തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായും അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഹൈക്കോടതി സംസ്ഥാന സർക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ദുരന്ത പ്രതിരോധവും ദുരന്ത നിവാരണവും സമ്പൂര്‍ണ്ണമായി അവതാളത്തിലാക്കിയതിന് ഉത്തരവാദി പിണറായി വിജയന് സര്‍ക്കാരാണ് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി സമ്പൂര്‍ണ്ണ പരാജയമാണെന്നും കോടതി കണ്ടെത്തിയിരിക്കുന്നു.
വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാന സര്‍ക്കാരാണ്. ഹൈക്കോടതിയും അത് അടിവരയിട്ട് അവര്‍ത്തിച്ചിട്ടുണ്ട്. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയില്‍ വന്ന പണത്തിന് കണക്ക് ഉണ്ടോ കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നുണ്ടോ തുടങ്ങി പ്രസക്തമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് എത്ര പണം വന്നു, എത്ര രൂപ പിരിച്ചു, സാലറി ചലഞ്ചിലുടെ എത്ര പണം വന്നു, സന്നദ്ധ സംഘടനകളും മറ്റ് വ്യക്തികളും നല്കിയ സഹായങ്ങള്‍ എന്തൊക്കെയാണ് ഒന്നും ഇതു വരെ സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന് ആരോപിച്ചു.
ഇതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധി കൊള്ള ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായിട്ടുള്ള നിവേദനം കേന്ദ്രത്തിന് കൊടുക്കുന്നതില്‍ വലിയ വീഴ്ച വരുത്തി. ദുരന്തത്തെത്തുടര്‍ന്ന് ശാസ്ത്രീയമായി നടത്തേണ്ട സര്‍വേ സര്‍ക്കാര്‍ വൈകിപ്പിച്ചു. വയനാട് പ്രശ്നത്തില്‍ വസ്തുത മനസ്സിലാക്കാതെയാണ് സിപിഎമ്മിനോടൊപ്പം കോണ്‍ഗ്രസും ചേര്‍ന്ന് നില്‍ക്കുന്നത്. വയനാട് ദുരന്തത്തെക്കാള്‍ വലിയ ദുരന്തമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
വയനാട്ടില്‍ ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു. കേന്ദ്രം നല്കിയ തുക എന്ത് ചെയ്തു. ദുരിതാശ്വാസ നിധിയില്‍ വന്ന പണം എന്ത്കൊണ്ട് ചിലവഴിക്കുന്നില്ല. എന്ത്കൊണ്ട് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് സര്‍വേ വൈകി. സര്‍വേ റിപ്പോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. നാല് മന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയല്ലോ. എന്താണ് മന്ത്രി സഭാ ഉപസമിതി ഇത്രയും കാലം ചെയ്തത്. മന്ത്രിസഭാ ഉപസമിതി വെറും നോക്കുകുത്തിയായി മാറിയെന്ന് സുരേന്ദ്രന് ആരോപിച്ചു.
കേരള സര്‍ക്കാര്‍ വേണ്ട ഗ്രഹപാഠം ചെയ്യാതെ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താതെ വെറും രാഷ്ട്രീയം മാത്രം ഉദ്ദേശിച്ച് നടത്തിയ പ്രചാരവേലയുടെ ദുരിതം അനുഭവിക്കേണ്ടി വന്നത് വയനാട്ടിലെ ജനങ്ങളാണ്. വയനാട് പുരധിവാസത്തിന് പണം അനുവദിക്കുല്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. പണം അനുവദിക്കുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് സര്‍വേ നടത്തി വ്യക്തമായ കണക്ക് സമര്‍പ്പിക്കണം. നവംബര്‍ 13ന് സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആവശ്യമായ സഹായം ലഭിക്കും.
തമിഴ്നാട്ടില്‍ സംസ്ഥാന വ്യാപകമായി ഉണ്ടായ ചുഴലിക്കാറ്റാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും ആകെയുണ്ടായ നഷ്ടത്തിന്റെ ഒരു ശതമാനം മുന്‍കൂറായി നല്‍കുക പതിവാണ്. സ്റ്റാലിന് ബിജെപിയുടെ സഖ്യ കക്ഷിയൊന്നുമല്ലല്ലോ. ദുരന്ത പ്രതിരോധത്തിനും ദുരിതാശ്വാസ നടപടികള്‍ക്കും ചെലവഴിക്കാനാവശ്യമായ പണം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. 1200 വിടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞവരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടോ, 20 കോടി ഡിവൈഎഫ്ഐ പിരിച്ചുവെന്ന് പറഞ്ഞല്ലോ എവിടെ ആ കാശ്, ദുരന്ത നിവാരണത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പിണറായി വിജയനോ ഗോവിന്ദനോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഡിവൈഎഫ്ഐ നടത്തുന്ന സമരം ഇരട്ടത്താപ്പാണ്. ബംഗ്ളാദേശിലെ ഹിന്ദു വേട്ടയെ നമ്മളും പേടിക്കണം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും പൂട്ടിയാല്‍ അത്രയും നല്ലതാണ് എന്ന് കരുതുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ കൈകടത്തുന്ന സംസ്ഥാന സര്‍ക്കാരിന് മറ്റു മതങ്ങളുടെ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ ഒരു താല്‍പ്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കുന്നു. ആറാട്ട് ഘോഷയാത്ര നടക്കുമോ എന്നറിയില്ല. വോട്ട് ബാങ്ക് താല്‍പ്പര്യത്തിന് വേണ്ടി ഭൂരിപക്ഷസമുദായത്തെ ആക്ഷേപിക്കുന്ന പതിവ് പരിപാടിയാണ് കേരളത്തില്‍ നടക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: