കൊച്ചി: പാലക്കാട് മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരു കൗൺസിലറെയെങ്കിലും കൂടുതലായി ജയിപ്പിക്കാൻ യുഡിഎഫിന് സാധിക്കുമോയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇത് വെല്ലുവിളിയായി ഏറ്റെടുക്കാൻ ബിജെപി തയാറാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അടുത്ത പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും തൃശ്ശൂരും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ തങ്ങൾ ഭരിക്കുമെന്നും അവർ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. പാർട്ടിയുടെ സംസ്ഥാന ഘടകം എന്ത് ജോലി ഏർപ്പിച്ചിട്ടുണ്ടെങ്കിലും ആ ജോലി നാളിതുവരെ കൃത്യമായി ചെയ്തുതീർത്തിട്ടുണ്ട്. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന ഘടവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയിൽ ചെയ്തുതീർത്തുവെന്ന ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് താൻ.
ശോഭ സുരേന്ദ്രൻ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് തന്നെ വ്യക്തമാക്കി. എന്നിട്ടും ഈ വാർത്തകൾ തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സാധാരണ പാർട്ടി പ്രവർത്തകരുടെ വിജയമാണ് തന്റെ ലക്ഷ്യം. കുത്തിത്തിരിപ്പ് ചോദ്യങ്ങൾ വേണ്ടെന്നും ശോഭ പറഞ്ഞു.
വി.ഡി സതീശന്റെ ഒരു വെല്ലുവിളി ബിജെപി അതിശക്തമായി ഏറ്റെടുക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ പന്തയം വെയ്ക്കാം. ഒരൊറ്റ സീറ്റ്, ഒരു മുനിസിപ്പൽ കൗൺസിലറെ യുഡിഎഫിന് അധികമുണ്ടാക്കാൻ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാൻ ബിജെപി തയ്യാറാണെന്നും ശോഭ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: