ന്യൂദല്‍ഹി:മ്യാന്‍മറില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അവിടുത്തെ അഞ്ച് ഭീകരക്യാമ്പുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയെന്നും മൂന്ന് നേതാക്കളെയും 19 ഭീകരരെയും ഇന്ത്യന്‍ സേന വധിച്ചെന്ന് ഉള്‍ഫ ഐ എന്ന ഭീകരവാദസംഘടന ആരോപിക്കുന്നു. പക്ഷെ ഇന്ത്യന്‍ കരസേനയും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയും ഈ ആക്രമണവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ജൂലായ് 13 ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാലുമണിക്കും ഇടയിലാണ് ഡ്രോണ്‍, മിസൈല്‍ ആക്രമണമെന്ന് പറയുന്നു. മ്യാന്‍മര്‍ സൈന്യവും ഈ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇന്ത്യയെ സഹായിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഭീകരവാദഗ്രൂപ്പുകള്‍ മ്യാന്‍മര്‍ സൈന്യത്തിനും തീരാത്തലവേദനയാണ്.
നാഗാലാന്‍റ് -മ്യാന്‍മര്‍ അതിര്‍ത്തിയിലും അരുണാചല്‍-മ്യാന്‍മര്‍ അതിര്‍ത്തിയിലും പ്രവര്‍ത്തിച്ചുവന്നിരുന്ന അഞ്ച് ഭീകരക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് ഉള്‍ഫ ഐ അഥവാ ഉള്‍ഫ ഇന്‍ഡിപെന്‍റന്‍ഡ് നേതാക്കള്‍ അവകാശപ്പെടുന്നത്. .ഉള്‍ഫ ഇന്‍ഡിപെന്‍റന്‍ഡ്, എന്‍എസ് സിഎ കപ്ലാംഗ് എന്നീ ഭീകരസംഘങ്ങള്‍ക്കാണ് ആക്രമണത്തില്‍ നാശമുണ്ടായത്. ഇവരുടെ രണ്ട് ഉയര്‍ന്ന നേതാക്കളും 19 ഭീകരരും കൊല്ലപ്പെട്ടതായാണ് ഇവരുടെ അവകാശവാദം.
എന്തുകൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക്?
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരവാദഗ്രൂപ്പുകള്‍ ഇന്ത്യയിലെ മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തി ഓടിമറയുന്നത് പതിവായിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു. ഇതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷപാര്‍ട്ടികളുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. ചൈനയാണ് ഈ ഭീകരവാദഗ്രൂപ്പുകള്‍ക്ക് ആയുധവും ആക്രമണപദ്ധതികളും നല്‍കുന്നതെന്നാണ് ഇന്ത്യന്‍ സേന ആരോപിക്കുന്നത്. എന്തായാലും ഇവരുടെ ശല്ല്യം സഹിക്കവയ്യാതായപ്പോഴാണ് ഒരു മുന്നറിയിപ്പെന്ന നിലയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഔദ്യോഗികമായി ഈ സര്‍ജിക്കല്‍ സ്ട്രൈക്കിനെ നിഷേധിക്കുന്നു.
ആരാണ് ഉള്‍ഫ ഐയും എന്‍എസ് സിഎ കപ്ലാംഗ് ഗ്രൂപ്പും?
പരേഷ് ബറുവ എന്ന നേതാവ് മ്യാന്‍മറില്‍ നിന്നും നിയന്ത്രിക്കുന്ന സംഘടനയാണ് ഉള്‍ഫ ഐ എന്നറിയപ്പെടുന്ന ഉള്‍ഫ ഇന്‍ഡിപെന്‍റന്‍ഡ്. ഇത് ഒരു ഗറില്ലഗ്രൂപ്പാണ്. അരുണാചല്‍പ്രദേശിനടുത്തുള്ള മ്യാന്‍മറിലെ സഗായിംഗ് ഡിവിഷന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ക്യാമ്പുകള്‍. ഒരു നാഗാ വിഘടനവാദ ഗ്രൂപ്പാണ് എന്‍എസ് സിഎ കപ്ലാംഗ്. മ്യാന്‍മറും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തെ നാഗാമേഖലകളും ചേര്‍ത്ത് പ്രത്യേകരാജ്യമാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ ക്യാമ്പുകളില്‍ ആളില്ലാതെ പറക്കുന്ന ആകാശവാഹനങ്ങളായ ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 100 ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്നു. ഇതില്‍ ഹൊയാത്ത് ബസ്തിയിലെ ഉള്‍ഫ ഐ ഹെഡ് ക്വാര്‍ട്ടേഴ്സ്, വക്തം ബസ്തിയിലുള്ള ഉള്‍ഫ ഐയുടെ 779 ഭീകരക്യാമ്പ്, എന്‍എസ് സിഎന്‍ കാപ്ലാംഗിന്റെ ഒരു ഭീകരകേന്ദ്രം എന്നിവയാണ് ഇന്ത്യന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ടതെന്നറിയുന്നു.
ഉള്‍ഫ ഐയുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സഗായിംഗ് എന്ന മ്യാന്‍മറില്‍ ഉള്‍പ്പെട്ട സ്ഥലത്ത് നിബിഡവനമേഖലയാണ്. അതുകൊണ്ടാണ് ഇവിടം ഭീകരഗ്രൂപ്പുകള്‍ ക്യാമ്പുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. വഖ്തം ബസ്ടി, ഹൊയത് ബസ്ടി, ഹകിയോട്ട് എന്നിവിടങ്ങളിലും ക്യാമ്പുകള്‍ ഉണ്ട്. അരുണാചല്‍പ്രദേശിലെ ലോംഗ്ഡിങ് ജില്ലയ്‌ക്ക് എതിരെയാണ് മ്യാന്‍മറിലുള്ള ഈ പ്രദേശങ്ങള്‍. ഭീകരരുടെ മറ്റൊരു പ്രദേശമാണ് ചൈന-മ്യാന്‍മര്‍ അതിര്‍ത്തിപ്രദേശങ്ങള്‍. ഇവിടെയാണ് മണിപ്പൂരില്‍ കുഴപ്പമുണ്ടാക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ), കെവൈകെഎല്‍, പിആര്‍ഇപിഎകെ, ആര്‍പിഎഫ് എന്നിവ ഭീകരക്യാമ്പുകള്‍ വെച്ചിരിക്കുന്നത്.
നേതാവിന്റെ ശവസംസ്കാരച്ചടങ്ങിനിടെ മിസൈല്‍ ആക്രമണം
ആദ്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഉള്‍ഫ ഐയുടെ ലഫ്. ജനറലായ നയന്‍ അസോം കൊല്ലപ്പെട്ടത്രെ. തുടര്‍ന്ന് അനുയായികള്‍ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങ് നടത്തുന്നതിനിടയില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. ഇതില്‍ ഭീകരഗ്രൂപ്പിന്റെ ബ്രിഗേഡിയര്‍ ഗണേഷ് അസോം, കേണല്‍ പ്രദീപ് അസോം എന്നിവര്‍ കൊല്ലപ്പെട്ടെന്നും പ്രകാശ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ ഐ അവകാശപ്പെടുന്നു. ഇതിന് പുറമെ 19 ഭീകരര്‍ കൊല്ലപ്പെടുകയും മറ്റ് 19 ഭീകരര്‍ക്ക് പരിക്കേറ്റതായും പറയുന്നു.
അസം റൈഫിള്‍സും പങ്കെടുത്തെന്ന് ഉള്‍ഫ ഐ, ഇല്ലെന്ന് അസം റൈഫിള്‍സ്
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ ആഭ്യന്തര സുരക്ഷയുടെയും ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ സുരക്ഷയുടെയും ഇരട്ട ഉത്തരവാദിത്ത്വമുള്ള അര്‍ധസൈനികവിഭാഗമായ ആസ്സം റൈഫിൾസും ഈ ആക്രമണത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ തങ്ങള്‍ പങ്കെടുത്തില്ലെന്നാണ് അസം റൈഫിള്‍സിന്റെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. അരുണാചല്‍പ്രദേശ് മുതല്‍ മിസോറാം വരെ 1600 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിപ്രദേശം. നാഗാലാന്‍റ്, മിസോറാം, അരുണാചല്‍പ്രദേശ് എന്നീ സംസ്ധാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ അതിര്‍ത്തിപ്രദേശം. ഇവിടെയാണ് ഈ ഭീകരവാദസംഘടനകളുടെ വിളയാട്ടം.
ചൈനയുടെ സഹായം കൈപ്പറ്റി ഇന്ത്യയില്‍ വിഘടനവാദവും ഭീകരാക്രമണവും നടത്തുന്നവരാണ് മ്യാന്‍മറിലെ ഉള്‍ഫ ഐയും എന്‍എസ് സിഎ കപ്ലാഗും. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: