കൊല്ലം: കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്കോഡിന്റെയും അഞ്ചൽ പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ ബംഗ്ലാദേശി പൗരൻ പിടിയിൽ. ബംഗ്ലാദേശിലെ നെൽഫാമറി ജില്ലയിൽ 35 വയസ്സുള്ള നാസി റൂൾ ഇസ്ലാമാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
2023 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കൊല്ലം ജില്ലയുടെ പലസ്ഥലങ്ങളിലും ഹനീഫ് അലി എന്ന പേരിൽ ഇയാൾ ജോലി നോക്കുകയായിരുന്നു. അടുത്ത സമയത്തായി കൊട്ടിയം കേന്ദ്രീകരിച്ച് ബംഗ്ലാദേശ് സ്വദേശി പോലീസിന്റെ പിടിയിലായിരുന്നു. കശുവണ്ടി ഫാക്ടറികളിലും മറ്റുമാണ് ഇവർ കൂടുതലായും ജോലി ചെയ്തിരുന്നത്. പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും നിന്നും കൊട്ടിയത്ത് പിടിയിലായ ആളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശി സ്വദേശിയെ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ തീവ്രവാദ വിരുദ്ധ സ്കോഡും അഞ്ചൽ പോലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നാസി റൂൾ ഇസ്ലാമിനെ അഞ്ചൽ പൊലി ക്കോട് ആനാട് ഭാഗത്തുള്ള കശുവണ്ടി ഫാക്ടറിയിൽ നിന്നും പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി കശുവണ്ടി ഫാക്ടറിയിൽ ജോലി നോക്കി വന്നിരുന്ന ഇയാളുടെ പക്കൽ നിന്നും വ്യാജ ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു. ഒറിജിനൽ രേഖകളും കോവിഡ് സർട്ടിഫിക്കറ്റും ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തി. നിയമ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: