തിരുവനന്തപുരം: ലോകത്തിലെ തന്നെ മികച്ച ആതുരശുശ്രൂഷ മേഖലയാണ് കേരളം. അതിനെ അപകീർത്തിപ്പെടുത്താനാണ് ചെറിയ കാര്യങ്ങളെ പർവതീകരിച്ച് വിചാരണ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലും തുടർന്നുണ്ടായ വിവാദങ്ങളിലുമാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ആരോഗ്യമേഖലയാകെ തകർന്നുവെന്ന് വരുത്തി തീർക്കാനാണ് യു.ഡി.എഫ് ശമം. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കപോലും വിറങ്ങലിച്ചുനിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ ഒരു കേന്ദ്രമാണ് കേരളം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമമോ മറ്റു പ്രശ്നങ്ങളോ വന്നാൽ അതോടുകൂടി കേരളത്തിലെ ജനകീയാരോഗ്യപ്രസ്ഥാനം തകർന്നുവെന്ന് പറയാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കേരളത്തിലെ ജനകീയാരോഗ്യപ്രസ്ഥാനത്തെ ലോകംതന്നെ പ്രശംസിച്ചതാണ്. അതിലെവിടെയെങ്കിലും ചെറിയൊരു പ്രശ്നം ഉണ്ടാകുമ്പോൾ അത് പർവതീകരിച്ച് ആരോഗ്യമേഖലയ്‌ക്കെതിരേ തിരിയുകയാണ്. ഇത് പ്രത്യേകരീതിയിലുള്ള മാനസികാവസ്ഥയാണെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: