ന്യൂദല്‍ഹി: ലോകത്തെ പല കമ്പനികളെയും എന്തിന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിനെ വരെ വെള്ളംകുടിപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമയാണ് നെയ്റ്റ് ആന്‍ഡേഴ്സനെങ്കിലും ഇന്ത്യയിലെ മാധബി പുരി ബുച്ചിന് മുന്പില് അദ്ദേഹം മുട്ടുമടക്കി. എന്ന് മാത്രമല്ല, ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടി ഇരുട്ടില്‍ ഒളിച്ചിരിക്കുകയാണ് നെയ്റ്റ് ആന്ഡേഴ്സണ്.
ഇപ്പോഴിതാ ഈ പ്രധാന ദൗത്യം പൂര്‍ത്തിയാക്കി, അദാനിയെ ഇന്ത്യക്കാര്‍ക്ക് മുന്പില് കളങ്കപ്പെടുത്താന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ ഉപയോഗിച്ച് ജോര്‍ജ്ജ് സോറോസ് നടത്തിയ വലിയ ഗൂഢാലോചന പൊളിച്ചടുക്കിയ ശേഷം ഇതാ ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ മേധാവി സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരിക്കുകയാണ് മാധബി പുരി ബുച്ച്. സെബിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ഈ ആദ്യവനിത കൂടിയായ മാധബി പുരി ബുച്ച് കഴിഞ്ഞ ദിവസം പടിയിറങ്ങിയപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ ദഹിപ്പിക്കുക മാത്രമല്ല, തന്നെ വളഞ്ഞിട്ടാക്രമിച്ച കോണ്‍ഗ്രസിനെയും അഭിഭാഷകന് പ്രശാന്ത് ഭൂഷണയെും വരെ പ്രതിരോധത്തിലാക്കിയിരുന്നു. അദാനിയുടെ നിഷ്കളങ്കത ഒന്നുകൂടി ഭാരതത്തിന് മുന്പില് വെളിവാക്കിക്കൊടുക്കാനും മാധബി പുരി ബുച്ചിന് സാധിച്ചു.
അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഇവിടുത്തെ ജോര്‍ജ്ജ് സോറോസ് പണം പറ്റുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രശാന്ത് ഭൂഷണ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി അഭിഭാഷകരുടെയും തുടര്‍ച്ചയായ ആവശ്യം സഹിക്കവയ്യാതെയാണ് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് സെബി അധ്യക്ഷ മാധബി പുരി ബുച്ചാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയ്ക്കെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയത്. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച 32000 വാക്കുകളടങ്ങിയ റിപ്പോര്‍ട്ടില്‍ അദാനിയ്ക്കെതിരെ 88 ചോദ്യങ്ങളാണ് ഉയര്‍ത്തിയിരുന്നത്. ഇതില്‍ 99 ശതമാനത്തിലും കഴമ്പില്ലെന്നാണ് മാധബി പുരി ബുച്ച് അന്വഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് കാരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗിന് അതിശക്തമായ ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായി ഇത്തരമൊരു കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ നെയ്റ്റ് ആന്ഡേഴ്സണ് ഒന്ന് ഞെട്ടാതിരുന്നില്ല. മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നല്കിയ 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് നിസ്സാരമായ ഒന്നല്ല. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് അതില്‍. പ്രധാന ചോദ്യം ഇതാണ്. തെളിവുകളില്ലാതെ എങ്ങിനെയാണ് താങ്കള്‍ അദാനിയ്ക്കെതിരെ ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ചത്? ഇതിന് മറുപടി പറയാന്‍ ആന്ഡേഴ്സന് ഒരിയ്ക്കലും കഴിയില്ല. അതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് താഴിട്ട് പൂട്ടി ഇരുട്ടില്‍ ഓടിമറയാന്‍ ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചത്. ലോകത്തിലെ പ്രമുഖ കമ്പനികളായ നിക്കോള കോര്പറേഷന്, ലോർഡ്സ്റ്റൗൺ മോട്ടോഴ്സ് കോർപ്പറേഷൻ എന്നിവരെ വരെ കെട്ടുകെട്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് പക്ഷെ മാധബി പുരി ബുച്ചിന് മുന്നില്‍ അടപടലം തകര്‍ന്നു.
മാധബി പുരി ബുച്ചിന്റെ ഈ റിപ്പോര്‍ട്ടിനെ നൂറ് ശതമാനവും അംഗീകരിക്കുകയായിരുന്നു അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡ്. മാധബി പുരി ബുച്ച് നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയ്ക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് അന്ന് ചന്ദ്രചൂഡ് വിധിച്ചത്. അത്രയ്ക്ക് പഴുതില്ലാത്ത റിപ്പോര്‍ട്ടായിരുന്നു മാധബി പുരി ബുച്ച് തയ്യാറാക്കിയത്. ധനകാര്യമേഖലയിലും ഓഹരി വിപണിയിലും ആഴത്തില്‍ അറിവുള്ളതിനാലാണ് ഇത്രയും ശക്തമായ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മാധബി പുരി ബുച്ചിന് സാധിച്ചത്.
പക്ഷെ പല കോര്‍പറേറ്റുകളെയും വെള്ളം കുടിപ്പിച്ച നെയ്റ്റ് ആന്ഡേഴ്സണ് അടങ്ങിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. അദ്ദേഹം മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വഴി രണ്ടാമത് ഒരു റിപ്പോര്‍ട്ട് കൂടി പ്രസിദ്ധീകരിച്ചു. മാധബി പുരി ബുച്ചിനെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിനെയും അദാനിയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളായിരുന്നു ഈ രണ്ടാമത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍. മാധബി പുരി ബുച്ച് തനിക്കുള്ള വരുമാനങ്ങളില്‍ പലതും സെബി പദവിയില്‍ ഇരിക്കുമ്പോള്‍ വെളിപ്പെടുത്തിയില്ലെന്നും അതുകൊണ്ട് സെബി അധ്യക്ഷ എന്ന പദവിക്ക് നിരക്കാതെ പ്രവര്‍ത്തിച്ചു എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഏശിയില്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പദവിക്ക് നിരക്കാതെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് ആര്‍ക്കും തെളിവ് നല്കാന് തയ്യാറാണെന്നും ഉള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മാധബി പുരിബുച്ച്. മാത്രമല്ല ഈ രണ്ടാമത്തെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കൊടക് ബാങ്ക് സ്ഥാപനകന്‍ ഉദയ് കൊടകിനെതിരെയും ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.ഇതിനെതിരെ ഉദയ് കൊടകും രംഗത്ത് വന്നതോടെ നെയ്റ്റ് ആന്ഡേഴ്സണ് ചൂളി.
ഇതോടെ മാധബി പുരി ബുച്ചിനെ തളയ്ക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കുകയായിരുന്നു ജോര്‍ജ്ജ് സോറോസ്. കോണ്‍ഗ്രസ് വക്താവായ പവന് ഖേര പല വിധ ആരോപണങ്ങളാണ് മാധബി പുരി ബുച്ചിനെതിരെ വാരിയെറിഞ്ഞത്. മാധബി പുരി ബുച്ച് ഒന്നൊന്നായി .പവന് ഖേരയുടെ ആരോപണങ്ങളുടെ മനയൊടിച്ചു. പതിവിന് വിപരീതമായി മാധബി പുരി ബുച്ച് രാജിവെേയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെബിയിലെ ചില ജീവനക്കാരെയും കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് വരെ രംഗത്തിറക്കി. ഉയര്‍ന്ന വേതനം വാങ്ങുന്ന, ജീവിതത്തില്‍ ഒരിയ്ക്കലും സമരം ചെയ്യാത്ത, സെബി ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതായത് ഹിന്‍ഡന്‍ബര്‍ഗിനെതിരെ അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിപ്പിക്കുക എന്ന കരാറില്‍ മാധബി പുരി ബുച്ചിനെ എത്തിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. പക്ഷെ മാധബി പുരി ബുച്ച് വഴങ്ങിയില്ല.
ഹിന്‍ഡന്‍ബര്‍ഗ് കുടുങ്ങിയാല്‍ അദാനിയുടെ ഓഹരികള്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി പണമുണ്ടാക്കിയ ചില കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചില ബിസിനസുകാരും പെട്ടേയ്ക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനും ഒരു പ്രതിവിധി എന്ന നിലയിലാണ് മാധബി പുരി ബുച്ചിന്റെ വായടപ്പിക്കാന്‍ കോണ്‍ഗ്രസ് അവര്‍ക്കെതിരെ ചെളി വാരി എറിഞ്ഞത്. മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സെബിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരലോകനം ചെയ്യുന്ന പാര്‍ലമെന്റ് സമിതിയുടെ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ സമിതിക്ക് മുന്പില് മാധബി പുരി ബുച്ച് നേരിട്ട് ഹാജരാകണമെന്ന് വാശിപിടിച്ചത് അവരെ അപമാനിക്കാനായിരുന്നു. എന്നാല്‍ ശാരീരിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധബി പുരി ബുച്ച് അങ്ങിനെ ഹാജരാകുന്നതില്‍ നിന്നും ഒഴിവായി. എന്ന് മാത്രമല്ല, മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പിന്നില്‍ വേണുഗോപാലാണെന്ന ആരോപണം കോണ്‍ഗ്രസില്‍ ശക്തമായതോടെ വേണുഗോപാലും ഒരു മൂലയ്ക്കൊതുങ്ങുകയും ചെയ്തു.
എന്തായാലും കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തെയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെയും വെല്ലുവിളിച്ച് മാധബി പുരി ബുച്ച് പറഞ്ഞതെന്താണെന്നോ? പട്ടാളക്കാരുടെ കുടുംബത്തില്‍ നിന്നും വന്ന താന്‍ കുലുങ്ങില്ല എന്നാണ്. ചില്ലറക്കാരിയല്ല മാധബി പുരി ബുച്ച്. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും മാത്തമാറ്റിക്സില്‍ സ്പെഷ്യലൈസ് ചെയ്ത്കൊണ്ടുള്ള ബിരുദം. പിന്നെ ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ. ഐസിഐസിഐ ബാങ്കിന്റേതുള്‍പ്പെടെ ഒരു പിടി ധനകാര്യസ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്ന അനുഭവ പരിചയം. ഈ മാധബി പുരി ബുച്ചിനെതിരെ വ്യാജമായ കുറ്റാരോപണങ്ങള്‍ നടത്തി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഉടമ ആന്ഡേഴ്സന് തരം മാറിക്കളിക്കുകയായിരുന്നു. ഇപ്പോഴിതാ പത്തി മടക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്ഡേഴ്സന് തന്നെയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനി തന്നെ പൂട്ടിക്കെട്ടി ഒളിവില്‍ പോയിരിക്കുകയാണ് നെയ്റ്റ് ആന്ഡേഴ്സണ്. കമ്പനികള്‍ക്കെതിരെ ഫോറന്‍സിക് ധനകാര്യ റിപ്പോര്‍ട്ടുകള്‍ നല്കി ഹീറോ ആയ ആന്ഡേഴ്സണ് പല കമ്പനികളെയും വട്ടം ചുറ്റിച്ചും തകര്‍ത്തും കുറെ ലാഭം കൊയ്തു. പക്ഷെ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നത് പഴയ ചൊല്ലാണ്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി വരുന്നു എന്നത് മാത്രമല്ല, മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നല്കിയ 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് നിസ്സാരമായ ഒന്നല്ല. അതിന് മറുപടി പറയേണ്ടി വരും എന്ന ഭയം തന്നെയാണ് ആന്‍ഡേഴ്സനെ കണ്ടം വഴി ഓടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: