സൗമ്യവും കുറിക്കു കൊള്ളുന്നതുമായ ഒരു സംവാദ ശൈലി കൊണ്ട് സ്വതന്ത്ര ചിന്തകര്‍ക്കിടയില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നയാളാണ് ആരിഫ് ഹുസൈന്. സാധാരണയായി തങ്ങളുടെ വാദങ്ങള്‍ സ്ഥാപിയ്ക്കാന്‍ വളരെ വൈകാരികവും രൂക്ഷവുമായി പ്രതികരിക്കുന്നവരാണ് പൊതുവേദികളില്‍ കാണാറുള്ള പല സംവാദകരും. എന്നാല്‍ ആരിഫിനെ ഏതവസരത്തിലും സൗമ്യനായിട്ടാണ് കാണാന്‍ കഴിയുക. കൃത്യമായ യുക്തിയുടേയും, റഫറന്‍സുകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ എല്ലാ വാദമുഖങ്ങളും മുന്നോട്ടു വയ്ക്കാറുള്ളത്. പൊള്ളയായ വാചക കസര്‍ത്തുകള്‍ ഇല്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. അതുകൊണ്ട് സംവാദങ്ങളില്‍ കോലാഹലങ്ങള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കാറില്ല. പകരം എതിരാളിയില്‍ നിന്ന് തൃപ്തികരമായ ഉത്തരം കിട്ടുന്നതുവരെ അദ്ദേഹം തന്റെ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കും. എതിരാളി ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് ആരിഫിന്റെ യുക്തി ബോദ്ധ്യപ്പെടും.
“കോയാ കോളിംഗ്” (#arifhussain #koyacalling) എന്ന വ്യത്യസ്ഥമായ പേരില്‍ അദ്ദേഹം നടത്തുന്ന യു ട്യൂബ് ചാനല്‍ ശ്രദ്ധിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഇസ്ലാമിക ആശയങ്ങളെ കുറിച്ചുള്ള സംവാദം ആണ് ചാനലിന്റെ വിഷയം. മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജിഹാദി തീവ്രവാദം, ലവ് ജിഹാദ്, വര്‍ഗ്ഗീയ രാഷ്ട്രീയ ഇടപെടലുകള്‍, പൊതുജീവിതത്തിലെ മതവല്‍ക്കരണം ഇതൊക്കെയാണ് ഇത്തരമൊരു പ്രമേയം തെരഞ്ഞെടുക്കാന്‍ ആരിഫിനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംവാദങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് അതറിയാം. ഒരിക്കല്‍ മതവിശ്വാസി ആയിരിക്കുകയും പിന്നീട് മാറി ചിന്തിച്ച് മതം വിടുകയും ചെയ്ത വ്യക്തിയാണ് ആരിഫ്. അതുകൊണ്ടു തന്നെ ഇന്ന് മലയാളി സമൂഹം ഉറക്കെ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകളെ ആധികാരികതയോടെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. പലപ്പോഴും ഒരല്‍പ്പം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആയിരിക്കും അതെന്നു മാത്രം.
തന്റെ വിമര്‍ശനങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയല്ല, മറിച്ച് ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന്റെ മറ പിടിച്ചു വരുന്ന ലവ് ജിഹാദ്, ശരിയത്ത്, ചേലാ കര്‍മ്മം, പര്‍ദ്ദ തുടങ്ങിയവയിലെ തിന്മകളും അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്ന് അദ്ദേഹം കരുതുന്നു. ആരിഫിന്റെ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒരു ഉദാഹരണമാണ് “ലവ്ജിഹാദ് എങ്ങനെ തടയാം…?” എന്ന തലക്കെട്ടോടെ പുറത്തുവന്ന ഈ എപ്പിസോഡ്. ‘കോന്‍ ബനേഗാ കരോഡ് പതി’ എന്ന പരിപാടിയെ അനുകരിച്ചു കൊണ്ട് “കോന്‍ ബനേഗാ കോയാപതി” എന്നൊരു തമാശയും അദ്ദേഹം ഇതില്‍ കാണിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിലൂടെ അനുവാചകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സഹിഷ്ണുതയും ജനാധിപത്യ ബോധവും സംവാദ സംസ്ക്കാരവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ഈ പരിപാടി. ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചിട്ടും മതം മാറാതെയും, പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടും, കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെ മതത്തിന്റെ സ്വാധീനം വേണ്ട എന്ന ഉറച്ച തീരുമാനത്തോടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാതെ ജീവിക്കുന്ന ഒരു ഹിന്ദു പെണ്‍കുട്ടിയുമായുള്ള സംവാദമാണ് ഈ എപ്പിസോഡില്‍.
NB: പ്രണയത്തില്‍ പെട്ട് അന്യമതസ്ഥനെ വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടികളില്‍ ആയിരങ്ങളില്‍ ഒന്നിന് മാത്രമേ ഇതുപോലെ ജിഹാദിസത്തിന് കീഴ്പ്പെടാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ എന്നകാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: