ഡോ.അജയ് എ.കെ.
(കാര്‍ഡിയോളജി സ്‌പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടര്‍, ഡോ. അജയ് രാഘവന്‍സ് ക്ലിനിക്ക്, കാവനൂര്‍, മലപ്പുറം)
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഫോര്‍ എപിലെപ്‌സി (ഐ.ബി.ഇ)യും ഇന്റര്‍നാഷണല്‍ ലീഗ് എഗെയ്ന്‍സ്റ്റ് എപിലെപ്‌സി (ഐ.എല്‍.എ.ഇ) യും സംയുക്തമായി ഓരോ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്‌ച്ച അന്താരാഷ്‌ട്ര അപസ്മാര ദിനമായി ആചരിച്ചു വരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയെന്നതാണ് ഈ ദിവസത്തിന്റെ പ്രാധാന്യം.
അപസ്മാരം അഥവാ എപ്പിലെപ്‌സി എന്നത് തലച്ചോറിലെ വൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നാഡീസംബന്ധമായ ഒരു രോഗമാണ്. ലോകമെമ്പാടുമുള്ള ഏകദേശം 50 ദശലക്ഷം(മില്യണ്‍) ആളുകള്‍ക്ക് അപസ്മാരം ഉള്ളതായി ലോകാരോഗ്യസംഘടനാ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം 5 മില്യണ്‍ ആളുകള്‍ക്ക് ആഗോളതലത്തില്‍ പുതുതായി അപസ്മാര രോഗം ഡയഗ്‌നോസ് ചെയ്യപ്പെടുന്നു. അപസ്മാരം ബാധിച്ചവരില്‍ അകാലമരണത്തിനുള്ള സാധ്യത രോഗമില്ലാത്ത ആളുകളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. കൃത്യവും സമയോചിതവുമായ രോഗനിര്‍ണയവും ആധുനിക വൈദ്യശാസ്ത്ര ചികിത്സയും ലഭിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കുവാനോ നിയന്ത്രിച്ച് നിര്‍ത്തുവാനോ സാധിക്കുന്ന രോഗമാണ് അപസ്മാരം.
തലച്ചോറിലെ നാഡീകോശങ്ങളായ ന്യൂറോണുകളുടെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിലുണ്ടാകുന്ന അസാധാരണ വ്യതിയാനങ്ങള്‍, അതായത് അമിത വൈദ്യുത പ്രവാഹമാണ് അപസ്മാരത്തിലേക്ക് നയിക്കുന്നത്. ഇത് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അപസ്മാരത്തെ രണ്ടായി തരം തിരിക്കാം. തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമായി ഉണ്ടാവുന്ന അപസ്മാരം (ഫോക്കല്‍), തലച്ചോറിന്റെ വശങ്ങളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള അപസ്മാരം (ജനറലൈസ്ഡ്). ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ തലചോറിലെ ഈ അസ്വാഭാവിക വൈദ്യുത പ്രവാഹങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍ കണ്ടെടുത്തി അവ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചാല്‍ അപസ്മാരത്തെ ഫലപ്രദമായി നേരിടാന്‍ സാധിക്കും. വീഡിയോ ഇ.ഇ.ജി. റെക്കോര്‍ഡിങ്ങ്‌സ്, എപ്പിലെപ്‌സി പ്രോട്ടോക്കോള്‍ എം.ആര്‍.ഐ, പെറ്റ് സ്‌കാന്‍, സ്റ്റീരിയോ ഇ.ഇ.ജി. എന്നീ വിവിധ രോഗനിര്‍ണയ ഉപാധികള്‍ വച്ചാണ് തലച്ചോറിലെ അപസ്മാരത്തിന്റെ പ്രഭവ കേന്ദ്രത്തെ കൃത്യമായി മനസ്സിലാക്കുന്നത്. അപസ്മാരം ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു സാംക്രമികേതര രോഗമാണ്. മറ്റു പല രോഗങ്ങളും അപസ്മാരത്തിലേക്ക് നയിച്ചേക്കാമെങ്കിലും ഏകദേശം 50% പേരില്‍ രോഗകാരണം ഇന്നും അജ്ഞാതമാണ്. തലച്ചോറിന്റെ ഘടനാപരമായ കാരണങ്ങള്‍, ജനിതക കാരണങ്ങള്‍(ജനറ്റിക്), അണുബാധകള്‍, ഉപാപചയം(മെറ്റബോളിക്), രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ എന്നിങ്ങനെ അപസ്മാരത്തിലേക്ക് നയിക്കുന്ന രോഗ കാരണങ്ങളെ തരം തിരിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുക, സോഡിയത്തിന്റെ അളവ് കുറയുക, പുകയില, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നത്, പനി കൃത്യമായി ചികിത്സിക്കാതിരിക്കല്‍ പനി മൂര്‍ച്ഛിക്കല്‍ എന്നീ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ഫിറ്റ്‌സ് സംജാതമാകാറുണ്ട്. ബ്രെയിന്‍ ട്യൂമര്‍, രക്തസ്രാവം (സ്‌ട്രോക്ക്), ട്രാഫിക്ക് ആക്‌സിഡണ്ടുകളിലും മറ്റുമായി തലച്ചോറിനേല്‍ക്കുന്ന ക്ഷതങ്ങള്‍ എന്നിവ പൊതുവെ കണ്ടുവരുന്ന മറ്റു കാരണങ്ങള്‍ ആണ്.
ദൃഷ്ടി മേലോട്ടുപോവുക, അസാധാരണ രീതിയില്‍ തുറിച്ചുനോക്കുക, മുഖഭാവത്തിലെ വ്യത്യാസം, തലയും കണ്ണും ഒരു വശത്തേക്ക് ചലിപ്പിക്കുക, കൈകാലുകള്‍ ക്രമത്തില്‍ വേഗത്തില്‍ മടങ്ങുക-നിവരുക, ശരീരം ഇളകുക, കാലുകള്‍ വിറയ്‌ക്കുക, അസാധാരണമായ ശബ്ദം, നാവ് കടിച്ചുമുറിക്കുക, ബോധക്ഷയം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലപ്പോള്‍ രോഗി അറിയാതെ മലമൂത്രവിസര്‍ജനം നടത്തും. ഈ ലക്ഷണങ്ങള്‍ സാധാരണ 2-3 മിനിറ്റ് നീണ്ടുനില്‍ക്കുകയും ശേഷം ചലനങ്ങള്‍ പതിയെ നിലച്ച് രോഗി ഉറങ്ങുകയും ചെയ്യുന്നു. അപസ്മാര ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ രോഗിയെ തുറസായ സ്ഥലത്തേക്ക് മാറ്റുക. യാതൊരു കാരണവശാലും പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കരുത്. ഫിറ്റ്‌സ് സംഭവിക്കുന്ന സമയം ഒരു കാരണവശാലും രോഗിക്ക് വെള്ളം കൊടുക്കുകയോ, വായിലേക്ക് മരുന്ന് ഇട്ടു കൊടുക്കുകയോ ചെയ്യരുത്. അപസ്മാരം വരുന്ന രോഗിയുടെ കൈയ്യില്‍ താക്കോല്‍ വച്ച് കൊടുക്കരുത്, അതിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല. അപസ്മാരം ആരംഭിച്ചുകഴിഞ്ഞാല്‍ പലപ്പോഴും അത് സാവധാനം നിയന്ത്രിക്കപ്പെടും. ഈ സമയം രോഗിയെ പരമാവധി സുരക്ഷിതമായി താങ്ങിപ്പിടിച്ചു കിടത്താന്‍ ശ്രമിക്കുക. കിടത്തുമ്പോള്‍ ഒരുവശത്തേക്ക് ചരിച്ചു കിടത്തുക, കാരണം നുര-പത വരാനും ഛര്‍ദ്ദിക്കാനുമുള്ള സാധ്യതയുണ്ട്. അവ ശ്വാസകോശത്തിലേക്ക് പോയേക്കാം. അപസ്മാര ലക്ഷണങ്ങള്‍ 5 മിനിറ്റില്‍ കൂടുതല്‍ നീണ്ടുനിന്നാലോ, രോഗിക്ക് ശ്വാസമോ ബോധമോ തിരിച്ച് വരാതിരുന്നാലും, ഒരു തവണ ഫിറ്റ്‌സ് വന്നശേഷം ഉടന്‍ വീണ്ടും ആവര്‍ത്തിച്ചാലും, പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും അടിയന്തര വൈദ്യസഹായം തേടുകയോ ഒരു ന്യൂറോളജിസ്റ്റിനെ കാണുകയോ ചെയ്യണം.
അപസ്മാരമുള്ളവരില്‍ ഇടയ്‌ക്കു മരുന്നുകള്‍ മുടങ്ങുന്നതോ, ഉറക്കമൊഴിക്കുന്നതോ, അമിത സ്‌ട്രെസ്, സമയത്തു ആഹാരം കഴിക്കാതിരിക്കല്‍ എന്നിവയാണ് ഇടയ്‌ക്കിടെ ഫിറ്റ്‌സ് വരാനുള്ള സാധാരണ കാരണങ്ങള്‍. മിന്നുന്ന ലൈറ്റുകളും, പുകവലി-ലഹരി-മദ്യപാനവും, മൊബൈല്‍ ലാപ്‌ടോപ്പ് എന്നിവയുടെ അമിത ഉപയോഗവും ഫിറ്റ്‌സിന് കാരണമായേക്കാം. അപസ്മാരമുള്ളവരില്‍ വിഷാദരോഗം, ആത്മഹത്യ പ്രവണത എന്നിവ കൂടുതല്‍ കണ്ടുവരുന്നു. ഇടയ്‌ക്കിടെ ഫിറ്റ്‌സ് വരുന്നവര്‍ ഡ്രൈവിങ്ങ്, ഉയരത്തിലുള്ള ജോലികള്‍, നീന്തല്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ഇവര്‍ ഒറ്റക്കുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അപസ്മാരമുള്ളവര്‍ മറ്റേതെങ്കിലും അസുഖത്തിന് ഡോക്ടറെ കാണുന്നുണ്ടെങ്കില്‍ അപസ്മാരത്തിന്റെ രോഗ വിവരങ്ങള്‍ ആ ഡോക്ടറെ അറിയിക്കേണ്ടതാണ്.
അപ്രതീക്ഷിതമായി, അപകടങ്ങളോ മറ്റോ ഇല്ലാതെയും മറ്റ് അറിയപ്പെടുന്ന കാരണങ്ങള്‍ ഒന്നുമില്ലാതെയും അപസ്മാരം ബാധിച്ച ആളുകളിലെ മരണത്തെ സഡണ്‍ അണ്‍എക്‌സ്‌പെട്ടഡ് ഡെത്ത് ഇന്‍ എപിലെപ്‌സി അഥവാ സഡപ്പ് എന്നു വിളിക്കുന്നു. കൃത്യമായി ചികിത്സ സ്വീകരിക്കാത്തതോ, തുടര്‍ച്ചയായുള്ള ഫിറ്റ്‌സ് വരുന്നതോ സഡപ്പ് സാധ്യത വര്‍ധിപ്പിക്കുന്നു. അപസ്മാരരോഗികളില്‍ പ്രതിവര്‍ഷം 1,000 മുതിര്‍ന്നവരില്‍ ഒരാള്‍ക്കും 4,500 കുട്ടികളില്‍ ഒരാള്‍ക്കും സഡപ്പ് സംഭവിക്കുന്നു എന്ന വിഷയം ഒരു പ്രധാന ആശങ്കയാണ്. മദ്യപാനം, ലഹരി ഉപയോഗം എന്നിവയുള്ള അപസ്മാര രോഗികളില്‍ മറ്റു രോഗികളെ അപേക്ഷിച്ചു സഡപ്പ് സാധ്യത ഇരട്ടിയാണ്. അപസ്മാരമുള്ള ഒരാള്‍ സഡപ്പ് ബാധിച്ച് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. അപസ്മാരം ഒരു വ്യക്തിയില്‍ ശ്വസനം താല്‍ക്കാലികമായി നിലക്കാന്‍ കാരണമായേക്കാം, അതിനെ അപ്‌നിയ എന്ന് വിളിക്കുന്നു. ഇവ നീണ്ടുനില്‍ക്കുകയാണെങ്കില്‍, അത് രക്തത്തിലെ ഓക്‌സിജന്‍ കുറയ്‌ക്കും. ശ്വാസനാളം തടസപ്പെടുക ചെയ്താല്‍ ശ്വാസതടസം ഉണ്ടാകാം. അപസ്മാരം അപകടകരമായ ഹൃദയമിടിപ്പിന് അല്ലെങ്കില്‍ വളരെ മന്ദഗതിയിലുള്ള ഹൃദയമിടിപ്പിന് കാരണമായേക്കാം (ഹൃദയ മിടിപ്പ് പ്രശ്‌നങ്ങള്‍-അറിത്മിയ). ഈ ശ്വസനപ്രശ്‌നങ്ങളുടെയോ ഹൃദയപ്രശ്‌നങ്ങളുടെയോ സംയോജനത്തില്‍ നിന്ന് സഡപ്പ് ഉണ്ടാകാം. അപസ്മാരം ബാധിച്ച 70% ആളുകള്‍ക്കും ശരിയായ രോഗനിര്‍ണയവും സമയോചിത ആധുനിക വൈദ്യശാസ്ത്ര ചികിത്സയും ലഭിച്ചാല്‍ അപസ്മാര ലക്ഷണങ്ങള്‍ ഇല്ലാതെ സാധാരണ ജീവിതം നയിക്കാനും സഡപ്പ് സാധ്യത കുറയ്‌ക്കാനും സാധിക്കുന്നതാണ്.
മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട രോഗമാണ് അപസ്മാരം. അതുകൊണ്ട് തന്നെ തെറ്റായ രോഗ സമീപനവും അപസ്മാരത്തെ സംബന്ധിച്ച് വ്യാപകമാണ്. അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും, കെട്ടുകഥകളുമാണ് ചികിത്സയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍. ചികിത്സയില്ലാത്ത മാറാരോഗമാണെന്നും, പൂര്‍വ്വജന്മ പാപമാണെന്നും, പ്രേതബാധ ആണെന്നുമുള്ള പല തെറ്റിദ്ധാരണകളും അപസ്മാരത്തെ കുറിച്ചു സമൂഹത്തില്‍ വ്യാപകമായി ഒരു കാലത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. പക്ഷെ അപസ്മാരം ചികിത്സിക്കാവുന്ന ഒരു സാധാരണ രോഗം മാത്രമാണ് എന്നു പിന്‍കാലത്ത് ലോകജനത തിരിച്ചറിഞ്ഞു. ആധുനിക വൈദ്യശാസ്ത്രവും മറ്റു ശാസ്ത്ര-വിവര-സാങ്കേതിക വിദ്യകളും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്‍ടലിജന്‍സ് കാലത്തും ഒളിഞ്ഞും തെളിഞ്ഞും രോഗം മാറാന്‍ വേണ്ടി മന്ത്രവാദികളുടെയും ഒറ്റമൂലിക്കാരുടെയും അടുത്ത് അഭയം തേടിപ്പോകുന്ന അഭ്യസ്ഥ വിദ്യര്‍ ഉള്ള നമ്മുടെ നാട്ടില്‍ അന്താരാഷ്‌ട്ര അപസ്മാര ദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: