ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം കിട്ടിയ സംഭവമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ഇത്രയധികം വാഹനങ്ങളുടെ അകമ്പടിയോടെ, ഏറെ പണം ചെലവ് ചെയ്ത് നടത്തിയ ഈ പരിപാടിക്ക് പിന്നില്‍ വിദേശ ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.
മഹാരാഷ്‌ട്രയില്‍ മാത്രം ഭാരത് ജോഡോ യാത്രയുമായി കൈകോര്‍ത്ത എന്‍ജിഒകള്‍ 160 മുതല്‍ 180 എണ്ണം വരെ വരും. ഈ എന്‍ജിഒകളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. ഇന്ത്യയിലെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും തുടച്ചുനീക്കാന്‍ എന്ന പേരില്‍ അവതരിച്ച ഈ എന്‍ജിഒകള്‍ എല്ലാം ആത്യന്തികമായി ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും വിദേശശക്തികളുടെ നിഗൂഢ അജണ്ടകള്‍ നടപ്പാക്കാനും വേണ്ടി നിലകൊള്ളുന്നവയാണെന്ന് പറയപ്പെടുന്നു.
എന്തായാലും ഭാരത് ജോഡോ യാത്രയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മഹാരാഷ്‌ട്രയിലെ 180ഓളം വരുന്ന എന്‍ജിഒകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ദേവേന്ദ്ര ഫഡ് നാവിസിന്റെ നീക്കം. പൊതുവേ, ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധി നടപ്പാക്കുന്ന രഹസ്യ അജണ്ടകള്‍ക്ക് നേരെ ആഞ്ഞടിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരു പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം പോലെ നടന്ന രാഷ്‌ട്രീയ ഷോ ആയിരുന്നു. മഴ നനഞ്ഞും രാത്രിയില്‍ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ, ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനിര്‍ഭരനായിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഫോട്ടോ, ക്രിസ്തീയ പുരോഹിതനുമായി ദൈവത്തെക്കുറിച്ച് സംവാദം നടത്തുന്ന രാഹുല്‍ ഗാന്ധി തുടങ്ങി ഒട്ടേറെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെ രാഹുല്‍ ഗാന്ധിയെ സങ്കല്‍പിക്കാവുന്നതിനും അപ്പുറമുള്ള വലിയൊരു നേതാവായി ചിത്രീകരിക്കുകയായിരുന്നു എന്‍ജിഒകളുടെ ലക്ഷ്യമെന്ന വിമര്‍ശനം നേരത്തെയും ഉണ്ടായിരുന്നു. കുറച്ചുകാലമായി രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ എന്‍ജിഒകളുടെ അജണ്ട അനുസരിച്ചാണെന്നും ആരോപണമുണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരുമായി സംവദിക്കുകയും സമയം ചെലവിടുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധി, ഭരണഘടനാപുസ്തകം ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, കര്‍ഷകര്‍ക്കൊപ്പം പാടത്ത് മുട്ടിനൊപ്പം ചെളിയില്‍ കതിര്‍ കൊയ്യുന്ന രാഹുല്‍ ഗാന്ധി എന്നിങ്ങനെ ഒട്ടേറെ പ്രതിബിംബങ്ങള്‍ ഫോട്ടോ ഷൂട്ടിലൂടെ സൃഷ്ടിച്ചെടുക്കാന്‍ എന്‍ജിഒകള്‍ ശ്രമിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യം തന്നെയാണ്.
ദുര്‍ബല രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റ് ഏജന്‍സികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി വക്താവ് കൂടിയായ സംബിത് പത്ര ആരോപിച്ചിരുന്നു. ഇതാദ്യമായാണ് ബിജെപി രാഹുല്‍ ഗാന്ധിയും ഡീപ് സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരസ്യവിമര്‍ശനം നടത്തുന്നത്. എന്തായാലും രഹസ്യ അജണ്ടകളോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഫണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് മൂക്കുകയറിടാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: