തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരശേഖരണത്തിന് നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ കഴിയുന്ന ജിഎഎന്‍ (ജനറേറ്റിവ് അഡ്വെര്സറിയല് നെറ്റ് വര്‍ക്ക്)-നു വേണ്ടിയുള്ള സങ്കീര്‍ണമായ അനലോഗ് സര്‍ക്യൂട്ടുകള്‍ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) ജര്‍മന്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തു.
ജര്‍മനിയിലെ സീഗന്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അനലോഗ് സര്‍ക്യൂട്ട്സ് ആന്‍ഡ് ഇമേജ് സെന്‍സേര്‍സ് ലാബ്, ഫ്രോണ്‍ഹോഫര്‍ എന്നിവയുമായി സഹകരിച്ചു നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചത്. ഐഐഐടിഎം-കെയുടെ കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ന്യൂറോമോര്‍ഫിക് സിസ്റ്റംസ് സെന്ററിലായിരുന്നു ഗവേഷണം.
ഏറ്റവും പുതിയ കൊറോണ വൈറസിന്റെ ഘടനയടക്കമുള്ള വിവരങ്ങള്‍ നിര്‍മിത ബുദ്ധി കണ്ടുപിടിച്ച് വിലയിരുത്തി രൂപപ്പെടുത്തുന്നതിനുള്ള ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. ഇതിനായി ജിഎഎന്‍ എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ തലച്ചോറിനു സമാനമായ ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കാന്‍ നിര്‍മിതബുദ്ധിയിലൂടെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ശ്രമിക്കുന്നത്. ഇതുപയോഗിച്ച് ജിഎഎന്‍-ലൂടെ വ്യക്തികളുടേതിനു സമാനമായ വ്യാജ ശബ്ദങ്ങളും ദൃശ്യങ്ങളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. വൈറസ് ഘടനയ്ക്ക് സമാനമായ പുതിയ തന്മാത്രാ ഘടനകള്‍ സൃഷ്ടിച്ച് വൈറസിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തനം നടത്താനാണ് ഇപ്പോള്‍ ജിഎഎന്‍-ലൂടെ ശ്രമിക്കുന്നത്.
അത്യന്തം സങ്കീര്‍ണമായ ഈ ഗവേഷണത്തില്‍ ജിഎഎന്‍-നുവേണ്ടി നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ അനലോഗ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളാണ് ഐഐഐടിഎം-കെയില്‍ യാഥാര്‍ഥ്യത്തിലെത്തിയതെന്ന് സ്കൂള്‍ ഓഫ് ഇലക്ട്രോണിക്സ് പ്രൊഫസറായ ഡോ. എ.പി ജെയിംസ് പറഞ്ഞു. മനുഷ്യന്റെ തലച്ചോറിനു സമാനമായ ശേഷി നിര്‍മിതബുദ്ധിയിലൂടെ കൈവരിക്കണമെങ്കില്‍ അനലോഗ് മാതൃകയിലുള്ള ന്യൂറല്‍ ചിപ്പുകള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐഐടിഎം-കെയില്‍ വികസിപ്പിച്ച അനലോഗ് ജിഎഎന്‍ ഈ മേഖലയില്‍ പുത്തന്‍ ആപ്ലിക്കേഷനുകള്‍ കണ്ടുപിടിക്കുന്നതിനു സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വൈറസ് തന്മാത്രാ ഘടന നിര്‍ണയിക്കാന്‍ പ്രയോജനപ്പെടും.
ഈ ഗവേഷണഫലങ്ങള്‍ പ്രശസ്തമായ നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേണലില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: