83-ാം വയസ്സില്‍ കാലിഫോര്‍ണിയയില്‍ വെച്ച് അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയിദ് ആബിദ് അലിയെപ്പറ്റി ജെ. നന്ദകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. 1967നും 1974നും ഇടയില്‍ ഇന്ത്യയ്ക്ക് വേണ്ടി 29 ടെസ്റ്റുകള്‍ കളിച്ച സൗമ്യനായ ആ മീഡിയം പേസറെ പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനറായ ജെ. നന്ദകുമാര്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ.
”ക്രിക്കറ്റ് എന്നാല്‍ അന്നും ഇന്നും ഗ്ലാമറിന്റെ പര്യായമാണ് … പട്ടോഡിയും, എം എല്‍ ജയസിംഹയും പിന്നീട് ഗാവസ്ക്കറും സച്ചിനും കോഹ്ലിയുമൊക്കെ ഒക്കെ അതിന്റെ ഉദാഹരണങ്ങളാണ്.. പക്ഷേ ആബിദ് അലി അങ്ങനൊരു ഫ്ളാംബോയന്റ് താരമായിരുന്നില്ല.. വെള്ളിവെളിച്ചത്തിന്റെ പകിട്ടില്‍ നിന്ന് ദൂരെ നില്ക്കാന് ഇഷ്ടപ്പെട്ട സാധാരണക്കാരന്.. അതായിരുന്നോ ക്രിക്കറ്റ് കേള്‍ക്കാനും വായിക്കാനും തുടങ്ങിയ ശൈശവത്തില്‍ തന്നെ അലിയെ ഇഷ്ടപ്പെടാന്‍ കാരണം? അറിയില്ല. ഭാരതത്തിന് വേണ്ടി ബോളിങ്ങും ബാറ്റിംഗും ഒരുപോലെ ഓപ്പണ്‍ ചെയ്യുക എന്ന ലക്ഷണ യുക്തനായ ഓള്‍റൗണ്ടര്‍ എന്ന ധാരണ കൊണ്ടാണോ? ഭാരതത്തിന്റെ ഒരേയൊരു ഫാസ്റ്റ് ബൗളര്‍ എന്ന തോന്നലോ (മീഡിയം പേസര്‍ ആണെന്ന് പിന്നെയാണ് മനസ്സിലായത്) സ്പോര്‍ട്സ് സ്റ്റാറും സ്പോര്‍ട്സ് വേള്‍ഡുമൊക്കെ ക്ലാസ്സില്‍ കൊണ്ടുവരുന്ന ക്രിക്കറ്റ് ജീനിയസ് ഫൈസല്‍ പറയുന്ന ക്രിക്കറ്റ് കഥകളിലെ വീരപരിവേഷമാണോ? പട്ടോഡിയേ ബൗണ്‍സര്‍ കൊണ്ട് പരിക്കേല്‍പ്പിച്ചതിന് ഓസ്ട്രേലിയന്‍ ക്യാപ്റ്റനെ എറിഞ്ഞു വീഴ്ത്തി പകരം വീട്ടിയ ആളാണ് ആബിദ് അലി എന്ന ഫൈസലിന്റെ ആഖ്യാനം കൊണ്ടോ? വ്യവച്ഛേദിക്കാന്‍ ആവുന്നില്ല. കാരണം എന്തായാലും ചെറുപ്രായത്തില്‍ തന്നെ ആ മനുഷ്യന് ഉള്ളില്‍ കടന്ന് ഇരുപ്പുറപ്പിച്ചു. ഒരു ക്യാച്ച് എടുത്താല്‍ ഗുസ്തിക്കാരെ പോലെ തുടയ്ക്കടിച്ച് മാനത്തേക്ക് മുഷ്ടിചുരുട്ടി ഇടിച്ചില്ല, വിജയ ഷോട്ട് അടിച്ചിട്ട് യുദ്ധം ജയിച്ച പടനായകനെ പോലെ അലറി വിളിച്ചില്ല, എതിര് ബാറ്റ്സ്മാനെ ഔട്ട് ആക്കിയിട്ട് അയാള്‍ക്ക് പവിലിയനിലേക്കുള്ള വഴി കാണിച്ചു കൊടുത്തപമാനിച്ചിട്ടുമില്ല.. കളിയിലെ അന്തസ്സ് ആഭിജാത്യം അതെന്നും പുലര്‍ത്തി..
ഹര്‍ഷ് ഭോഗ്ലെ പറഞ്ഞത് പോലെ ആബിദ് അലിയെ മനസ്സിലാക്കാന്‍ പത്തോ പന്ത്രണ്ടോ സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ടാല്‍ മതിയാകും. ഇംഗ്ലണ്ടിന്റെ നായകന് എല്ലാ അര്‍ത്ഥത്തിലും അതികായന് ആയിരുന്നു ടോണി ഗ്രേഗ് ആണ് അലിയുടെ ചടുലമായ ഏറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നത്. അമ്പയറുടെ ചൂണ്ടു വിരല്‍ മാനത്തേക്കുയരുന്നത് ഒന്ന് പാളി നോക്കിയ ശേഷം ശാന്തനായി അടുത്ത ബോള്‍ എറിയാന്‍ തന്റെ റണ്ണുപ്പ് തുടങ്ങേണ്ട ഇടത്തേക്കുള്ള ആ നടത്തത്തിലുണ്ട് സെയ്യിദ് ആബിദ് അലിയെന്ന ക്രിക്കറ്റിലെ സൂഫി”, ജെ നന്ദകുമാര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: