ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന പട്ടണത്തിന്റെ നിയന്ത്രണം ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പിടിച്ചെടുത്തു. കലത് ജില്ലയിലെ തന്ത്രപ്രധാന പട്ടണമായ മംഗോച്ചറിന്റെ നിയന്ത്രണമാണ് പിടിച്ചെടുത്തത്. ബലൂച് തലസ്ഥാനമായ ക്വറ്റയെ കറാച്ചിയുമായി ബന്ധിപ്പിക്കുന്ന ക്വറ്റ-കറാച്ചി ഹൈവേ തടസപ്പെടുത്തി പാക് സര്‍ക്കാരിന്റെ ഓഫീസുകളും കെട്ടിടങ്ങളും ബിഎല്‍എ പിടിച്ചെടുത്തു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിഎല്‍എയുമായി ബന്ധമുള്ള സായുധ സംഘം കഴിഞ്ഞ ദിവസമാണ് സംഘടിതമായ നീക്കം നടത്തിയത്. മംഗോച്ചറിലൂടെ കടന്നുപോകുന്ന എന്‍25 ഹൈവേയില്‍ മുഖംമൂടി ധരിച്ച ബലൂച് ആര്‍മി സൈനികര്‍ റോഡ് തടയുകയും ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഹൈവേ പിടിച്ചെടുത്തതിന് പിന്നാലെ, ബിഎല്‍എ മംഗോച്ചറിലെ പട്ടണകേന്ദ്രത്തിലേക്ക് ഇരച്ചുകയറി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിട്ടു. നിരവധി സൈനിക ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ്, പാക് പട്ടാളത്തിന് നേരെ നടന്ന ആക്രമണത്തില്‍ പത്ത് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: