക്കില്ല. യഥാര്‍ത്ഥ ഫുട്ബോള്‍ ആരാധകരുടെ മനസിലേക്കാണ് താന്‍ കളി പറയുന്നതെന്നും ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പ്രമുഖ മലയാളം കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ പറഞ്ഞു.
കമന്ററി എന്നാല്‍ കളി പറച്ചിലാണ്. അവിടെ ഗോളടിക്കുമ്പോള്‍ ആഘോഷിക്കും. പിഴവ് വരുത്തുമ്പോള്‍ വിമര്‍ശിക്കും. ഒരേ സമയം നിരൂപകനും വിമര്‍ശകനും നിരീക്ഷകനും തത്സമയ വിവര്ത്തകനുമാകുന്ന നിമിഷം. നാവിന്റെ തുമ്പില്‍ നിന്ന് തൊടുക്കുന്ന വാക്കുകള്‍ ഒരു ജനതിയിലേക്കാണ് എത്തുന്നതെന്ന കൃത്യമായ ബോധ്യമുണ്ട്. തലച്ചോറും നാവും തമ്മിലുള്ള ബന്ധം എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നെന്ന് വമര്ശകര്ക്കറിയേണ്ടതില്ലല്ലോ.
ചിലപ്പോള്‍ കളിയിലുണ്ടാകുന്ന പിഴവിനെ വിമര്‍ശിക്കേണ്ടി വരും. ഈ വിമര്‍ശനങ്ങളെ എന്തിനാണ് എതിര്‍ക്കുന്നത്. ഇക്കൂട്ടര്‍ അന്ധരാണെന്ന് പറയാതെ വയ്യ. ബ്ലാസ്റ്റേഴ്സ് തോല്‍ക്കുമ്പോള്‍ അവരുടെ പിഴവുകളെ തുറന്നുകാട്ടുകയും വിജയിക്കുമ്പോള്‍ നിറക്കൂട്ടുകളോടെ അഭിനന്ദിക്കുകയും ചെയ്യുന്നത് തൊഴിലിന്റെ ഭാഗമാണ്. അതാണ് കമന്ററി.
വിമര്‍ശകരോട് പറയാനുള്ളത് ഒന്നു മാത്രം. എന്റെ തൊഴില്‍ കളി പറയുന്നതാണ്. ആ തൊഴില്‍ സ്വന്തം ശൈലിയില്‍ ഞാന്‍ ഭംഗിയായി നിര്‍വഹിക്കും. മറ്റുള്ളവരുടെ വാശിക്കനുസരിച്ച് കളി പറയാന്‍ തനിക്കാകില്ല. പരാജയപ്പെടുമ്പോള്‍ ചുറ്റിനുമുള്ളതിനെയെല്ലാം വിമര്‍ശിക്കുന്നത് മൂഢന്മാരുടെ ഭാവനയാണ്. കമ്മന്ററിയോ ആരാധകരോ കളിയെ ബാധിക്കില്ല. ഈ ചിന്ത യുക്തിരഹിതമാണ്. തോല്‍ക്കുമ്പോള്‍ മാത്രം ഉണ്ടാകുന്ന വാദം. ഒരു കമന്ററി എങ്ങനെ ടീമിന്റെ തോല്‍വിയില്‍ നിര്‍ണ്ണായക ഘടകമാകും. അങ്ങനെ പറയുന്നെങ്കില്‍ ടീം വിജയിക്കുമ്പോള്‍ കമന്ററിയുടെ സ്വാധീനത്തെ കളിയേക്കാളേറെ നിര്‍ണ്ണായക ഘടകമായി വിലയിരുത്താനാകുമോ.
ഇഷ്ടപ്പെടുന്ന ടീം തോല്‍ക്കുകയും പ്രതീക്ഷിച്ചത് നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ നിരാശരാകും. ആ നിരാശയില്‍ നിന്നുണ്ടാകുന്ന അഭിപ്രായങ്ങള്‍ മാത്രമാണിത്. തൊട്ടതും പിടിച്ചതുമെല്ലാം കുറ്റമാകുന്ന പ്രത്യേക മാനസികാവസ്ഥ. തോല്‍ക്കുമ്പോള്‍ കൊലവിളി നടത്തുന്നതും വിജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുന്നതും ശരിയല്ല. കളിയെ കളിയുടെ പാട്ടിന് വിടുക. ജയത്തെ ജയമായും തോല്‍വിയെ തോല്‍വിയായും കാണുക. രണ്ട് സംഭവിച്ചാലും മതിമറന്ന് പ്രതികരിക്കരുത്. ഒരു പതിറ്റാണ്ട് കളി പറഞ്ഞ തനിക്ക് ഇതാണ് ആരാധകരോട് പറയാനുള്ളത്. ട്രോളുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ പോസിറ്റീവ് സൈഡ് കണ്ടെത്താനാണ് ശ്രമം. എത്രയെത്ര ട്രോളുകള്‍ വന്നു. ചിലര്‍ തന്നെ പിന്തുണക്കുന്നു മറ്റൊരു വിഭാഗം എതിര്‍ക്കുന്നു. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പിഎസ്സിക്ക് തയാറെടുക്കുന്നവര്‍ ഷൈജുവിന്റെ കമന്ററി കേള്‍ക്കണമെന്ന ട്രോള്‍. ആദ്യം ഹാസ്യം തോന്നിക്കുമെങ്കിലും അവിടെയും ഒരു പ്ലസ് പോയിന്റുണ്ട്. ജനങ്ങളിലേക്ക് കൂടുതല്‍ വിവരങ്ങള്‍ കൈമാറാനായെന്ന സന്തോഷം. എന്നും അഭിമാനത്തോടെ മാത്രമാണ് കളി പറഞ്ഞിട്ടുള്ളത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) മുതല്‍ ഐഎസ്എല്ലും ഫിഫ ലോകകപ്പും വരെയുള്ള പ്രയാണം ആശ്ചര്യത്തിന്റേതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്പെയ്ന്‍ പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൊണോള്‍ഡോയുടെ ഫ്രീകിക്ക് ഗോള്‍ സുന്ദരമായി വിവരിച്ച ഷൈജു ദാമോദരന്‍ ലോക ശ്രദ്ധ നേടിയിരുന്നു. ന്യൂസിലന്‍ഡിലെ റേഡിയോ മുതല്‍ ബിബിസി വരെ ഷൈജുവിന്റെ കമന്ററിയുടെ മികവ് എടുത്തു കാട്ടിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രകടനം നിരാശയുടേതാണെന്നും ഷൈജു ദാമോദരന്‍ പറഞ്ഞു. ആദ്യ നാല് മത്സരങ്ങളില്‍ വിജയമില്ല. അടുത്ത ആറ് മത്സരങ്ങളില്‍ നാലിലെങ്കിലും വിജയിക്കൊടി പാറിക്കണം. ലീഗിന്റെ പാതി കളി പിന്നിടുമ്പോള്‍ സുരക്ഷിത സ്ഥാനത്തെത്തണമെങ്കില്‍ അടുത്ത മത്സരങ്ങളില്‍ വിജയിച്ചേ തീരൂ. ഒത്തിണക്കത്തോടെ കളിച്ചാല്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകുമെന്നും ഷൈജു ദാമോദരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: