രണ്ട് തവണ വിവാഹിതയായിട്ടും തനിക്ക് നല്ലൊരു ജീവിതം ലഭിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടി ശാന്തി കൃഷ്ണ. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇപ്പോഴും പുഞ്ചിരിയോടെ നില്ക്കാന് കഴിയുന്നത്. ഇരുപതുകളും മുപ്പതുകളും നാല്‍പ്പതുകളും രണ്ട് വിവാഹങ്ങളിലൂടെ കടന്നു പോയി. രണ്ടാം വിവാഹത്തില്‍ ഭര്‍ത്താവ് പറയുന്നതെല്ലാം അനുസരിക്കുന്ന പാവ മാത്രമായിരുന്നു താന്‍ എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ഗലാട്ടയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.
ശാന്തി കൃഷ്ണയുടെ വാക്കുകള്‍:
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ വിവാഹിതയായി. 1984ല്‍ വിവാഹം കഴിഞ്ഞു. അതോടെ സിനിമയില്‍ നിന്നും വിട്ടു. അതിന് ശേഷം 1991ല്‍ മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചു വന്നു. അതിനിടയില്‍ വിവാഹമോചനം സംഭവിച്ചു. വീണ്ടും വിവാഹിതയായി. യുഎസിലേക്ക് പോയി. രണ്ട് കുട്ടികളായി. 23 വര്‍ഷങ്ങള്‍ കടന്നു പോയി. വീണ്ടും വിവാഹമോചനം സംഭവിച്ചു. അതിനിടയിലെല്ലാം സിനിമ ഒരു താങ്ങായി നിന്നു. പല സങ്കടങ്ങളില്‍ നിന്നും കൈ പിടിച്ചു കയറ്റി. യുഎസില്‍ ഉള്ളപ്പോള്‍ തന്നെ പല തവണ സിനിമയിലേക്ക് വിളിച്ചിരുന്നു. അപ്പോഴൊക്കെ ഒരു മുഴുവന്‍ സമയ വീട്ടമ്മ ആയിരിക്കുക എന്നതായിരുന്നു എന്റെ തീരുമാനം.
കുട്ടികളുടെ പരിപാലനം, പഠനം അങ്ങനെയുള്ള തിരക്കുകളില്‍ ആയിപ്പോയി. ഒരു അഭിനേത്രി ആയിരുന്ന കാര്യം പോലും മറന്നു പോയി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അധികം ആലോചന ഇല്ലാതെയായിരുന്നു 19-ാം വയസിലെ വിവാഹം. വിവാഹം കഴിക്കേണ്ട പ്രായം ആയിരുന്നില്ല അത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ കാല്‍പ്പനിക ചിന്തകള്‍ ഏറെയുള്ള പ്രായമാണ്. ആ പ്രായത്തില്‍ വിവാഹം വേണോ, എനിക്ക് യോജിക്കുന്ന ബന്ധമാണോ എന്നൊക്കെ എന്റെ വീട്ടുകാര്‍ ചോദിച്ചിട്ടുണ്ട്, നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എന്റെ വാശിയില്‍ ഞാന്‍ ഉറച്ചു നിന്നു. ചില ആളുകള്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വയം തിരുത്തും. ചിലര്‍ക്ക് സ്വന്തം അനുഭവം ഉണ്ടായെങ്കിലേ പഠിക്കൂ. ഞാന്‍ രണ്ടാമത് പറഞ്ഞ കൂട്ടത്തില്‍ പെട്ടതാണ്.
എന്റെ ഇരുപതുകള്‍ ഞാന്‍ അങ്ങനെ നഷ്ടപ്പെടുത്തി. മുപ്പതുകളില്‍ ഞാന്‍ വീണ്ടും വിവാഹിതയായി. അത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. പക്ഷേ, അതിലൂടെ എനിക്ക് രണ്ട് മക്കളെ കിട്ടിയെന്നത് ഭാഗ്യമായി കരുതുന്നു. ആ രീതിയില്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ ഇരുപതുകളും മുപ്പതുകളും നാല്‍പ്പതുകളും രണ്ട് വിവാഹങ്ങളിലൂടെ കടന്നു പോയി. ഒന്ന് 12 വര്‍ഷം നീണ്ട വിവാഹവും മറ്റൊന്ന് 18 വര്‍ഷം നീണ്ട വിവാഹവും. ജീവിതത്തിലെ വലിയൊരു കാലഘട്ടമാണ് ഈ വര്‍ഷങ്ങളിലൂടെ കടന്നു പോയത്. ഇത്രയൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ സന്തോഷമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇരിക്കുന്നത്.
സിനിമ വേണ്ടെന്ന് വച്ച് വീട്ടിലിരുന്ന കാലത്ത് സിനിമയെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല. പൂര്‍ണമായും വീട്ടമ്മയായി. എനിക്ക് വരുമാനം ഒന്നുമുണ്ടായിരുന്നില്ല. ജീവിതം മൊത്തത്തില്‍ വേറെയൊരു ട്രാക്കിലായിരുന്നു. സ്വന്തമായി വരുമാനം ഇല്ലാത്തതിനാല്‍ മറ്റൊരാളെ എപ്പോഴും ആശ്രയിക്കേണ്ടി വന്നു. എന്റെ വ്യക്തിത്വം തന്നെ നഷ്ടമായി. രണ്ടാം വിവാഹത്തില്‍ തുടക്കക്കാലം എല്ലാം ഓക്കെ ആയിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ വ്യക്തിത്വം നഷ്ടമായി. ഒരു പാവ പോലെയായി. അദ്ദേഹം പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു പാവ.
എനിക്ക് വേണ്ടി ചിന്തിക്കാന്‍ പോലും മറന്നു. അതൊരു മോശം കാലം ആയിരുന്നു. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞത്. ഇതാണോ സ്വാത്യന്ത്ര്യം? ഇതാണോ ജീവിതം? ഇങ്ങനെ സന്തോഷമായിരിക്കാന്‍ കഴിയുമോ എന്നൊക്കെ ഞാന്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു. അത്രയും ഫ്രീ ആയിരിക്കാന്‍ പറ്റുന്ന അവസ്ഥ അപ്പോഴാണ് ഞാന്‍ അനുഭവിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: