രഞ്ജി ട്രോഫി ദേശീയ ക്രിക്കറ്റില്‍ രണ്ടാം സ്ഥാനത്തു പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും അതുവരെ കേരളം നടത്തിയ പ്രകടനം ചരിത്രപരമായി അവശേഷിക്കുന്നു. സച്ചിന് ബേബി നയിച്ച ടീം, നാഗ്പൂരിലെ ഫൈനലില്‍ വിദര്‍ഭയ്ക്കു മുന്നില്‍ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയതിന്റെ പേരിലാണ് രണ്ടാം സ്ഥാനക്കാരായിപ്പോയത്. ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി 98 റണ്‍സെടുത്തു നില്‍ക്കെ പിഴച്ചുപോയ ഒരു ഷോട്ടില്‍ പുറത്തായതു കേരളത്തിനു കനത്ത ക്ഷീണമേല്‍പിച്ചു. സച്ചിന് പിടിച്ചു നിന്നിരുന്നെങ്കില്‍ ഒരുപക്ഷെ ഫലം മറ്റൊന്ന് ആകുമായിരുന്നു. രഞ്ജി ട്രോഫിയുടെ 74 വര്‍ഷത്തെ ചരിത്രത്തില്‍ കേരളത്തിന്റെ ആദ്യ ഫൈനലും അതുകൊണ്ടുതന്നെ ആദ്യ രണ്ടാം സ്ഥാനവുമാണിത്. പക്ഷേ, ഈ രണ്ടാം സ്ഥാനത്തിന്റെ പ്രാധാന്യം അവിടെ അവസാനിക്കുന്നില്ല. മത്സര പരമ്പരയില്‍ ഉടനീളം നടത്തിയ പോരാട്ടമികവും നിലവാരവും ശ്രദ്ധേയമായിരുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം ടീമായി പൊരുതി നില്‍ക്കാനും വിജയത്തിലേയ്ക്കു പിടിച്ചു കയറാനുമുള്ള പ്രാപ്്തി കേരളം കൈവരിച്ചിരിക്കുന്നു. അതുവഴി, ദേശീയ ക്രിക്കറ്റില്‍ ടീമെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്ന നിലയിലേയ്ക്ക് കേരളം ഉയര്‍ന്നിരിക്കുന്നു. മുന്നോട്ടുള്ള കുതിപ്പിനു വേണ്ട അടിത്തറ ഈ ടീം പാകിക്കഴിഞ്ഞു.
കായിക രംഗത്ത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയവയില്‍ മികവു കൈവരിക്കുമ്പോഴും കേരളത്തിനു വഴങ്ങതെ നില്ക്കുന്ന രണ്ട് ഇനങ്ങളാണ് ക്രിക്കറ്റും ഹോക്കിയും. ഹോക്കിയില്‍ പി.ആര്.ശ്രീജേഷിന്റെ വ്യക്തിപരമായ മികവ് ലോക നിലവാരത്തിലെത്തി നില്‍ക്കുമ്പോഴും ക്രിക്കറ്റില്‍ ടീമെന്ന നിലയില്‍ കേരളം ദേശീയ തലത്തില്‍പ്പോലും ഏറെ പിന്നിലാണ്.
പോയ കാലത്ത് പ്രഗത്ഭര്‍ പലരും കേരളത്തിന്റെ നിരയിലൂടെ തിളങ്ങി വന്നിട്ടുണ്ടെങ്കിലും ദേശീയ ടീമിലൂടെ ശ്രദ്ധേയരായവന്‍ ടിനു യോഹന്നാനും എസ്. ശ്രീശാന്തും സഞ്ജു സാംസണും മാത്രമായിരുന്നു. ബാലന് പണ്ഡിറ്റും രവിയച്ചനും കെ. ജയറാമും പി.ബാലചന്ദ്രനും അനന്തപത്മനാഭനും മറ്റും അവരവരുടെ കാലത്ത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഗത്ഭരായിരുന്നു.
കഴിഞ്ഞ 74 വര്‍ഷക്കാലയളവില്‍ 352 രഞ്ജി ട്രോഫി മത്സരങ്ങള്‍ കേരളം കളിച്ചു. പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി, മേല്‍ പറഞ്ഞവര്‍ക്കു പുറമെ സുനില്‍ ഒയാസിസും ശ്രീകുമാര്‍ നായരും ഫിറോസ് വി. റഷീദും റൈഫി വിന്‍സന്റ് ഗോമസും പ്രശാന്ത് പരമേശ്വരനുമടക്കം ഒട്ടേറെപ്പേര്‍ വന്നുപോയി. എന്നാല്‍, ടീമെന്ന നിലയില്‍ കേരളത്തെ അത്ര മികച്ചതായി ആരും കരുതിയിരുന്നില്ല. ആ കുറവാണ് ഈ സീസണിലൂടെ കേരളം മാറ്റിയെടുത്തത്.
കേരള ക്രിക്കറ്റ് ടീം എന്ന നിലയില്‍ 1957ലാണ് ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ നമ്മള് മത്സരിക്കാനിറങ്ങിയത്. സമ്പൂര്‍ണ തോല്‍വിയായിരുന്നു അരങ്ങേറ്റ സീസണില്‍. പരാജയങ്ങള്‍ പിന്നീടും തുടരുന്നതിനിടെ 1959-60 സീസണില്‍ ആന്ധ്രാപ്രദേശിനെതിരേ നാലാം വിക്കറ്റില്‍ ബാലന് പണ്ഡിറ്റും ജോര്‍ജ് ഏബ്രഹാമും ചേര്‍ന്ന് 410 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി കേരളത്തിന്റെ പേര് ദേശീയ തലത്തില്‍ അടയാളപ്പെടുത്തി. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. ബാലന് പണ്ഡിറ്റ് ആന്ധ്രാപ്രദേശിനെതിരേ പുറത്താകാതെ നേടിയ 262 റണ്‍സ് 2007-2008 സീസണ് വരെ രഞ്ജിയിലെ കേരളത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറായിരുന്നു.
ഈ നേട്ടത്തില്‍ മറുനാടന്‍ കളിക്കാരുടെ സംഭാവനയും ചെറുതല്ല. ഏഴു വര്‍ഷമായി ടീമില്‍ തുടരുന്ന മധ്യപ്രദേശ് താരം ജലജ് സക്സേന, സെമിയിലും ഫൈനലിലും നിര്‍ണായക പ്രകടനം പുറത്തെടുത്ത ആദിത്യ സര്‍വാതെ, മുന്‍ ഇന്ത്യന്‍ താരവും കേരളത്തിന്റെ പരിശീലകനുമായ അമയ് ഖുറെയ്സിയ എന്നിവര്‍ ചേര്‍ന്നു തുന്നിച്ചേര്‍ത്ത ചരിത്രം കൂടിയാണ് കേരളത്തിന്റേത്. മുമ്പും കേരളനിരയില്‍ ഇടംപിടിച്ച അന്യസംസ്ഥാന താരങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളായ സദഗോപന്‍ രമേശ്, റോബിന് ഉത്തപ്പ, ബി. രാംപ്രകാശ്, സുജിത്ത് സോമസുന്ദരം എന്നിവരൊക്കെ അതില്‍ ചിലരാണ്. അവര്‍ക്ക് സാധിക്കാത്തതാണ് ഈ മൂവരും ചേര്‍ന്ന് സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: