കൊല്‍ക്കൊത്ത: നടന് സെയ്ഫ് അലിഖാന്റെയും നടി സോഹാ അലിഖാന്റെയും അമ്മയായ ശര്‍മ്മിള ടാഗോറിന് എണ്‍പത് വയസ്സ്. പക്ഷെ കണ്ടാല്‍ 60ന്റെ പ്രസരിപ്പുമായി നീങ്ങുന്ന നടിയുടെ ഈ ചെറുപ്പത്തിന് കാരണം മറ്റൊന്നുമല്ല. ജാഗ്രത്തായ മനസ്സ് തന്നെ…സജീവമായി പലതിലും മുഴുകി ജീവിക്കുന്ന മനസ്സുണ്ടെങ്കില്‍ പ്രായത്തെ തോല്പിക്കാമെന്ന് ശര്‍മ്മിള ടാഗോര്‍ പറയുന്നു.
ഡിസംബര്‍ 20ന് ശര്‍മ്മിള ടാഗോറിന്റെ ഏറ്റവും പുതിയ സിനിമയായ ഔട്ട് ഹൗസ് റിലീസിന് ഒരുങ്ങുകയാണ്. ജാഗ്രതയുള്ള മനസ്സുണ്ടെങ്കില്‍ അനേകം സാധ്യതകളിലേക്ക് അത് ജീവിതത്തെ തുറന്നുവിടുമെന്ന് ശര്‍മ്മിള ടാഗോര്‍ പറയുന്നു. പദപ്രശ്നം പൂരിപ്പിക്കല്‍, ബ്രെയിന്‍ ടീസറുകള്‍, പൂന്തോട്ടനിര്‍മ്മാണം, കൂട്ടുകാരുമായി കണ്ടുമുട്ടല്‍…ഇതെല്ലാം ശര്‍മ്മിള ടാഗോറിന്റെ നേരമ്പോക്കുകളാണ്. അതെ, എപ്പോഴും സജീവമായി മുന്നോട്ടൊഴുകുന്ന മനസ്സ്.
ബംഗാളിന്റെ നവോത്ഥാനത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച ടാഗോര്‍ കുടുംബത്തില്‍ ജനിച്ചു. 14ാം വയസ്സില്‍ അഭിനയജീവിതത്തിലേക്ക് കടന്നു. സത്യജിത് റേയുടെ സിനിമകളായ ദേവി, നായക്, ആരണ്യേര്‍ ദിന്‍രാത്രി, സീമാബദ്ധ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതോടെ ബംഗാളിലെ മുന്‍നിര നടിമാരില്‍ ഒരാളായി. ആരാധന, മൗസം തുടങ്ങിയ ഹിന്ദിസിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നാഷണല്‍ അവാര്‍ഡും ലഭിച്ചു. നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിന്ദി സിനിമകളില്‍ നായികയായി. മീരാ നായരുടെ മിസിസിപ്പി മസാല, ഗൗതം ഘോഷിന്റെ അബര് ആരണ്യേ എന്നീ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധേയയായി. പിന്നീട് ക്രിക്കറ്റ് താരം പട്ടൗഡിയെ വിവാഹം കഴിച്ചു. നവാബ് കുടുംബത്തില്‍പ്പെട്ട വ്യക്തിയാണ് പട്ടൗഡി. അഭിനയരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: